പരാതി പ്രളയത്തില്‍ ജനസമ്പര്‍ക്കം

Posted on: November 5, 2013 7:56 am | Last updated: November 5, 2013 at 7:56 am

മലപ്പുറം: വിശ്രമിക്കാന്‍ പോലും സമയമില്ലാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയപ്പോള്‍ ആയിരങ്ങള്‍ പരാതികളുമായി കാത്തിരുന്നു.

ജനങ്ങളില്‍ നിന്ന് രാവിലെ ഏഴ് മണി മുതല്‍ പരാതി സ്വീകരിക്കാന്‍ ആരംഭിച്ചിരുന്നു. ഇതിനിടെ ഭക്ഷണം കഴിക്കാനും ഒന്നിരിക്കാന്‍ പോലും മുഖ്യമന്ത്രി മറന്നു. ഇടക്ക് വെള്ളം മാത്രം കുടിച്ചാണ് അദ്ദേഹം പരാതികള്‍ സ്വീകരിച്ചത്.
അവശരായി കഴിയുന്നവരെയും അംഗ വൈകല്യമുള്ളവരെയുമെല്ലാം ആംബുലന്‍സിലും അവരുടെ ഇരിപ്പിടത്തിലും ചെന്ന് മുഖ്യമന്ത്രി പരാതികള്‍ കേട്ടു. ശരീരം തളര്‍ന്നവരും അപകടം സംഭവിച്ചവരും ബുദ്ധി വൈകല്യമുള്ളവരുമെല്ലാം ആംബുലന്‍സിലും വീല്‍ ചെയറുകളിലുമായി മുഖ്യമന്ത്രിയെ കാണാന്‍ മണിക്കൂറുകളോളം കാത്തിരുന്നു. 17,215 പരാതികളാണ് അദ്ദേഹത്തിന് മുന്നില്‍ ഒരു ദിവസമെത്തിയത്. ഇതില്‍ 4,217 പരാതികള്‍ ഇതിനോടകം ജില്ലാതലത്തില്‍ പരിഹരിച്ചു. 7,112 പരാതികളാണ് മുഖ്യമന്ത്രി നേരിട്ട് സ്വീകരിച്ചത്. തുടര്‍ നടപടികള്‍ ആവശ്യമുള്ളത് 3,345 പരാതികളാണ്. മാനദണ്ഡപ്രകാരമല്ലാതെയുള്‍പ്പെടെ ലഭിച്ച 2609 പരാതികള്‍ നിരസിച്ചു. വിവിധ അപേക്ഷകളിന്‍മേല്‍ 4.66 കോടി രൂപ വിതരണം ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 82.9 ലക്ഷമാണ് അനുവദിച്ചത്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി 3.35 ലക്ഷം വിതരണം ചെയ്തു. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് വിവിധ ധനസഹായവും അനുവദിച്ചു. 2467 ബി പി എല്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.
അര്‍ഹതയുണ്ടായിട്ടും സാങ്കേതിക കാരണങ്ങളാല്‍ ദാരിദ്ര്യരേഖക്ക് മുകളിലായി കണക്കാക്കിയിരുന്ന ജില്ലയിലെ 2467 കുടുംബങ്ങള്‍ക്കാണ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ ആനുകൂല്യം ലഭിച്ചത്. ബി പി എല്‍ കാര്‍ഡിനും സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്നുള്ള മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി മൊത്തം 3879 അപേക്ഷകളാണ് ലഭിച്ചത്. ബി പി എല്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ പൂര്‍ണമായി തീര്‍പ്പാക്കുകയും മറ്റ് ആനുകൂല്യങ്ങള്‍ക്കുള്ള 107 അപേക്ഷകളില്‍ തുടര്‍നടപടികള്‍ക്കായി നിര്‍ദേശിക്കുകയും ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസര്‍ കെ എം ജയിംസ് അറിയിച്ചു. പുതിയ 2467 ബി പി എല്‍ കാര്‍ഡുകള്‍ അനുവദിച്ചതോടെ ജില്ലയില്‍ 62 മെട്രിക് ടണ്‍ അരിയും 23 മെട്രിക് ടണ്‍ ഗോതമ്പും പത്ത് മെട്രിക് ടണ്‍ പഞ്ചസാരയും അധികമായി വേണ്ടി വരും. ഈ വിഹിതം മുഖ്യമന്ത്രി നേരത്തെ അനുവദിച്ചിട്ടുണ്ട്. ആറ് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, 24 റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍, ജനസമ്പര്‍ക്ക പരിപാടിയുടെ നോഡല്‍ ഓഫീസര്‍ എന്നിവരടക്കം 63 ഉദേ്യാഗസ്ഥരാണ് റേഷന്‍ കാര്‍ഡ് വിതരണത്തിനായി കര്‍മ നിരതരായത്. ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷിച്ചതിന്റെ രശീത്, ഇരുപത് രൂപ, കാര്‍ഡംഗത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഹാജരാക്കിയാണ് ഗുണഭോക്താക്കള്‍ ബി പി എല്‍. കാര്‍ഡുകള്‍ സ്വന്തമാക്കിയത്.