സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പണം നല്‍കി കൊള്ളപ്പലിശ ഈടാക്കുന്നതായി ആക്ഷേപം

Posted on: November 5, 2013 12:02 am | Last updated: November 5, 2013 at 12:02 am

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരിയിലും പരിസരപ്രദേശങ്ങളിലും ബ്ലേഡ് മാഫിയകള്‍ വിലസുന്നു. നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും വ്യക്തികളും അന്യസംസ്ഥാന ലോബിയും ചെര്‍പ്പുളശ്ശേരിയിലും സമീപപ്രദേശങ്ങളിലും പാവപ്പെട്ടവന് പണം നല്‍കി കൊള്ളപലിശ ഈടാക്കുന്നതായി ആക്ഷേപം. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച ചടങ്ങളൊന്നും പാലിക്കാതെയാണ് എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. പേരിനു കൂടെ ബേങ്കേഴ്‌സ് എന്നെഴുതിയാല്‍ സ്വീകാര്യമാണെന്നും നിയമങ്ങളെല്ലാം പാലിക്കുന്നവരാണെന്നുമുള്ള ജനങ്ങളുടെ തെറ്റിദ്ധാരണ മുതലെടുത്താണ് ഇത്തരം സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്.
പത്തു ദിവസത്തേക്ക് 1000 രൂപക്ക് 100 രുപയാണ് പലിശ അഥവാ പത്തുശതമാനം. ആയിരം രൂപ കടം വാങ്ങുന്നവന് പലിശപിടിച്ച് 900 രൂപ നല്‍കും. പത്ത് ദിവസം കൊണ്ട് ആയിരം രൂപ അടച്ചു വീട്ടണം. പത്ത് ദിവസത്തേക്കാള്‍ നീണ്ടാല്‍ അതിന് അധിക പലിശ വേറെ നല്‍കണം. ഇതാണ് പലിശ ഇടപാടില്‍ സ്വീകരിക്കുന്ന പൊതുരീതി. ആഴത്തിലുള്ള അന്വേഷണത്തില്‍ ഇത് പുറമെ പറയുന്ന സുന്ദര വാക്കാണ് ഇരയുടെ കയ്യില്‍ നിന്നും മുദ്രപേപ്പറും സംഖ്യ എഴുതാത്ത ചെക്ക് ലീഫുകളും കൈയില്‍പെടുന്നതു വരെ മാത്രമേ ഈ സുന്ദര’മുഖം കാണുകയുള്ളൂ. ഇരയുടെ ചെക്ക് ലീഫും സ്റ്റാമ്പ് പേപ്പറും കയ്യിലാവുന്നതോടെ പലിശയും തുകയും കണക്കാക്കുന്ന രീതിയും മാറിത്തുടങ്ങും. നെല്ലായ പഞ്ചായത്തില്‍ കച്ചവടം നടത്തുന്ന ആലിപ്പറമ്പ് സ്വദേശിയില്‍ നിന്ന് കടമിനത്തില്‍ 20 ലക്ഷവും പലിശയിനത്തില്‍ 36 ലക്ഷവും കൈക്കലാക്കിയിട്ടും ഇനിയും 25 ലക്ഷം തരാനുണ്ടെന്ന് പറഞ്ഞ് വക്കീല്‍ നോട്ടീസയക്കുകയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം കഴിഞ്ഞ ദിവസങ്ങളില്‍ ചെര്‍പ്പുളശ്ശേരിയില്‍ ഉണ്ടായി.
മൂന്ന് വര്‍ഷത്തിനിടയിലെ തന്റെ സമ്പാദ്യങ്ങളെല്ലാം ബ്ലേഡ് മാഫിയകള്‍ക്ക് നല്‍കിയും അവര്‍ പറയുന്ന പേപ്പറുകളിലെല്ലാം പലസമയങ്ങളിലായി ഒപ്പിട്ടു നല്‍കിയും പലിശയിനത്തില്‍ മാത്രം 36 ലക്ഷം രൂപ കൈപ്പറ്റിയിട്ടും കൈവശപ്പെടുത്തിയ ചെക്ക് ലീഫുകള്‍ വെച്ച് തൃശൂരിലെ കോടതിയില്‍ കേസ് നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്ന് പറയപ്പെടുന്നു. സ്ഥാപന മേധാവി കൈവശപ്പെടുത്തിയ ചെക്കുകള്‍ തന്റെ സുഹൃത്തുകളുടെ പേരിലാണ് കേസ് കൊടുക്കാന്‍ ഉപയോഗിക്കുന്നത്. ധനകാര്യ സ്ഥാപനത്തിന്റെ പേരിലായാല്‍ അത് തന്റെ സ്ഥാപനത്തിലെ കൊള്ളപലിശ പുറം ലോകമറിയുമെന്നതുകൊണ്ട് തന്റെ സ്വന്തക്കാരെ കൊണ്ട് കാശ് കടം വാങ്ങി വണ്ടി ചെക്ക് തന്നു കബളിപ്പിച്ചു എന്ന പേരില്‍ കേസ് ഫയല്‍ ചെയ്യുകയാണിവരുടെ രീതി. തൃക്കടീരിയിലെ ഒരു വ്യക്തി വാങ്ങിയ തുകയുടെ നാലിരട്ടി തിരിച്ചടച്ചിട്ടും അയാള്‍ മരണപ്പെട്ടപ്പോള്‍ അയാളുടെ മകനെതിരെ ഇയാള്‍ കേസ് ഫയല്‍ ചെയ്തതായി ആക്ഷേപമുണ്ട്. ചെറുകിട ബസുടമകളാണ് ഇവരുടെ കെണിയില്‍പ്പെട്ടതിലധികവും വല്ലപ്പുഴയിലുള്ള ഒരു സ്ത്രീയുടെ സ്വത്ത് ഇത്തരം കുതന്ത്രങ്ങളിലൂടെ സ്വന്ത പേരിലെഴുതി വാങ്ങിയതായും ആക്ഷേപമുണ്ട്.
രാവിലെ പണം നല്‍കി പലിശയടക്കം വൈകുന്നേരത്ത് തിരിച്ച് വാങ്ങുന്ന ചില മാന്യന്‍മാരും ചെര്‍പ്പുളശ്ശേരിയില്‍ വിലസുന്നു. രാവിലെ എട്ടു മണിക്ക് പണം നല്‍കി രാത്രി എട്ടിന് തിരിച്ചടച്ചാല്‍ പലിശ അഞ്ച് ശതമാനമായി കുറയും. ദിവസവും രാത്രി ഇവര്‍ പിരിവിനിറങ്ങും. തമിഴ്‌നാട് ലോബി പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഏഴ് മണിവരെയാണ് ഇടപാട് സമയം.
നൂറുകണക്കിന് വട്ടിപ്പലിശക്കാര്‍ നാട് വിലസുമ്പോഴും ഇവരെ നിയന്ത്രിക്കാനോ നടപടി സ്വീകരിക്കാനോ ആരും തയാറാവുന്നില്ല. ഏതാനും ദിവസം മുമ്പ് ഒരു ധനകാര്യ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ നിരവധി മുദ്രപത്രങ്ങളും സംഖ്യ എഴുതാത്ത ചെക്ക് ലീഫുകളും കണ്ടെടുത്തിരുന്നു. ഈ സ്ഥാപനത്തില്‍ ഇതിനു മുമ്പും പോലീസ് റെയ്ഡ് നടന്നിരുന്നു.
എന്നാല്‍, റെയ്ഡ് നടത്തി പോകുന്ന ആവേശം പിന്നീട് പോലീസുകാരുടെ പ്രവൃത്തിയില്‍ കാണാറില്ലെന്നാണ് ഇരകളുടെ അഭിപ്രായം അവരുമായി രമ്യതയിലെത്താനും പരമാവധി അഡ്ജസ്റ്റ് ചെയ്യാനുമാണത്രെ ബന്ധപ്പെട്ടവര്‍ നിര്‍ദേശിക്കാറുള്ളത്.