ചൊവ്വാ ദൗത്യത്തിന് തുടക്കം: മംഗള്‍യാന്‍ കുതിച്ചുയര്‍ന്നു

Posted on: November 5, 2013 2:38 pm | Last updated: November 6, 2013 at 1:04 pm
isro_1642496f
മംഗള്‍യാന്‍ ഭ്രമണപഥത്തിലേക്ക് കുതിച്ചുയരുന്നു

ശ്രീഹരിക്കോട്ട: ചുവന്ന ഗ്രഹത്തിന്റെ ഉള്ളറിയാനുള്ള ഇന്ത്യയുടെ ശ്രമത്തിന് വിജയകരമായ തുടക്കം. രാജ്യത്തിന്റെ ആദ്യ ചൊവ്വാ ദൗത്യമായ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ എന്ന മംഗള്‍യാനെ നേരത്തെ നിശ്ചയിച്ച പ്രകാരം പി എസ് എല്‍ വി- സി 25 ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചു. അമ്പത്തിയാറര മണിക്കൂര്‍ നീണ്ടുനിന്ന കൗണ്ട് ഡൗണിനൊടുവില്‍ ഇന്നലെ ഉച്ചക്ക് 2.38ന് മംഗള്‍യാന്‍ പേടകവും വഹിച്ചുകൊണ്ട് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പി എസ് എല്‍ വി കുതിച്ചു.
വിക്ഷേപണം നടന്ന് നാല്‍പ്പത്തിനാല് മിനുട്ടുകള്‍ക്ക് ശേഷമാണ് മംഗള്‍യാന്‍ പി എസ് എല്‍ വിയുമായുള്ള ബന്ധം വിച്ഛേദിച്ച ശേഷം ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് കുറഞ്ഞത് 246.9 കിലോമീറ്ററും കൂടിയത് 23,500 കിലോമീറ്ററും അകലെയുള്ള ഭ്രമണപഥത്തിലാണ് ഇപ്പോള്‍ മംഗള്‍യാനുള്ളത്. മുന്നൂറ് ദിവസത്തെ യാത്രക്ക് ശേഷം 2014 സെപ്തംബര്‍ 24നാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിച്ചേരുക. 25 ദിവസം ഭൂമിയുടെ ഭ്രമണപഥത്തില്‍ കറങ്ങിയ ശേഷമാണ് ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമാക്കി മംഗള്‍യാന്‍ കുതിക്കുക. ഡിസംബര്‍ ഒന്നിന് അര്‍ധരാത്രി 12.42 ഓടെ ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമാക്കി മംഗള്‍യാന്‍ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അണ്ഡാകൃതിയിലായിരിക്കും ചൊവ്വയുടെ ഭ്രമണപഥത്തില്‍ പേടകം വട്ടമിടുക. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് കുറഞ്ഞത് 366 കിലോമീറ്ററും കൂടിയത് എണ്‍പതിനായിരം കിലോമീറ്ററിലുമാകും പേടകത്തിന്റെ സഞ്ചാര പാത.
വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം പൂര്‍ണ വിജയമായതായി മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയ ശേഷം ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. ചൊവ്വാ ദൗത്യത്തിന് വിജയകരമായ തുടക്കമിട്ട ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞരെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി വി നാരായണസ്വാമി, ഇന്ത്യയിലെ യു എസ് അംബാസഡര്‍ നാന്‍സി പവല്‍ തുടങ്ങിയവരുള്‍പ്പെടെയുള്ള പ്രമുഖര്‍ ദൗത്യത്തിന് സാക്ഷ്യം വഹിക്കാനെത്തി.
ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടോയെന്നാണ് മംഗള്‍യാന്‍ പ്രധാനമായും പരിശോധിക്കുക. അഞ്ച് പേ ലോഡുകളുള്ള പേടകത്തിന് 1350 കിലോഗ്രാം ഭാരമുണ്ടാകും. 450 കോടി രൂപ ചെലവ് വരുന്ന, ഇന്ത്യയുടെ ചൊവ്വാ ദൗത്യം വിജയകരമാകുകയാണെങ്കില്‍ ഈ ലക്ഷ്യം കൈവരിക്കുന്ന നാലാമത്തെ ശക്തിയാകും ഇന്ത്യ. അമേരിക്ക, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, റഷ്യ എന്നിവ മാത്രമാണ് നേരത്തെ ചൊവ്വാ ദൗത്യത്തില്‍ വിജയം കണ്ടത്.
മംഗള്‍യാന് വിജയത്തുടക്കം
ബഹിരാകാശ സമാധാനം ഉറപ്പ് വരുത്തണം: ചൈന
ബീജിംഗ്: ബഹിരാകാശത്ത് സമാധാനം ഉറപ്പ് വരുത്താന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ചൈന. ഇന്ത്യയുടെ മനുഷ്യരഹിത ചൊവ്വാ ദൗത്യം മംഗള്‍യാന്‍ ആദ്യഘട്ടം പിന്നിട്ടയുടന്‍ ചൈനീസ് വിദേശകാര്യ വക്താവ് ഹോംഗ് ലീയാണ് ഇങ്ങനെ പ്രതികരിച്ചത്. മനുഷ്യരാശി മുഴുവന്‍ പങ്ക് വെക്കുന്നത് ഒരേ ബഹിരാകാശമാണ്. സമാധാനപരമായ പര്യവേക്ഷണത്തിനും ബഹിരാകാശം ഉപയോഗിക്കുന്നതിനും എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ട്. അതുകൊണ്ട് ഈ മേഖലയില്‍ സഹവര്‍ത്തിത്വവും സമാധാനവും ഉറപ്പ് വരുത്താന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും ലീ പറഞ്ഞു.
ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ഏറ്റവും ശക്തമായ നിലയിലാണ് ഇപ്പോഴുള്ളത്. ഈ സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക മാധ്യമങ്ങളും വളരെ ആകാംക്ഷയോടെയാണ് ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തെ വീക്ഷിച്ചത്. ചെലവ് കുറഞ്ഞ ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയതെന്നാണ് ദ ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. വികസിത ഏഷ്യയുടെ ബഹിരാകാശ കുതിപ്പ് തുടരുന്നുവെന്നാണ് സി എന്‍ എന്‍ വിശേഷിപ്പിച്ചത്.