വയനാട് ഹര്‍ത്താല്‍ ഇന്ന്: വ്യാപാരികള്‍ പ്രകടനം നടത്തി

Posted on: November 5, 2013 6:00 am | Last updated: November 4, 2013 at 9:41 pm

കല്‍പറ്റ: വ്യാപാരിഏകോപന സമിതി ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ ഇന്ന്. വയനാടിനെ ആശങ്കയിലാഴ്ത്തുന്ന വനം- പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍, രാത്രിയാത്രാ നിരോധം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരി വ്യ്വസായി ഏകോപന സമിതി കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ലീഗ്, കോണ്‍ഗ്രസ് ഒഴികെയുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും, വ്യാപാരി വ്യവസായി സമിതിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ വിളംബരാര്‍ഥം വ്യാപാരികള്‍ കല്‍പറ്റയില്‍ പ്രകടനം നടത്തി.
രാത്രിയാത്രാ നിരോധത്തിനെതിരെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുക,കുട്ട തോല്‍പ്പെട്ടി പാതയില്‍ രാത്രിയാത്രാ നിരോധം ഏര്‍പ്പെടുത്താനുള്ള നീക്കം ഒഴിവാക്കുക, ചരക്ക് ലോറി നിരോധം ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇന്ന് നടക്കുന്ന ഹര്‍ത്താലിനോടനുബന്ധിച്ച് നടത്തുന്ന ഉപവാസ സമരം വിജയിപ്പിക്കുവാന്‍ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കല്‍പറ്റ യൂണിറ്റ് തീരുമാനിച്ചു.
കെ കുഞ്ഞിരായീന്‍ ഹാജി അധ്യക്ഷത വഹിച്ചു. ഇ ഹൈദ്രു, കെ കെ ജോണ്‍സണ്‍, അഷ്‌റഫ് വേങ്ങാട്, ഷാജി കല്ലടാസ്, എ പി ശിവദാസ്, കെ കുഞ്ഞബ്ദുല്ല ഹാജി, എന്‍ പരമേശ്വരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് അജിത്ത് ക്ലാസിക്, വി എ ജോണ്‍, അറക്കല്‍ ഇബ്‌റാഹീം, എം സി അബ്ദുര്‍റഹ്മാന്‍, ബേബി പാറ്റാനി, ജനാര്‍ദ്ദനന്‍ നായര്‍, ഗ്ലാഡ്‌സണ്‍, ഇസ്മാഈല്‍ കൈരളി, ഹാരിഫ്, സി ടി ഹംസ, അബ്ദുര്‍റഹ്മാന്‍ തനിമ, സ്വാലിഹ്, കെ രഞ്ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.