ലാല്‍ മസ്ജിദ് കേസിലും മുശര്‍റഫിന് ജാമ്യം

Posted on: November 4, 2013 11:38 pm | Last updated: November 4, 2013 at 11:38 pm

ഇസ്‌ലാമാബാദ്: ലാല്‍ മസ്ജിദ് കേസില്‍ കുറ്റാരോപിതനായ പാക്കിസ്ഥാന്‍ മുന്‍ പട്ടാള മേധാവി പര്‍വേസ് മുശര്‍റഫിന് ജാമ്യം. 2007ല്‍ ലാല്‍ മസ്ജിദ് അക്രമിച്ച സംഭവവുമായി മുശര്‍റഫിന് ബന്ധമുണ്ടെന്ന് വ്യക്തമാകുന്ന തെളിവ് ഹാജിരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷനല്‍ സെഷന്‍ കോടതി മുശര്‍റഫിന് ജാമ്യം അനുവദിച്ചത്. രണ്ടായിരം ഡോളറിന്റെ ബോണ്ടിന്‍മേലാണ് ജാമ്യം.
മതപണ്ഡിതനായിരുന്ന ഖാസി അബ്ദുര്‍റശീദടക്കം നൂറ് പേരുടെ മരണത്തിനിടയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്‌ടോബറിലാണ് മുശര്‍റഫിനെ അറസ്റ്റ് ചെയ്തത്. ഖാസി അബ്ദുര്‍റശീദിന്റെ മകന്‍ ഹാറൂണ്‍ റശീദ് നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. ലാല്‍ മസ്ജിദ് കേസില്‍ മുശര്‍റഫിന്റെ പങ്ക് തെളിയിക്കുന്ന വ്യക്തമായ തെളിവുകള്‍ ഹാജരാക്കിയിരുന്നുവെന്ന് ഹാറൂണ്‍ റശീദിന്റെ അഭിഭാഷകന്‍ ത്വാരീഖ് അസദ് പറഞ്ഞു.
ആറ് മാസത്തിലധികമായി ഇസ്‌ലാമാബാദില്‍ വീട്ട് തടങ്കലില്‍ കഴിയുന്ന മുശര്‍റഫിന് ലാല്‍ മസ്ജിദ് കേസില്‍ ജാമ്യം ലഭിച്ചതോടെ പുറത്തേക്കുള്ള വഴി എളുപ്പമാകും. 70 കാരനായ മുശര്‍റഫിന് മേല്‍ ചുമത്തിയ ബേനസീര്‍ ഭൂട്ടോ കേസിലടക്കം നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും മുശര്‍റഫിന് രാജ്യം വിടാന്‍ സാധിക്കില്ല. പാക് ആഭ്യന്തര മന്ത്രാലയത്തിന്റെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട മുശര്‍റഫിന് സര്‍ക്കാറിന്റെ അനുമതി അനിവാര്യമാണ്.