Connect with us

Kasargod

പൂങ്കാകുതിര് അണക്കെട്ട് റോഡ് പാലം വികസനം കാത്ത് നാട്ടുകാര്‍

Published

|

Last Updated

നീലേശ്വരം: അമ്പതുവര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച പൂങ്കാകുതിര്‍ അണക്കെട്ടു പൊളിച്ചുമാറ്റി ഏഴരമീറ്റര്‍ വീതിയില്‍ പുതിയ റോഡ്പാലം നിര്‍മിക്കണമെന്നു നാട്ടുകാര്‍. എന്നാല്‍ അതിനു പ്രത്യേക ഫണ്ടില്ലെന്നു പഞ്ചായത്ത് ഭരണസമിതി.
കാര്‍ഷികാവശ്യങ്ങള്‍ക്കും ജലസേചന സൗകര്യത്തിനും വേണ്ടിയാണ് രണ്ടാം ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് പൂങ്കാകുതിരില്‍ അണക്കെട്ടു നിര്‍മിച്ചത്. എന്നാല്‍ ഇന്ന് കാലപ്പഴക്കത്താല്‍ അണക്കെട്ടിന്റെ കോണ്‍ക്രീറ്റു ബീമുകള്‍ നശിച്ചു. പലകയിട്ട് വെള്ളം നിയന്ത്രിക്കുന്നുണ്ടെങ്കിലും ബലക്ഷയം അണക്കെട്ടിനെ ബാധിച്ചിട്ടുണ്ട്. പുതിയ അണക്കെട്ട് റോഡുപാലം നിര്‍മിച്ചാല്‍ ഗതാഗതസൗകര്യവും കൃഷിയും മറ്റു അനുബന്ധ വ്യവസായങ്ങളും വര്‍ധിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. പൂങ്കാകുതിരില്‍ പുതിയ അണക്കെട്ടു റോഡുപാലം നിര്‍മിച്ചാല്‍ മടിക്കൈയില്‍ നിന്നു നീലേശ്വരം ഭാഗത്തേക്കു ഏഴു കിലോമീറ്ററോളം ദൂരം കുറഞ്ഞുകിട്ടും. നിലവില്‍ അണക്കെട്ടിന്റെ അടുത്തു വരെ നീലേശ്വരം ഭാഗത്തുനിന്നു നാലു മീറ്റര്‍ പഞ്ചായത്ത് റോഡുണ്ട്. അണക്കെട്ടിന്റെ മറ്റേ ഭാഗം ഒളയത്ത് ഭാഗത്താണ് റോഡില്ലാത്തത്. ഈ ഭാഗത്ത് റോഡു നിര്‍മിച്ചാല്‍ മടിക്കൈ കൂലോം റോഡ് എരിക്കുളം ഭാഗത്തേയ്ക്കു എളുപ്പത്തില്‍ എത്തിച്ചേരാം. എരിക്കുളം ഭാഗത്തെ കാര്‍ഷിക ജനതക്ക് അണക്കെട്ടു റോഡുപാലത്തോടെ പച്ചക്കറികൃഷി അഭിവൃദ്ധിപെടുത്താനും തങ്ങളുടെ ഉത്പന്നങ്ങള്‍ നീലേശ്വരം മാര്‍ക്കറ്റിലേക്കു ചെറിയയാത്രകൂലിയില്‍ എത്തിക്കാനും പറ്റും. ഒളയത്ത് ഭാഗത്തു ചുരുക്കം ചില സ്ഥലങ്ങളിലേ സ്ഥലം ഏറ്റെടുക്കേണ്ടിവരികയുള്ളൂ. അതുതന്നെ സൗജന്യമായി വിട്ടുകൊടുക്കാന്‍ നാട്ടുകാര്‍ ഒരുക്കവുമാണ്.
എന്നാല്‍ അവിടെ അണക്കെട്ടു പാലത്തിന്റെ ആവശ്യമില്ലെന്നാണ് പഞ്ചായത്തിന്റെ തീരുമാനം. ഫണ്ടില്ലാത്തതാണ് പദ്ധതി എതിര്‍ക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ് യുവജനനേതാക്കള്‍ പറയുന്നത്.
എന്നാല്‍ പൂങ്കാകുതിരില്‍ പുതിയഅണക്കെട്ടു റോഡുപാലം വരുന്നതോടെ നാടിന്റെ മുഖച്ഛായ മാറുമെന്നു നാട്ടുകാര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. എന്തായാലും വികസനത്തിനായി കാത്തിരിക്കുകയാണ് പൂങ്കാകുതിര് അണക്കെട്ടു പാലം.

Latest