പോലീസില്‍ അഴിച്ചുപണി

Posted on: November 3, 2013 6:00 am | Last updated: November 3, 2013 at 12:55 am

siraj copyകണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസിനും ഇന്റലിജന്‍സിനും ഗുരുതര വീഴ്ച സംഭവിച്ചതായി യു ഡി എഫ് നേതൃയോഗം വിലയിരുത്തി. മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് സുരക്ഷ നല്‍കുകയെന്നും നേതാക്കള്‍ ആരായുന്നു. കൃത്യവിലോപം കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട യു ഡി എഫ് നേതാക്കള്‍ കണ്ണൂര്‍ പോലീസില്‍ അഴിച്ചുപണി വേണമെന്നും വിലയിരുത്തി. ആഭ്യന്തര വകുപ്പിനെതിരെയും മന്ത്രി തിരുവഞ്ചൂരിനെതിരെയും അതി രൂക്ഷമായ വിമര്‍ശമാണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്. ഇതേ തുടര്‍ന്ന് തിരുവഞ്ചൂരിനെ യോഗത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടായിട്ടുണ്ടെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നും പറയുകയല്ലാതെ തിരുവഞ്ചൂരിന് മറ്റൊന്നും ചെയ്യാനാകുമായിരുന്നില്ല. അത്രയും രൂക്ഷമായിരുന്നു വിമര്‍ശം. ഏതായാലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രിക്ക് യു ഡി എഫ് നിര്‍ദേശം നല്‍കി.
പോലീസിനേയും മന്ത്രി തിരുവഞ്ചൂരിനേയും ന്യായീകരിച്ചുകൊണ്ടും എന്തെങ്കിലും പിഴവ് സംഭവിച്ചുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വം തനിക്കുതന്നെയാണെന്നും മുഖ്യമന്ത്രി വാദിച്ചുനോക്കിയെങ്കിലും അത് വിഴുങ്ങാന്‍ നേതാക്കളാരും തയ്യാറായില്ല. തനിക്ക് കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കൂടുതല്‍ പോലീസ് സന്നാഹങ്ങളാകുമ്പോള്‍, എന്നും ജനക്കൂട്ടത്തിനൊപ്പം കഴിയാന്‍ ആഗ്രഹിക്കുന്ന ജനകീയ നേതാവായ ഉമ്മന്‍ ചാണ്ടിക്ക് അത് അസൗകര്യം സൃഷ്ടിക്കുമെന്ന് തീര്‍ച്ച. പക്ഷേ, കണ്ണൂരില്‍ മുഖ്യമന്ത്രിക്കുണ്ടായ അനുഭവം ലാഘവത്തോടെ കണ്ടുകൂടെന്നും മുന്‍ എല്‍ ഡി എഫ് ഭരണകാലത്ത് നിയോഗിക്കപ്പെട്ട പോലീസുകാരാണ് കണ്ണൂരില്‍ ഇപ്പോഴും തുടരുന്നതെന്നും യു ഡി എഫ് യോഗത്തില്‍ വിലയിരുത്തലുണ്ടായി. കണ്ണൂരിലെ പോലീസിനെ കുറിച്ച് പഠിച്ച് നിഷ്പക്ഷരെന്ന് ഉറപ്പുള്ളവരെ മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്ന് യോഗം നിര്‍ദേശിച്ചതായാണ് അറിവ്. മുഖ്യമന്ത്രി സഞ്ചരിച്ച കാറിന് നേരെ കല്ലെറിയാന്‍ സൗകര്യമൊരുക്കിയത് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലെ ഒരു വലിയ പോലീസ് വാഹനം ഓടിച്ച ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവമാണെന്ന് യു ഡി എഫ് യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടതായാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ യാത്രാവിവരങ്ങള്‍ ചോര്‍ന്നു പോകുന്നതില്‍ നേതാക്കള്‍ ആശങ്ക രേഖപ്പെടുത്തി.
മുഖ്യമന്ത്രിക്ക് നേരെ നടന്ന കല്ലേറ് തന്നെ ഇപ്പോള്‍ വലിയ വിവാദമായിരിക്കുകയാണ്. കല്ലെറിഞ്ഞത് സി പി എമ്മുകാരനാണെന്നും അതല്ല കോണ്‍ഗ്രസുകാരനാണെന്നുമുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ മുഴുവന്‍ കെട്ടടങ്ങിയിട്ടില്ല. മാത്രമല്ല, ഇക്കാര്യത്തില്‍ സമഗ്രമായ പരിശോധന തന്നെ നടക്കുന്നുണ്ട്. സത്യം എന്തെന്ന് എന്നാണെങ്കിലും പുറത്തു വരണം. ഒരിക്കലും സംഭവിച്ചുകൂടാത്തതാണ് കണ്ണൂരില്‍ അരങ്ങേറിയത്. ജനാധിപത്യ സംവിധാനത്തിനും ജനാധിപത്യവിശ്വാസികളായ കേരള ജനതക്കും നാണക്കേടുണ്ടാക്കിയ സംഭവമാണത്. അതിന് പെട്ടെന്ന് തന്നെ പ്രതികരണവുമുണ്ടായി. കണ്ണൂരിന് മറുപടി വന്നത് ആലപ്പുഴയിലാണ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായ പി കൃഷ്ണ പിള്ളയുടെ സ്മാരകത്തിന് അജ്ഞാതര്‍ ഇരുട്ടിന്റെ മറവില്‍ തീയിട്ടു. അദ്ദേഹത്തിന്റെ പ്രതിമ കേട് വരുത്തി. ഈ ആക്രമണത്തിന് പിന്നില്‍ സി പി എമ്മിലെ വിഭാഗീയതയാണെന്ന് ആദ്യം പ്രതികരിച്ചത് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരു കക്ഷികളുടെയും ഏതാനും ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു.
എന്തുതന്നെ ആയാലും ഇത്തരം അക്രമ സംഭവങ്ങള്‍ അഭിലഷണീയമല്ല. ചോരക്ക് ചോരയെന്ന പ്രാകൃതമായ നിലപാടുകള്‍ ആര്‍ക്കും ഒരു ഗുണവും ചെയ്തിട്ടില്ല. ‘അധികാരം തോക്കിന്‍കുഴലിലൂടെ’ എന്ന മുദ്രാവാക്യം പ്രബലമായ കാലഘട്ടത്തില്‍ തന്നെ ബാലറ്റിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തിലേറ്റിയ നാടാണ് ഈ കൊച്ചു കേരളം. രാഷ്ട്രീയപ്രബുദ്ധമായ മലയാള ഭൂമിയുടെ ചരിത്രം അതാണ്. അടുത്ത വര്‍ഷം രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ജനഹിതം രേഖപ്പെടുത്തേണ്ടത് അപ്പോഴാണ്. തങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നത് പോലെതന്നെ നിഷേധ വോട്ട് രേഖപ്പെടുത്തി നിരാകരിക്കാനും വരുന്ന തിരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ക്ക് അവസരമുണ്ട്. കൊള്ളേണ്ടവരെ കൊള്ളാനും തള്ളേണ്ടവരെ തള്ളാനും ലഭിക്കുന്ന കനകാവസരമാണിത്. നമുക്ക് അതിനായി കാത്തിരിക്കാം.