Connect with us

Malappuram

അധ്യാപകരില്ല; കോക്കൂര്‍ ടെക്‌നിക്കല്‍ സ്‌കൂളില്‍ പഠനം പ്രതിസന്ധിയില്‍

Published

|

Last Updated

ചങ്ങരംകുളം: കോക്കൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ആവശ്യത്തിന് അധ്യാപകരില്ലാതെ പഠനപ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. വര്‍ഷങ്ങളായി ടെക്‌നിക്കല്‍ സ്‌കൂളിനോട് അധികൃതര്‍ തുടര്‍ന്നുവരുന്ന അവഗണനയാണ് അധ്യാപകരുടെ കുറവിന് കാരണമായിരിക്കുന്നത്. 25 അധ്യാപകര്‍ ആവശ്യമുള്ള സ്ഥാനത്ത് 16 അധ്യാപകരെ മാത്രമാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.
ദിവസവേതന അടിസ്ഥാനത്തില്‍ നാല് അധ്യാപകരെ പി ടി എ നിയമിച്ചിട്ടുണ്ടെങ്കിലും എല്ലാ അധ്യാപരും ചേര്‍ന്ന് അധിക ജോലി ചെയ്താണ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് തള്ളിനീക്കുന്നത്. ഏറെ മുറവിളികള്‍ ഉയര്‍ത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഓരോന്നായി ആവശ്യത്തിന് നേടിയെടുത്തിട്ടുണ്ടെങ്കിലും അധ്യാപകരുടെ കുറവ് മാത്രമാണ് ടെക്‌നിക്കല്‍ സ്‌കൂളിനെ പ്രതിസന്ധിയിലാക്കുന്നത്. 8,9,10 ക്ലാസുകളില്‍ രണ്ട് ഡിവിഷനുകളിലായി 288 വിദ്യാര്‍ഥികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. പ്രവര്‍ത്തനം ആരംഭിച്ച് തുടര്‍ച്ചയായി 28 വര്‍ഷവും നൂറ് ശതമാനമായിരുന്നു സ്‌കൂളിലെ വിജയം.
ഇവിടത്തെ അധ്യാപകരുടെ കഠിന പ്രയത്‌നമാണ് സ്‌കൂളിന്റെ വിജയക്കുതിപ്പിന് കാരണമാകുന്നത്. പൊന്നാനി താലൂക്കിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് കോക്കൂര്‍ ടെക്‌നിക്കല്‍ സ്‌കൂള്‍. 1985ല്‍ പാവിട്ടപ്പുറത്തെ വാടക കെട്ടിടത്തില്‍ 15 വിദ്യാര്‍ഥികളുമായിട്ടാണ് ടെക്‌നിക്കല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. നന്നംമുക്ക് ഗ്രാമ പഞ്ചായത്തിന് അനുവദിച്ച ടെക്‌നിക്കല്‍ സ്‌കൂള്‍ രണ്ട് പതിറ്റാണ്ടോളം വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചത്.
പിന്നീടാണ് കോക്കൂരിലെ സര്‍ക്കാര്‍ ഭൂമിയിലേക്ക് മാറ്റിയതും കോക്കൂര്‍ ടെക്‌നിക്കല്‍ സ്‌കൂളാക്കി പുനര്‍ നാമകരണം നടത്തുകയും ചെയ്തത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ടെക്‌നിക്കല്‍ സ്‌കൂളിനെ പോളിടെക്‌നിക്കാക്കി ഉയര്‍ത്തിയെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല.