ഭാരത് നിര്‍മാണ്‍ പൊതുജന സമ്പര്‍ക്ക പരിപാടി അവസാനിച്ചു

Posted on: November 2, 2013 12:36 am | Last updated: November 2, 2013 at 12:36 am

പാലക്കാട്: കേന്ദ്രാവിഷ്‌കൃത വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളെ ബോധ വത്ക്കരിക്കാനായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ തൃത്താലയില്‍ സംഘടിപ്പിച്ച ‘ഭാരത് നിര്‍മാണ്‍ പൊതുജനസമ്പര്‍ക്ക പരിപാടി അവസാനിച്ചു. കഴിഞ്ഞ 29ന് തൃത്താല പി പി ഓഡിറ്റോറിയത്തില്‍ ആരംഭിച്ച പൊതുജനസമ്പര്‍ക്ക പരിപാടിയിലെ നൂറുകണക്കിനാളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വിവരാവകാശം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളെക്കുറിച്ച് സെമിനാറും, അംഗന്‍വാടി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള ക്വിസ് മത്സരം, തൃശൂര്‍ ദൂരദര്‍ശന്‍ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചവിട്ടു നാടകവും ഉള്‍പ്പെടെ നാനാ തരത്തിലുള്ള പരിപാടികളോടു കൂടിയായിരുന്നു സമാപനം.
സമാപന സമ്മേളനത്തില്‍ ഇ ടി മുഹമ്മദ് ബശീര്‍ എം പി വിശിഷ്ടാതിഥിയായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ എം അബ്ദുല്ലക്കുട്ടി, പി ഐ ബി മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ എല്‍ സി പൊന്നുമോന്‍, വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ എന്നിവരും സംബന്ധിച്ചു. പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോക്കൊപ്പം, ഡയറക്ടറേറ്റ് ഓഫ് ഫീല്‍ഡ് പബ്ലിസിറ്റി, കേന്ദ്ര പരസ്യ- ദൃശ്യ പ്രചാരണ വിഭാഗം, സോംഗ് ആന്റ് ഡ്രാമാ വിഷന്‍, ആകാശവാണി, ദൂരദര്‍ശന്‍ എന്നീ മാധ്യമങ്ങളുടേയും തൃത്താല ബ്ലോക്ക് പഞ്ചായത്ത്, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശസ്വയം‘ഭരണങ്ങളുടേയും സംയുക്ത സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.