ശ്രേഷ്ഠഭാഷാ വാരാഘോഷത്തിന് ഇന്ന് തിരിതെളിയും

Posted on: November 1, 2013 1:00 pm | Last updated: November 1, 2013 at 2:45 pm

കാസര്‍കോട്: ഇന്ന് കേരള പിറവി ദിനം. വിവര പൊതുജനസമ്പര്‍ക്ക വകുപ്പും ജില്ലാ സാക്ഷരതാമിഷനും ഇന്ന് മലയാള ദിനമായി ആചരിക്കുന്നു. ശ്രേഷ്ഠഭാഷാ വാരാഘോഷം ഇന്നു മുതല്‍ ഏഴുവരെ സംഘടിപ്പിക്കും. രാവിലെ 9.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിക്കും. ജില്ലാകലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിക്കും. ഭാഷയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ ഡോ. എ എം ശ്രീധരന്‍, കേളുമാസ്റ്റര്‍ അഗല്‍പ്പാടി എന്നിവരെ ആദരിക്കും. ജില്ലയിലെ എം എല്‍ എമാര്‍, തദ്ദേശഭരണ സ്ഥാപന മേധാവികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഭാഷാവിദഗ്ധര്‍, സാഹിത്യ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.
കോളിയടുക്കം: ഗവ. യു പി സ്‌കൂളില്‍ കേരളപ്പിറവിയോടനുബന്ധിച്ച് ശ്രേഷ്ഠഭാഷ കവിയരങ്ങ് സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിക്ക് സ്‌കൂള്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കവികളായ അഡ്വ. രാധാകൃഷ്ണന്‍ പെരുംബള, രവീന്ദ്രന്‍ പാടി, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, യുവ കവയത്രി ശ്രീലക്ഷ്മി എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും.