നിലമ്പൂര്‍ എറണാകുളം ട്രെയിന്‍ ഇന്നുമുതല്‍ ഓടിത്തുടങ്ങും

Posted on: November 1, 2013 11:13 am | Last updated: November 1, 2013 at 11:13 am

നിലമ്പൂര്‍: നിലമ്പൂരില്‍ നിന്ന് എറണാകുളത്തേക്കും തിരിച്ച് നിലമ്പൂരിലേക്കും നേരിട്ട് യാത്രചെയ്യാവുന്ന തരത്തിലുള്ള തീവണ്ടി നിലമ്പൂരില്‍ നിന്ന് ഇന്ന് മുതല്‍ ഓടിത്തുടങ്ങും.
ഉച്ചക്ക് രണ്ടരക്ക് നിലമ്പൂര്‍ സ്‌റ്റേഷന്‍ പരിസരത്ത് നടത്തുന്ന ചടങ്ങില്‍ റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദും വയനാട് എം പി. എം ഐ ഷാനവാസും ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്യും. നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിക്കും.
എറണാകുളത്തേക്ക് നേരത്തെ മുതല്‍ വണ്ടി ഓടി തുടങ്ങിയിട്ടുണ്ടെങ്കിലും റെയില്‍വെയുടെ രേഖകളില്‍ രണ്ടുവണ്ടിയായാണ് ഇതോടിയിരുന്നത്. ഇനി മുതല്‍ ഒരു വണ്ടിയായാണ് ഇതോടുക. നിലമ്പൂരില്‍ നിന്ന് ഉച്ചക്ക് 2.25-ന് പുറപ്പെട്ട് 4.15-ന് ഷൊര്‍ണ്ണൂരില്‍ എത്തിയിരുന്ന 56618 നമ്പര്‍ നിലമ്പൂര്‍ ഷൊര്‍ണ്ണൂര്‍ പാസഞ്ചറിന്റെ സമയം 2.55-ന് നിലമ്പൂര്‍ വിട്ട് 4.35-ന് ഷൊര്‍ണ്ണൂരില്‍ എത്തുന്ന രീതിയില്‍ പുനക്രമീകരിച്ചു. ഷൊര്‍ണ്ണൂരില്‍ നിന്ന് വൈകിട്ട് അഞ്ചുമണിക്ക് പുറപ്പെടുന്ന 56609 നമ്പര്‍ ഷൊര്‍ണ്ണൂര്‍ എറണാകുളം പാസഞ്ചറുമായി സംയോജിപ്പിച്ചുമാണ് 56363 നമ്പര്‍ നേരിട്ടുള്ള നിലമ്പൂര്‍-എറണാകുളം ട്രെയിന്‍ യാഥാര്‍ത്ഥ്യമാക്കിയത്.
രാവിലെ 7.30-ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് 10.55-ന് ഷൊര്‍ണ്ണൂരിലെത്തി അവിടെ യാത്ര അവസാനിപ്പിച്ചിരുന്ന 56606 നമ്പര്‍ എറണാകുളം ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ വണ്ടിയും ഉച്ചക്ക് 12.05-ന് ഷൊര്‍ണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 1.50-ന് നിലമ്പൂരില്‍ എത്തിയിരുന്ന 56615 നമ്പര്‍ ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ വണ്ടിയുടെ സമയം 11.30-ന് ഷൊര്‍ണ്ണൂരില്‍ നിന്ന് വിട്ട് 01.05-ന് നിലമ്പൂരില്‍ എത്തുന്ന രീതിയില്‍ പുന:ക്രമീകരിച്ച് ഈ രണ്ടു വണ്ടികള്‍ സംയോജിപ്പിച്ചുമാണ് 56362 നമ്പര്‍ എറണാകുളം-നിലമ്പൂര്‍ വണ്ടി സാധ്യമാക്കിയത്.
ഇതിന്റെ മെയിന്റനന്‍സ് ഷൊര്‍ണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് മാറ്റുവാനും 15 കോച്ചുള്ള ഈ വണ്ടി ഓടിക്കുവാനുള്ള പ്രത്യേക എഞ്ചിനുള്ള അനുമതി വാങ്ങിയുമാണ് പുതിയ വണ്ടി ഓടുക. നിലമ്പൂരിലേക്ക് ആദ്യമായാണ് 15 കോച്ചുള്ള വണ്ടി വരുന്നത്.
ഷൊര്‍ണ്ണൂര്‍ മുതല്‍ നിലമ്പൂര്‍ വരെയുള്ള സമ്പൂര്‍ണ്ണ പാത നവീകരണം (റെയിലും സഌപ്പറും), ഇലക്‌ട്രോണിക് സിഗ്നലിംഗ് സംവിധാനം, നിലമ്പൂര്‍ യാര്‍ഡ് നവീകരണം(21 കോച്ചുകള്‍ വരെ പിടിക്കാന്‍ നീളമുള്ള ലൈനുകള്‍), മെയിന്‍ റോഡ് ഭാഗത്തെ പുതിയ ഫ്‌ളാറ്റ്‌ഫോം എന്നീ വികസന പ്രവര്‍ത്തികളാണ് അടുത്ത കാലത്തായി ഒന്നാം ഘട്ടമെന്ന നിലയില്‍ നിലമ്പൂരില്‍ നടക്കുന്നത്. ഇതോടെ നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ ലൈനില്‍ 60 എന്നത് മണിക്കൂറില്‍ 75 കിലോമീറ്ററായി വേഗത കൂടും. ഭാവിയില്‍ ഇത് 90 മുതല്‍ 100വരെയാകാനുള്ള സാധ്യതയും ഉണ്ട്.പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം, സ്‌റ്റേഷന്‍ സൗന്ദര്യവല്‍ക്കരണം തുടങ്ങിയവ അടുത്ത ഘട്ടങ്ങളിലായി നടക്കും . ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ നവമ്പറില്‍ നടക്കും.
ജനപ്രതിനിധികളുടെയും നിലമ്പൂര്‍ മൈസൂര്‍ റെയില്‍വെ ആക്ഷന്‍ കമ്മിറ്റിയുടെയും കൂട്ടായ പരിശ്രമം കൊണ്ടാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇത്രയും വേഗത കൂടിയത്. നിലമ്പൂരില്‍ നിന്ന് രാവിലെ പുറപ്പെടുന്ന വണ്ടി ഷൊര്‍ണ്ണൂരില്‍ നിന്നും കോയമ്പത്തൂര്‍ക്ക് നീട്ടാനുള്ള ശുപാര്‍ശകളും ആക്ഷന്‍ കമ്മിറ്റി നല്‍കിയതായി ഇത് സംബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഡോ.ബിജു നൈനാന്‍ അറിയിച്ചു. മേലാറ്റൂര്‍, കുലക്കല്ലൂര്‍ സ്‌റ്റേഷനുകളില്‍ ക്രോസ്സിംഗ് സംവിധാനം എാര്‍പ്പെടുത്തുക, രാജ്യറാണി എക്‌സ്പ്രസ്സ് സ്വതന്ത്ര വണ്ടിയാക്കുക, പാത വൈദ്യുതീകരണം, ബത്തേരി വഴി നഞ്ചന്‍കോട്ടേക്ക് പാത നീട്ടുക തുടങ്ങിയ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലര്‍ പാലോളി മെഹബൂബ്, അഡ്വ.ഹംസ കുരിക്കള്‍, ജോര്‍ജ്ജ് തോമസ്, ജോണ്‍സണ്‍ വള്ളക്കാലില്‍, എം കുഞ്ഞുമുഹമ്മദ് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.