മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ നിസഹകരണ സമരത്തിലേക്ക്

Posted on: November 1, 2013 11:11 am | Last updated: November 1, 2013 at 11:11 am

doctor 2മലപ്പുറം: ജില്ലയുടെ ആരോഗ്യ മേഖലയോടുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ നിസഹകരണ സമരത്തിനൊരുങ്ങുന്നു. ആരോഗ്യവകുപ്പിന്റെ മാസാന്ത്യഅവലോകനങ്ങള്‍, റിപ്പോര്‍ട്ടുകള്‍ വിലയിരുത്തല്‍, ട്രെയിനിംഗുകളില്‍ തുടങ്ങിയവയില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. രോഗികളുടെ പരിശോധ മുടങ്ങില്ല. കെ ജി എം ഒയുടെ നേതൃത്വത്തിലാണ് സമരം. പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത പക്ഷം ഈമാസം അവസാനത്തോടെ പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോവാനാണ് തീരുമാനം.
പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങുന്ന സര്‍ക്കാര്‍ ആശുപത്രികളുടെ വികസനം ജനത്തെ ദുരിതത്തിലാക്കിയിട്ടുണ്ട്. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മതിയായ ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവും രോഗികള്‍ വലക്കുന്നു. മാസങ്ങള്‍ക്കു മുമ്പ് തിരൂര്‍ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തുകയും ചില ആശുപത്രികളെ സി എച്ച് സികളായും താലൂക്ക് ആശുപത്രികളായും ഉയര്‍ത്തിയിട്ടും ഇവ പഴയപടിയില്‍ തന്നെയാണ്. താലൂക്ക് ആശുപത്രികളായി ഉയര്‍ത്തിയ മലപ്പുറം, കുറ്റിപ്പുറം ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ പോലും ഡോക്ര്‍മാരെ നിയമിച്ചിട്ടില്ല. മലപ്പുറം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുമെന്നും ഡോക്ടര്‍മാരെയും ജീവനക്കാരെയും അടിയന്തിരമായി നിയമിക്കുമെന്നും ഇവിടം സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഇവയില്‍ ഒന്നുപോലും നടപ്പിലാക്കിയിട്ടില്ല. പേരില്‍ മാത്രം ഉയര്‍ത്തിയ ഈ ആശുപത്രികള്‍ അനുബന്ധ സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയാണ്. ഒരു ഡോക്ടര്‍ക്ക് 350 രോഗികള്‍ 41 ലക്ഷം ജനസംഖ്യയുള്ള ജില്ലയിലെ വിവിധ ആശുപത്രികളിലായി കിടത്തി ചികിത്സയ്ക്കുള്ളത് 1404 ബെഡുകളും, 130 സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരാരും. 33 ലക്ഷമുള്ള തിരുവനന്തപ്പുരത്തിന് 3675 ബെഡുകളും 186 സ്‌പെഷലിസറ്റ് ഡോക്ടര്‍മാരുമുണ്ട്. 32 ലക്ഷമുള്ള എറണാകുളത്തിന് 2588 ബെഡുകളും 178 സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുമുണ്ട്. എട്ട് ലക്ഷം ജനസംഘ്യമാത്രമുള്ള വയനാട്ടില്‍ 781 കിടക്കകളും 69 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുമുണ്ട്. ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ആരോഗ്യവകുപ്പ് ചെവികൊണ്ടിട്ടില്ല.