എ ഡി ജി പിക്കെതിരെ പോസ്റ്റര്‍: എസ് ഡി പി ഐക്കെതിരെ കേസ്

Posted on: November 1, 2013 11:02 am | Last updated: November 1, 2013 at 11:02 am

താമരശ്ശേരി: എ ഡി ജി പി സെന്‍കുമാറിനെതിരായ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ താമരശ്ശേരിയിലും കൊടുവള്ളിയിലും പോലീസ് കേസെടുത്തു. എ ഡി ജി പിക്കെതിരെ ഒരു പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ എസ് ഡി പി ഐ സംസ്ഥാന കമ്മിറ്റിയാണ് ചില ജില്ലകളില്‍ കഴിഞ്ഞ ദിവസം പോസ്റ്റര്‍ പതിച്ചത്.
‘എ ഡി ജി പി സെന്‍കുമാര്‍ ജാതി തിരുത്തി ജോലി നേടിയത് സി ബി ഐ അന്വേഷിക്കുക’ എന്നാണ് പോസ്റ്ററിലുള്ളത്. താമരശ്ശേരിയില്‍ കോരങ്ങാട് ബസ് സ്റ്റോപ്പിലും അങ്ങാടിയിലുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കൊടുവള്ളി ടൗണില്‍ ഓമശ്ശേരി റോഡ് ജംഗ്ഷനിലും പാലക്കുറ്റി ബസ് സ്റ്റോപ്പിലും പോസ്റ്ററുകള്‍ പതിച്ചു. പോസ്റ്ററുകള്‍ കസ്റ്റഡിയിലെടുത്ത പോലീസ് ഐ പി സി 500, 501, 120 ബി, കേരള പോലീസ് ആക്ട് 118 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
പോസ്റ്റര്‍ പുറത്തിറക്കിയ എസ് ഡി പി ഐ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍, പോസ്റ്റര്‍ പ്രിന്റ് ചെയ്തവര്‍, പോസ്റ്റര്‍ പതിച്ചവര്‍ എന്നിവര്‍ കേസില്‍ പ്രതികളാണെന്ന് താമരശ്ശേരി ഡി വൈ എസ് പി ജെയ്‌സണ്‍ കെ അബ്രഹാം പറഞ്ഞു.