Connect with us

Wayanad

സന്ദര്‍ശക പ്രവാഹത്തിനിടയിലും മുത്തങ്ങയില്‍ സൗകര്യങ്ങളില്ല

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്ക് സന്ദര്‍ശകര്‍ പ്രവഹിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ നടപടിയില്ല. ആഘോഷനാളുകളില്‍ തിരക്ക് നിയന്ത്രിക്കാനാവാതെ ജീവനക്കാരും വലയുകയാണ്.
ആയിരങ്ങളാണ് മുത്തങ്ങയിലെത്തുന്നതെങ്കിലും ചെറിയൊരു വിഭാഗത്തിനു മാത്രമേ വനത്തിനുള്ളിലേക്ക് പ്രവേശനം ലഭിക്കൂ. വിദേശത്തുനിന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിനോദസഞ്ചാരികളും ഇവിടെയെത്താറുണ്ട്. വന്യജീവികള്‍ സൈ്വരമായി ജീവിക്കുന്ന വനാന്തര്‍ഭാഗത്തേക്കുള്ള മനുഷ്യപ്രവേശനം വനംവകുപ്പ് കുറച്ചുകൊണ്ടുവരികയാണ്. മൊത്തം 60 ജീപ്പുകളാണ് കടത്തിവിടുന്നത്. രാവിലെ 40ഉം വൈകീട്ട് ഇരുപതും.
ഒരു ജീപ്പില്‍ ഏഴുപേര്‍ക്ക് കയറാം. ഒരാള്‍ക്ക് 75 രൂപ. വിദേശികള്‍ക്കിത് 200 രൂപയാവും. പ്രവേശനഫീസ് ജീപ്പിന് 50 രൂപ. അതു വനംവകുപ്പിനുള്ളതാണ്. രാവിലെ ഏഴുമുതല്‍ പത്തുമണിവരെയും വൈകീട്ട് മൂന്നുമുതല്‍ അഞ്ചുവരെയുമാണ് പ്രവേശനം.
വര്‍ഷങ്ങള്‍ക്കുമുമ്പ് മുത്തങ്ങയില്‍ ജീപ്പ് കിട്ടിയിരുന്നില്ല. തൊട്ടടുത്ത ടൗണായ കല്ലൂരില്‍നിന്ന് വിളിച്ചുകൊണ്ടുപോവേണ്ടിയിരുന്നു. സന്ദര്‍ശകരുടെ എണ്ണം ദിവസവുമെന്നോണം വര്‍ധിച്ചപ്പോള്‍ മുത്തങ്ങയില്‍ത്തന്നെ ജീപ്പുകളെത്തി. തുറന്ന ജീപ്പുകളിലെ യാത്ര സന്ദര്‍ശകര്‍ വേണ്ടുവോളം ആസ്വദിക്കുകയും ചെയ്യുന്നു.
മുപ്പതോളം ജീപ്പുകളാണ് ഇപ്പോള്‍ മുത്തങ്ങയിലുള്ളത്. ഡ്രൈവര്‍മാരുടെ കുടുംബം പുലരുന്നതും വനയാത്രയിലൂടെ ലഭിക്കുന്ന വരുമാനംകൊണ്ടുതന്നെ.
17 കിലോമീറ്റര്‍ ദൂരത്തിലാണ് സഞ്ചാരികളെ കൊണ്ടുപോവുക. ചെന്നായ, കലമാന്‍, കാട്ടാട് തുടങ്ങിയവയും ഇവിടെയുണ്ട്. ഭാഗ്യമുണ്ടെങ്കില്‍ കടുവയെയും പുലിയെയും കാണാം.
വനപാതയിലൂടെയുള്ള യാത്ര ഏറെ ദുഷ്‌കരമാണ്. പലേടത്തും കുണ്ടും കുഴികളും രൂപപ്പെട്ടിട്ടുണ്ട്. നിരന്തരമായ വാഹനയോട്ടം മൃഗങ്ങള്‍ക്ക് അസഹ്യമാവുന്നുണ്ടെന്ന് വനപാലകര്‍ പറയുന്നു. അതേസമയം, ഏറെ പ്രതീക്ഷയോടെ എത്തുന്ന സഞ്ചാരികളെ ഉള്‍ക്കൊള്ളാനും കഴിയുന്നില്ല. മുത്തങ്ങ വന്യജീവിസങ്കേതത്തിന്റെ വികസനം ഇപ്പോഴും രേഖകളിലൊതുങ്ങുകയാണ്. ജീവനക്കാര്‍ക്ക് താമസിക്കാനുള്ള സൗകര്യം വളരെ പരിമിതമാണ്. ആകെ പത്ത് ക്വാര്‍ട്ടേഴ്‌സുകളാണുള്ളത്. മിക്കവാറും എല്ലാറ്റിനും പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്.
തൊട്ടടുത്തൊന്നും സൗകര്യമൊന്നുമില്ലാത്തതിനാല്‍ ഇടിഞ്ഞുപൊളിഞ്ഞുവീഴാന്‍ നില്‍ക്കുന്ന കെട്ടിടങ്ങളില്‍ ജീവന്‍പണയം വച്ചു കഴിയുകയാണ് ജീവനക്കാര്‍. മഴക്കാലത്ത് മുഴുവന്‍ ചോര്‍ന്നൊലിക്കും. പഴയകാലത്തെ വയറിങ് പൂര്‍ണമായും നശിച്ചുകഴിഞ്ഞു. നനഞ്ഞ ചുവരുകളില്‍ വൈദ്യുതി പ്രവഹിക്കുന്നു. സൂക്ഷിച്ചില്ലെങ്കില്‍ ഷോക്കേല്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പെരിച്ചാഴികളും എലികളും ഇത്തരം വീടുകള്‍ താമസസ്ഥലമാക്കിയിരിക്കയാണ്. ജീവനക്കാരുടെ കുറവും മുത്തങ്ങ വന്യജീവികേന്ദ്രത്തെ അലട്ടുന്നുണ്ട്.

Latest