Connect with us

Kozhikode

ജപ്പാന്‍ കുടിവെള്ള പദ്ധതി ഏപ്രിലില്‍ കമ്മീഷന്‍ ചെയ്യും

Published

|

Last Updated

കോഴിക്കോട്: ജപ്പാന്‍ കുടിവെളള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നും ഏപ്രിലില്‍ ഉദ്ഘാടനം ചെയ്യുമെന്നും ജില്ലാ കലക്ടര്‍ സി എ ലത അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍.
കോഴിക്കോട് കോര്‍പറേഷന്‍, ഗ്രാമപഞ്ചായത്തുകളായ ബാലുശ്ശേരി, നന്മണ്ട, കാക്കൂര്‍, കക്കോടി, ചേളന്നൂര്‍, നരിക്കുനി, കുന്ദമംഗലം, കുരുവട്ടൂര്‍, പെരുവയല്‍, പെരുമണ്ണ, കടലുണ്ടി, ഒളവണ്ണ, തലക്കുളത്തൂര്‍ എന്നിവിടങ്ങളിലെ 13 ലക്ഷമാളുകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയെന്ന് കലക്ടര്‍ പറഞ്ഞു.
2007ല്‍ തുടക്കമിട്ട പദ്ധതിക്ക് 805.6 കോടി രൂപ ചെവഴിച്ചതായി പദ്ധതിയുടെ പ്രൊജക്ട് ഡയറക്ടറും കേരള വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയറുമായ കെ ജി ഹര്‍ഷന്‍ അറിയിച്ചു. പ്രതിദിനം 174 ദശലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യാനാവുന്ന സംവിധാനമാണ് പെരുവണ്ണാമൂഴിയില്‍ ഒരുങ്ങുന്നത്. ഇതില്‍ നിന്ന് പദ്ധതി പ്രദേശത്തെ 20 ജലസംഭരണികളിലേക്ക് വെള്ളമെത്തിക്കും. ഇതില്‍ 17 സംഭരണികളുടെ നിര്‍മാണം പൂര്‍ത്തിയായി. മൂന്നെണ്ണത്തിന്റെ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു. നാല് മാസത്തിനകം പണി പൂര്‍ത്തീകരിക്കും. മൊത്തം 1854 കിലോമീറ്ററിലാണ് പൈപ്പിടുന്നത്. ഇതില്‍ 123 കിലോമീറ്ററിലാണ് പ്രധാന പൈപ്പ് സ്ഥാപിക്കുന്നത്. ട്രാന്‍സിഷന്‍ ലൈന്‍ പ്രവൃത്തി എല്‍ ആന്‍ഡ് ടിയും ട്രീറ്റ്‌മെന്റ് പ്ലാന്റ് ഡിഗ്രാമൊണ്ട് ഫ്രാന്‍സും സംഭരണികള്‍ ഐ വി ആര്‍ സി എല്‍ ഹൈദരാബാദും ചെറുപൈപ്പുകള്‍ ശ്രീറാം ഇ പി സി എല്‍ ചെന്നൈയുമാണ് നടത്തുന്നത്.
കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇ എസ് ഐ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് നാദാപുരം മണ്ഡലത്തില്‍ സ്ഥലം നല്‍കാന്‍ തയ്യാറാണെന്ന് ഇ കെ വിജയന്‍ എം എല്‍ എ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു.
നാദാപുരം മണ്ഡലത്തിലെ കാവിലുംപാറ പഞ്ചായത്തിലുള്ള നാഗംപാറ പ്രദേശത്തെ ചെന്നായ ഭീഷണിക്ക് ശാശ്വത പരിഹാരമുണ്ടാക്കുക, തുലാവര്‍ഷത്തിലെ ഇടിമിന്നലില്‍ തകര്‍ന്ന വീടുകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളടങ്ങിയ പ്രമേയം ഇ കെ വിജയന്‍ എം എല്‍ എ അവതരിപ്പിച്ചു. കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കുക, സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ലോറി ഗതാഗതം തടയുക, കൊടുവള്ളി നിയോജക മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കാനുള്ള കാലതാമസം ഒഴിവാക്കുക, വെള്ളയില്‍ ഫിഷറീസ് ഹാര്‍ബര്‍ നിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീക്കുക, വടകര ബോട്ട് ജെട്ടിയില്‍ വള്ളം കെട്ടിയിടാനുള്ള സൗകര്യമുണ്ടാക്കുക, എസ് എസ് എ ഫണ്ടുപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കുന്ന കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ ജനപ്രതിനിധികളെ പങ്കെടുപ്പിക്കുക, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം നല്‍കാനുള്ള നടപടി സ്വീകരിക്കുക, കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ച നേരിടാന്‍ പ്രഖ്യാപിച്ച ദീര്‍ഘകാല പദ്ധതികളുടെ പ്രവര്‍ത്തനം തുടങ്ങുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു.
യോഗത്തില്‍ എം എല്‍ എമാരായ കെ കുഞ്ഞമ്മദ്, പി ടി എ റഹീം, വി എം ഉമ്മര്‍, സി കെ നാണു, കെ കെ ലതിക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, മന്ത്രി ഡോ. എം കെ മുനീറിന്റെ പ്രതിനിധി കെ മൊയ്തീന്‍കോയ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം എ രമേഷ്‌കുമാര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest