Connect with us

Articles

മാധവ് ഗാഡ്ഗില്‍ ആരുടെ ശത്രുവാണ്?

Published

|

Last Updated

എന്നും കേരളീയര്‍ ഇങ്ങനെയാണ്. എല്ലാവര്‍ക്കും ചര്‍ച്ച ചെയ്യാനും ആശങ്കപ്പെടാനും (പലപ്പോഴും) രാഷ്ട്രീയ നേതാക്കള്‍ക്ക് “ജനകീയരാകാനും” മറ്റും കിട്ടുന്ന ചില അവസരങ്ങള്‍ ഗംഭീരമായി ഉപയോഗിക്കും. ഇതു കാണുന്നവര്‍ക്കു തോന്നുക, ഈ വിഷയം പൂര്‍ണമായി പരിഗണിക്കാതെ ഇവരൊന്നും പിന്മടങ്ങില്ലെന്നാണ്. രണ്ട് വര്‍ഷം മുമ്പ് നടന്ന “മുല്ലപ്പെരിയാര്‍ ആഘോഷം” മറന്നുപോയോ? എന്തൊരു ബഹളമായിരുന്നു ഇവിടെ? അണക്കെട്ട് ഉടന്‍ പൊട്ടുമെന്ന ഭീതി നാട്ടിലാകെ പരത്തി മന്ത്രിമാരും ഭരണപ്രതിപക്ഷ നേതാക്കളും കളിച്ച നാടകങ്ങള്‍…. ചപ്പാത്തിലെ നിരാഹാര പന്തലില്‍ കിടക്കാന്‍ ഇടമില്ലായിരുന്നു; എം എല്‍ എമാരെയും മന്ത്രിമാരെയും കൊണ്ട് നിറഞ്ഞിരുന്നു. ഇപ്പോള്‍ ആരെങ്കിലും മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ ചെല്ലുക! ഈച്ചക്കുട്ടി പോലുമില്ല. സമരം ചെയ്യുന്ന നാട്ടുകാരും നിരപ്പേല്‍ അച്ചനെ പോലെ കുറെ പാവപ്പെട്ട മനുഷ്യരും! ഇതു കാണുന്നവര്‍ കരുതുക, മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്നല്ലേ? പക്ഷേ, നമുക്കറിയാവുന്നിടത്തോളം ആ അണക്കെട്ട് അവിടെ നിലനില്‍ക്കുന്നു. തന്നെയുമല്ല, 2011നെ അപേക്ഷിച്ച് രണ്ട് വയസ്സ് ആ അണക്കെട്ടിനു കൂടുകയാണുണ്ടായത്. പഴക്കം കൂടുമ്പോള്‍ ഉറപ്പ് കൂടുമോ? ഇനിയവിടെ 136 അടിയില്‍ കൂടുതല്‍ വെള്ളം വരികയില്ലെന്ന് ഇവര്‍ക്കുറപ്പുണ്ടോ? 136 അടിയില്‍ ജലം നിന്നാല്‍ അണക്കെട്ട് തകരില്ലെന്നാര്‍ക്കാണുറപ്പ്? എല്ലാം പഴയതു പോലെ!
ഇപ്പോള്‍ മറ്റൊരു വിഷയം ഇടുക്കിയടക്കമുള്ള കിഴക്കന്‍ മേഖലകളെ ഇളക്കിമറിക്കുന്നു. രാഷ്ട്രീയ മത നേതാക്കള്‍ തമ്മില്‍ മത്സരിക്കുന്നു- ആര്‍ക്കാണ് കൂടുതല്‍ ജനപ്രിയതയെന്നതിലാണ് മത്സരം! മുല്ലപ്പെരിയാര്‍ വിഷയത്തിലെ ഈ കപട ബഹളം തുറന്നുകാട്ടാന്‍ ശ്രമിച്ചവരെ- പുതിയ അണക്കെട്ട് തുടങ്ങിയ അബദ്ധവാദങ്ങള്‍ ശരിയല്ലെന്നു പറഞ്ഞവരെ, രാജ്യദ്രോഹികളായി അവതരിപ്പിച്ച് ആക്രമിക്കുകയായിരുന്നില്ലേ? ഇപ്പോള്‍…. അവര്‍ പറയുന്നത് അല്‍പ്പമെങ്കിലും ശരിയായിരുന്നെന്ന് തോന്നേണ്ടതല്ലേ? ഇപ്പോള്‍ വിഷയം ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ്. ആ റിപ്പോര്‍ട്ട് വന്നപ്പോള്‍ തുടങ്ങിയതാണ് കോലാഹലം. ഇടുക്കി, വയനാട് ജില്ലകളിലെ മലയോരവാസികളെ കൂട്ടത്തോടെ കുടിയിറക്കാന്‍ പോകുന്നു. ഇനി പട്ടയം കിട്ടില്ല, കര്‍ഷകര്‍ കൃഷി ചെയ്യാന്‍ കഴിയാതെ പട്ടിണിയാകും…. ഒട്ടും ജനാധിപത്യപരമായല്ല കമ്മിറ്റി പ്രവര്‍ത്തിച്ചത്. മലയോര മേഖലയെയാകെ വനമാക്കാന്‍ പോകുന്നു, വന്യമൃഗങ്ങള്‍ക്ക് മനുഷ്യരേക്കാള്‍ പ്രാധാന്യം നല്‍കുന്നു, എല്ലാ അണക്കെട്ടുകളും പൊളിച്ചുകളയാന്‍ പോകുന്നു, പുതിയ ഒരു റോഡോ റെയിലോ ഇനി വരില്ല. (വിമാനത്താവളം എന്ന് പറയാതെ പറയുന്നവരും!) തുടങ്ങി നിരവധി പ്രഖ്യാപനങ്ങള്‍… ഇതു കേട്ട് മലയോര മേഖല ഇളകി. രാഷ്ട്രീയ മത നേതാക്കള്‍ ഇറങ്ങിയാല്‍ പിന്നെ ജനം എന്തു ചെയ്യും? (ജനങ്ങളുടെ ഓര്‍മശക്തി അധിക കാലം നിലനില്‍ക്കില്ല എന്നതാണ് അവരുടെ ധൈര്യം!)
” ജനകീയ സമ്മര്‍ദം” വളര്‍ന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിന് പരിഹാരം കാണാന്‍ ” കസ്തൂരിരംഗന്‍ കമ്മിറ്റി”യെ നിയോഗിച്ചു. അവര്‍ രാഷ്ട്രീയ നേതാക്കളെ കണ്ടു. മത നേതാക്കളെ കണ്ടു… ആശ്വാസമായി. ഇയാള്‍ തന്നെ കേമന്‍. എന്താണ് ഈ കമ്മിറ്റിയുടെ യോഗ്യതയെന്നോ യഥാര്‍ഥത്തില്‍ എന്തിനാണവരെ നിയമിച്ചിരിക്കുന്നതെന്നോ ആരും നോക്കിയില്ല. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ ഗാഡ്ഗിലിന്റെ പരിപാടി തീരുമെന്നു വിശ്വസിച്ചു പ്രചരിപ്പിച്ചു. എന്നാല്‍, കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് വന്നതോടെ കാര്യങ്ങള്‍ കുഴപ്പമായെന്നാണ് ഹൈറേഞ്ച് സംരക്ഷണ സമിതി തന്നെ പറയുന്നത്.
ഐ എസ് ആര്‍ ഒ എന്ന ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞനായിരുന്നു കസ്തൂരിരംഗന്‍. ജൈവവൈവിധ്യമാണ് പശ്ചിമഘട്ട സംരക്ഷണത്തിലെ ഏറ്റവും പ്രധാന വിഷയം. എന്നാല്‍ കസ്തൂരി രംഗനടക്കം ആ സമിതിയില്‍ ഈ വിഷയം അറിയാവുന്ന ഒരാള്‍ പോലുമില്ല! ഗാഡ്ഗില്‍ സമിതിയില്‍ ബഹുഭൂരിപക്ഷവും പരിസ്ഥിതി ശാസ്ത്രജ്ഞര്‍. ജൈവവൈവിധ്യ രംഗത്തെ പ്രഗത്ഭര്‍. 1980, 86 വര്‍ഷങ്ങളിലെ വനം, പരിസ്ഥിതി നിയമങ്ങള്‍ ( അതിന്റെ നിരവധി തുടര്‍ച്ചകളും അനുബന്ധങ്ങളും) നടപ്പിലാക്കുന്നതില്‍ പശ്ചിമഘട്ടത്തില്‍ നിരവധി വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നു കണ്ടെത്തിയതിനാലാണ് ഗാഡ്ഗില്‍ സമിതിയെ നിയോഗിക്കുന്നതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തന്നെ പറയുന്നു. എന്നാല്‍, കസ്തൂരിരംഗന്‍ സമിതിയുടെ നിയമനമോ? ആ റിപ്പോര്‍ട്ടിന്റെ 28-ാം പേജില്‍ത്തന്നെ പറയുന്നു- “ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി നിരവധി പ്രതികരണങ്ങളുണ്ടായി. ( അതിന്റെ തരം തിരിച്ച കണക്കും നല്‍കുന്നുണ്ട്.) പശ്ചിമഘട്ട പരിസ്ഥിതി പാനല്‍ (ഗാഡ്ഗില്‍ കമ്മിറ്റി) റിപ്പോര്‍ട്ട് സംബന്ധിച്ച് എന്തു ഭാവി നടപടികള്‍ സ്വീകരിക്കണമെന്നാലോചിക്കാനാണ് കസ്തൂരിരംഗന്‍ സമിതിയെ നിയോഗിച്ചത്. ആ നടപടികള്‍ കൃത്യമായി കണ്ടെത്തി പ്രവര്‍ത്തന പരിപാടി ഉണ്ടാക്കാനും – അതും ഏറ്റവും സമഗ്രവും ഫലപ്രദവുമായി! പക്ഷേ, റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ സ്ഥാപിത ലക്ഷ്യങ്ങള്‍ പാലിക്കുന്നുവോ? ഇല്ലെന്നു തീര്‍ത്തു പറയാം.
പാരിസ്ഥിതിക വിലോല മേഖല ( എ എസ് ഇസഡ്) തരംതിരിക്കുകയായിരുന്നു ഗാഡ്ഗില്‍- ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ. ഇതിനെതിരെ ശക്തമായ വിമര്‍ശം വന്നു. യഥാര്‍ഥത്തില്‍ ഇത് ഗാഡ്ഗിലിന്റെ കണ്ടുപിടിത്തമല്ല. ഇപ്പോള്‍ നിലനില്‍ക്കുന്ന ഒന്നാണത്. കേരളമടക്കം എല്ലാ തീരദേശ സംസ്ഥാനങ്ങളിലുമുള്ള തീരദേശ സംരക്ഷണ നിയമത്തില്‍ ( സി ആര്‍ ഇസഡ്) മൂന്ന് മേഖലകളായി തിരിക്കുന്നുണ്ട്. പശ്ചിമഘട്ടത്തില്‍ തന്നെ മഹാരാഷ്ട്രയിലെ പൂനക്കടുത്തുള്ള മഹാബലേശ്വര്‍, പഞ്ചഗണി തുടങ്ങിയ പ്രദേശങ്ങളില്‍ ഇത്തരം മേഖലാ വിഭജനം അനേക വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. ആ പ്രദേശം മേഖലാ വിഭജനം നടത്തണമെന്നാവശ്യപ്പെട്ടത് അന്നാട്ടിലെ ജനകീയ സഭകളാണ്.
1,64,000 ചതു. കി. മീ. വിസ്തീര്‍ണമുള്ള പശ്ചിമഘട്ടത്തിന്റെ 37 ശതമാനം (60,000 ചതു. കി. മീ.) മാത്രം പ്രകൃതിദത്ത മേഖലയും ബാക്കി 63 ശതമാനം സാംസ്‌കാരിക മേഖലയുമെന്ന രീതിയിലാണ് കസ്തൂരി രംഗന്റെ വിഭജനം. കേരളത്തിലെ 123 ഗ്രാമങ്ങള്‍ ഇത്തരത്തില്‍ സ്വാഭാവിക മേഖല ( അഥവാ പരിസ്ഥിതിവിലോല മേഖല) ആയി കസ്തൂരിരംഗന്‍ തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. ഇടുക്കി(48), പാലക്കാട്(14), വയനാട്(13), മലപ്പുറം(10), കോഴിക്കോട് (9), കൊല്ലം(8), തിരുവനന്തപുരം (7), പത്തനംതിട്ട(6), കോട്ടയം(4), കണ്ണൂര്‍(3), തൃശ്ശൂര്‍ (1) എന്നിങ്ങനെയാണ് ആ ഗ്രാമങ്ങളുടെ തരംതിരിവ്. കമ്മിറ്റി തന്നെ പറയുന്നത് യഥാര്‍ഥത്തില്‍ 41 ശതമാനം പ്രദേശം സ്വാഭാവിക മേഖലയായുണ്ട്. പക്ഷേ, ഗ്രാമങ്ങളെ തരംതിരിച്ചപ്പോള്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ മൂലമാണ് 37 ശതമാനമായത്. ഈ മാനദണ്ഡം തന്നെയാണ് പ്രശ്‌നം. ഒരു പ്രദേശത്തെ സ്വാഭാവിക മേഖലയോ സാംസ്‌കാരിക മേഖലയോ ആയി തരം തിരിക്കുന്നതിന് ഉപയോഗിക്കുന്ന വിവരങ്ങള്‍- ജൈവ സമ്പന്നത (വളരെ ഉയര്‍ന്നത്, ഉയര്‍ന്നത്, ഇടത്തരം, കുറവ്) , ഈ സമ്പന്നതയിലെ ഛിന്നഭിന്നത ( മുറിവുകള്‍) (കൂടിയത്, ഇടത്തരം, കുറവ്), ജനസാന്ദ്രത ( ചതുരശ്ര കി. മീ.യില്‍ 100 ല്‍ താഴെ, അധികം) എന്നിവയാണ്. ഇതിന്റെ യുക്തി ഇങ്ങനെയാണ്. 1. ജൈവ സമ്പന്നത വളരെ ഉയര്‍ന്നതാണെങ്കില്‍ അല്‍പ്പം ഛിന്നഭിന്നമാണെങ്കിലും (ഇടത്തരം വരെ) അത് സ്വാഭാവിക പ്രദേശമാണ്. എന്നാല്‍, ഛിന്നഭിന്നത, “കൂടുതല്‍”, ആണെങ്കില്‍ എത്ര ഉയര്‍ന്ന ജൈവ സമ്പന്നതയുള്ളതാണെങ്കിലും “സാംസ്‌കാരിക പ്രദേശമാണ്”. ഇതു തന്നെ പ്രശ്‌നമാണ്. ഉയര്‍ന്ന ജൈവസമ്പന്നതയുള്ള പ്രദേശമെങ്കില്‍ എത്ര ഛിന്നഭിന്നതയുണ്ടെങ്കിലും അതെല്ലാം ഒഴിവാക്കി സംരക്ഷിക്കേണ്ടതില്ലേ? ഉയര്‍ന്ന ജൈവസമ്പന്നതയും കുറഞ്ഞ ഛിന്നഭിന്നതയുമാണെങ്കിലും സംരക്ഷിതപ്രദേശമാണ്. (സ്വാഭാവിക മേഖല) എന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. എന്നാല്‍ ഉയര്‍ന്ന ജൈവസമ്പന്നതയാണെങ്കിലും ഇടത്തരം “ഛിന്നഭിന്നത”യാണെങ്കില്‍, ജനസാന്ദ്രത എന്ന പ്രശ്‌നം വരുന്നു. ഇത്തരം പ്രദേശത്ത് ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററില്‍ നൂറിലധികമെങ്കില്‍ അത് “സാംസ്‌കാരിക പ്രദേശം” ( സംരക്ഷിക്കപ്പെടാത്തത്) ആകുന്നു. നൂറില്‍ തഴെയെങ്കില്‍ സംരക്ഷിതവും. ഇവിടെ നിരവധി പ്രശ്‌നങ്ങളുണ്ട്. ഒരു ഗ്രാമം (വില്ലേജ്) ആണ് പരിഗണിക്കപ്പെടുന്നത്. പത്ത് ചതുരശ്ര കി. മീ. ഉള്ള ഒരു വില്ലേജില്‍ മൊത്തം ജനസംഖ്യ 1000ല്‍ അധികമെങ്കില്‍ ( ഒരു ഹെക്ടറിന് ഒരാള്‍ എന്ന രീതി) പിന്നെ ആ പ്രദേശത്ത് എന്തും ചെയ്യാം. ഒരു നിയന്ത്രണവുമില്ല.
60,000 ചതുരശ്ര കി. മീ. എന്നു പറയുമ്പോള്‍ ഒരുപാട് പ്രദേശമുണ്ടെന്നു തോന്നാം. നിലവിലുള്ള ” സംരക്ഷിത വന” പ്രദേശം മാത്രമാണിത് എന്നു കാണാം. ദേശീയോദ്യാനം ( സൈലന്റ്‌വാലി മുതലായവ ) സര്‍ക്കാര്‍ സംരക്ഷിത വനം തുടങ്ങിയവ മാത്രമാണിത്. ഒരു വനം സംരക്ഷിക്കപ്പെടണമെങ്കില്‍ ചുറ്റും ഒരു ബഫര്‍ സോണ്‍ വേണം. അതുപോലുമില്ലാതെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നര്‍ഥം. ഇത് വനസംരക്ഷണ നിയമത്തിന്റെ തന്നെ ലംഘനമാണ്.
കസ്തൂരിരംഗന്‍ കമ്മിറ്റിക്കു മുമ്പാകെ കേരള സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളും അഭിപ്രായങ്ങളും തന്നെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുന്നു. പത്ത് വര്‍ഷത്തിനകം കേരളമാകെ ജൈവ കാര്‍ഷിക മേഖലയാക്കണം എന്ന ഗാഡ്ഗില്‍ നിര്‍ദേശം സര്‍ക്കാര്‍ പൂര്‍ണമായി അംഗീകരിക്കുന്നു. ( ഇത് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കേരള നിയമസഭ ഐകകണ്‌ഠ്യേന അംഗീകരിച്ചതാണ്.) ഇതുപോലെ തന്നെ, വന- ജൈവ വൈവിധ്യ ശിപാര്‍ശകള്‍, ജൈവവൈവിധ്യ സംരക്ഷണത്തിന് സഹായം, അപകടകരമായ മാലിന്യങ്ങളും “റെഡ് കാറ്റഗറി” (മാംസ മാലിന്യങ്ങളുള്ള) വ്യവസായങ്ങളും ഒഴിവാക്കല്‍, കെട്ടിട നിര്‍മാണ നിയന്ത്രണം, പ്ലാസ്റ്റിക് വ്യാപനം തടയല്‍, ജനിതക രൂപഭേദം വരുത്തിയ വിളകളെ നിരോധിക്കല്‍… എല്ലാം തങ്ങള്‍ക്കു സ്വീകാര്യമെന്ന് സംസ്ഥാന സര്‍ക്കാര്‍.
പിന്നെന്തുകൊണ്ട് എതിര്‍ക്കുന്നു? പ്രധാന വാദം കര്‍ഷകര്‍ ഏറെക്കാലമായി (നാല് പതിറ്റാണ്ടിലധികമായി) പട്ടയം കിട്ടാതെ വലയുകയാണ്. ഗാഡ്ഗില്‍ ശിപാര്‍ശകള്‍ അംഗീകരിച്ചാല്‍ ഇതിന് ബുദ്ധിമുട്ടാകുമെന്നു കര്‍ഷകര്‍ ഭയക്കുന്നു. ഇതില്‍ അല്‍പ്പം യാഥാര്‍ഥ്യമുണ്ടെന്നു വാദത്തിനു വേണ്ടി സമ്മതിക്കാം. പക്ഷേ, അതിലേറെ തട്ടിപ്പുമുണ്ട്. 1977നു മുമ്പ് ഇടുക്കിയില്‍ കുടിയേറിയ (കൈയേറിയ) എല്ലാവര്‍ക്കും ഭൂമിപട്ടയം നല്‍കാന്‍ സര്‍ക്കാര്‍ 1993ല്‍ തീരുമാനിച്ച് ഉത്തരവിറക്കിയതാണ്. 50,000 ഓളം പേര്‍ക്കാണ് ഭൂമി ഇത്തരത്തില്‍ നല്‍കേണ്ടതെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇതിനായി 21,000ല്‍പരം ഹെക്ടര്‍ ഭൂമി കണ്ടെത്തിയതുമാണ്. അതിനെ വനഭൂമിയില്‍ നിന്നൊഴിവാക്കുകയും ചെയ്തു. എന്നാല്‍ പ്രശ്‌നം അതല്ല. ഇപ്പോള്‍ 50,000 എന്നത് നാലിരട്ടിയില്‍ അധികമായിരിക്കുന്നു എന്നാണ് സമരസമിതി പറയുന്നത്. 1993 നു ശേഷം 1977 ന് മുമ്പ് കൈയേറിയവരുടെ എണ്ണം കൂടിയതെങ്ങനെ എന്ന ലളിത ചോദ്യത്തിന് മറുപടിയില്ല. (അന്ന് അപേക്ഷിക്കാന്‍ പറ്റാത്തവര്‍ എന്ന തൊടുന്യായം മാത്രം!) ഈ പുതിയവര്‍ക്കു ഭൂമി നല്‍കണമെങ്കില്‍ സര്‍ക്കാര്‍ ഭൂമി നല്‍കണം. ഗാഡ്ഗില്‍ കമ്മിറ്റി പറയുന്നു, സര്‍ക്കാര്‍ ഭൂമി ഇനി സ്വകാര്യ വ്യക്തികള്‍ക്കു പതിച്ചുകൊടുക്കാന്‍ പാടില്ലെന്ന്. ചുരുക്കത്തില്‍ ഒരിക്കലും അവസാനിക്കാത്ത ഒരു പട്ടികയാണ് കൈയേറ്റക്കാരുടെത്. 1977ല്‍ ജനിക്കാത്തവരോ കേവലം രണ്ടോ മൂന്നോ വയസ്സുള്ളവരോ പോലും ഇപ്പോള്‍ 1977നു മുമ്പ് കയറിയവരാകുന്നു. ഇത്തരം കൊള്ള തടയുപ്പെടുമെന്ന ഭീതിയാണ് ഗാഡ്ഗിലിനെതിരെ വാളെടുക്കാനുള്ള ഒരു കാരണം. ഒപ്പം പാറമട ഖനനം ലോബിയും ടൂറിസം റിസോര്‍ട്ട് ലോബിയുമെല്ലാം ചേര്‍ന്നുള്ള ഐക്യമുന്നണിയുടെ “പോരാട്ട”മാണിത്. രണ്ട് വോട്ട് കൂടുതല്‍ കിട്ടാന്‍ വേണ്ടി ഏത് അഴിമതിയെയും അസത്യത്തെയും ന്യായീകരിക്കാന്‍ മടിക്കാത്ത രാഷ്ട്രീയ നേതാക്കളും കൂടെയുണ്ട്. പശ്ചിമഘട്ടത്തെ ഇനി ആര് രക്ഷിക്കാന്‍?

Latest