വാവ സുരേഷ് ആനിമല്‍ പ്ലാനറ്റിലേക്ക്

Posted on: October 26, 2013 7:02 pm | Last updated: October 26, 2013 at 7:27 pm

vavasureshതിരുവനന്തപുരം: ഉഗ്രവിഷ മുള്ള പാമ്പുകളെ പോലും നിസ്സാരമായി പിടികൂടി ശ്രദ്ധേയനായ വാവ സുരേഷിന്റെ ജീവിതം പകര്‍ത്താന്‍ ആനിമല്‍ പ്ലാനറ്റ് സംഘമെത്തുന്നു.

തിരുവനന്തപുരത്ത് എത്തുന്ന അനിമല്‍ പ്ലാനറ്റ് സംഘം ഒരാഴ്ച വാവ സുരേഷിനെ പിന്തുടര്‍ന്നാകും ജീവിതം പകര്‍ത്തുക. പാമ്പുപിടുത്തത്തിനായുള്ള സുരേഷിന്റെ യാത്രകള്‍ കാമറയില്‍ പകര്‍ത്തുകയാണ് സംഘത്തിന്റെ പ്രധാന ഉദ്ദേശ്യം. ശാസ്ത്രീയമായ യാതൊരു പരിശീലനവും സിദ്ധിക്കാതെ ഉഗ്രവിഷമുള്ള പാമ്പുകളെ അനുസരിപ്പിക്കുന്ന സുരേഷിന്റെ രീതിയാണ് അനിമല്‍ പ്ലാനറ്റ് അധികൃതരെ വിസ്മയിപ്പിച്ചത്.

സഹായമഭ്യര്‍ഥിച്ച് ഫോണിലെത്തുന്ന വിളികള്‍ പിന്തുടര്‍ന്നെത്തുന്ന വാവ സുരേഷ് ഏത് പാമ്പിനേയും തന്റെ വരുതിയിലാക്കും. രണ്ട് ദശാബ്ദത്തിനുളളില്‍ ഏകദേശം മുപ്പതിനായിരം പാമ്പുകളെ വാവ സുരേഷ് പിടികൂടിയതായാണ് കണക്കുകള്‍. ഉഗ്രവിഷമുള്ള പാമ്പുകളും ഇതില്‍ ഉള്‍പ്പെടും. പല തവണ പാമ്പുകടിയേറ്റിട്ടുള്ള വാവ സുരേഷ് അടുത്തിടെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. പാമ്പു കടിയേറ്റതിനെ തുടര്‍ന്ന് സുരേഷിന്റെ ഒരു കൈവിരല്‍ മുറിച്ചുകളയുകയും ചെയ്തിട്ടുണ്ട്. പലയിടത്തും പാമ്പുകളുടെ സ്വഭാവത്തെക്കുറിച്ച് ക്ലാസെടുക്കാനും വാവ സുരേഷ് പോകുന്നുണ്ട്.

തിരുവനന്തപുരം നഗരത്തിനടുത്ത് ശ്രീകാര്യത്തുള്ള ഒരു നിര്‍ദ്ധന കുടുംബത്തിലാണ് വാവ സുരേഷ് ജനിച്ചത്. കുട്ടിയായിരിക്കെ മുതല്‍ പാമ്പുകളോട് പ്രത്യേക താല്‍പര്യം തോന്നിയ സുരേഷ് പന്ത്രണ്ടാം വയസില്‍ ഒരു മൂര്‍ഖന്‍ കുഞ്ഞിനെ പിടികൂടി രഹസ്യമായി വീട്ടില്‍ സൂക്ഷിച്ചിരുന്നു. പാമ്പുകളുടെ സ്വഭാവം പഠിക്കുക എന്നതായിരുന്നു ലക്ഷ്യം.

പാമ്പുപിടുത്തത്തിലെ വൈദഗ്ധ്യം മുന്‍നിര്‍ത്തി സുരേഷിന് ജോലി നല്‍കാമെന്ന് വനംവകുപ്പ് വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.

ആനിമല്‍ പ്ലാനറ്റില്‍ ഇടം പിടിക്കുന്നതോടെ വാവ സുരേഷിന്റെ പ്രശസ്തി ലോകം മുഴുവന്‍ വ്യാപിക്കും. നിരവധി മൃഗസ്‌നേഹികളെയും അവരുടെ സാഹസീകതയും ലോകത്തിന് മുന്നിലെത്തിച്ച ടെലിവിഷന്‍ ചാനലാണ് ആനിമല്‍ പ്ലാനറ്റ്.