Connect with us

Gulf

സ്വാഗതം, ദുബൈ വിസ്മയം അനുഭവിക്കൂ..

Published

|

Last Updated

വേള്‍ഡ് എക്‌സ്‌പോ പ്രതിനിധികള്‍ ഇന്ന് ദുബൈ സന്ദര്‍ശിക്കാന്‍ എത്തുന്നു. ബ്യൂറോ ഇന്റര്‍നാഷനല്‍ ഡേ എക്‌സിബിഷനിലെ (ബി ഐ ഇ) 250 പ്രതിനിധികളാണ് ദുബൈ നഗരത്തിന്റെ വിസ്മയങ്ങള്‍ കാണാനെത്തുന്നത്. 167 രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍.

ബുര്‍ജ് ഖലീഫ, ഡി പി വേള്‍ഡ്, എമിറേറ്റ്‌സ് ഏവിയേഷന്‍ അക്കാദമി, ശൈഖ് മുഹമ്മദ് സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ അണ്ടര്‍സ്റ്റാന്റിഡിംഗ്, ഷാര്‍ജ മ്യൂസിയം ഓഫ് ഇസ്്‌ലാമിക് സിവിലൈസേഷന്‍, അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്, മസ്ദര്‍ സിറ്റി എന്നിവ സന്ദര്‍ശിക്കും. പ്രതിനിധികള്‍ സിമ്പോസിയങ്ങളില്‍ പങ്കെടുക്കും.
ദുബൈ നഗരത്തിന്റെ വളര്‍ച്ച അഭൂതപൂര്‍വമാണ്. യു എ ഇ വൈസ് പ്രൈസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂമിന്റെ നേതൃത്വത്തില്‍ ലോകത്തെ ഏറ്റവും മികച്ച നഗരമായി ദുബൈ മാറുകയാണ്. വാണിജ്യ മേഖലയിലുള്ളവരും ഉദ്യോഗസ്ഥരും സാധാരണക്കാരും തൊഴിലാളികളും ദുബൈയുടെ മഹിമക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ഇത്തരമൊരു പാരസ്പര്യം ലോകത്ത് മറ്റൊരിടത്തും ഉണ്ടാകില്ല.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൗകര്യങ്ങളെ, നഗര വളര്‍ച്ചക്കു വേണ്ടി ഉപയോഗിച്ചതാണ് ഈ നേട്ടത്തിനു കാരണം. ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്്തൂമിന്റെ ദീര്‍ഘവീക്ഷണവും മാനവികബോധവും അതിനു രാസത്വരകമായി.
ശൈഖ് റാശിദാണ് ദുബൈ ക്രീക്കിന്റെയും തുറമുഖത്തിന്റെയും വികസനത്തിന് തറക്കല്ലിട്ടത്. അതിന്റെ തുടര്‍ച്ചയായി ശൈഖ് മുഹമ്മദ് രാജ്യാന്തര വിമാനത്താവളങ്ങളും മെട്രോ ട്രെയിനും എണ്ണമറ്റ സ്വതന്ത്ര വ്യാപാര മേഖലകളും സ്ഥാപിച്ചു. എല്ലാ മേഖലയിലും ഒന്നാം സ്ഥാനത്തെത്തുക എന്ന ദൃഢനിശ്ചയത്തോടെയാണ് ശൈഖ് മുഹമ്മദ് നീങ്ങുന്നത്. അത് നഗരത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി. ലോകത്തിലെ ഉയരം കൂടിയ കെട്ടിടം ദുബൈയിലാണ്. വലിയ യാത്രാ വിമാനത്താവളം യാഥാര്‍ഥ്യമാകാന്‍ പോകുന്നു. 2020 ലെ വേള്‍ഡ് എക്‌സ്‌പോ ദുബൈയിലെത്തുകയാണെങ്കില്‍, ലോകത്തെ ഏറ്റവും ആധുനിക നഗരമായും പ്രബല വാണിജ്യ കേന്ദ്രമായും ദുബൈ മാറും.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസന പദ്ധതികളാണ് ദുബൈ ആവിഷ്‌കരിക്കുന്നത്. സൗരോര്‍ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതി അതിലൊന്ന്. മിക്ക സര്‍ക്കാര്‍ കാര്യാലയങ്ങളും പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങള്‍ അവലംബിക്കുന്നു.
മനസുകളെ ബന്ധിപ്പിക്കല്‍; ഭാവിയെ പരുവപ്പെടുത്തല്‍ (കണക്റ്റിംഗ് മൈന്‍ഡ്‌സ്, ക്രിയേറ്റിംഗ് ഫ്യൂച്ചര്‍) എന്നതാണ് ദുബൈയുടെ സന്ദേശം. ഇത് പ്രതിനിധികള്‍ മനസിലാക്കുമെന്നാണ് പ്രതീക്ഷ. ദുബൈ, മനസിന്റെ എല്ലാ ജാലകങ്ങളെയും തുറന്നിട്ടിരിക്കുകയാണ്. സൗഹൃദത്തിന്റെ മൃദുല ഹസ്തം ലോകത്തിന് നീട്ടുകയാണ്. അത് ലോകരാജ്യ പ്രതിനിധികള്‍ ഉള്‍ക്കൊള്ളണം.
എക്‌സ്‌പോ 2020ന് ആതിഥ്യം വഹിക്കാന്‍ ദുബൈ നഗരത്തിന് അവസരം ലഭിച്ചാല്‍ 2,77,000 തൊഴില്‍ അവസരങ്ങളാവും സൃഷ്ടിക്കപ്പെടുക. ആറു മാസം നീണ്ടു നില്‍ക്കുന്ന എക്‌സ്‌പോയാവും ഇതിന് സാഹചര്യം സൃഷ്ടിക്കുക.
ഇതോടൊപ്പം ആയിരക്കണക്കിന് കോടി ദിര്‍ഹത്തിന്റെ വരുമാനവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുകിയെത്തുമെന്നും മന്ത്രിയും എക്‌സ്‌പോക്കായുള്ള നാഷനല്‍ കമ്മിറ്റി ഹെഡുമായ റീം അല്‍ ഹാശിമി വ്യക്തമാക്കി. 2020 ഒക്ടോബര്‍ മുതല്‍ 2021 ഏപ്രില്‍ വരെയുള്ള കാലത്താവും എക്‌സ്‌പോ. ജബല്‍ അലിയും ദുബൈ ട്രേഡ്‌സെന്ററുമാവും വേള്‍ഡ് എക്‌സ്‌പോ 2020ന്റെ മുഖ്യ വേദികള്‍. 2.5 കോടി ജനങ്ങള്‍ വിദേശങ്ങളില്‍ നിന്നും എക്‌സ്‌പോക്ക് എത്തും. എക്‌സ്‌പോ ചരിത്രത്തിലെ ഏറ്റവും വലിയ സന്ദര്‍ശന പ്രവാഹത്തിനാവും അവസരം ലഭിച്ചാല്‍ ദുബൈ സാക്ഷിയാവുക.
150 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എക്‌സ്‌പോ വേദി തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത മാസം 27ന് വോട്ട് ചെയ്യും. ദുബൈക്ക് ഇതില്‍ വിജയ പ്രതീക്ഷയുണ്ട്. വിജയിച്ചാല്‍ സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്ന തയ്യാറെടുപ്പുകളാവും രാജ്യം നടത്തുക.
സന്ദര്‍ശകരായി എക്‌സ്‌പോക്ക് എത്തുന്നവരില്‍ 70 ശതമാനവും രാജ്യത്തിന്റെ പുറത്തു നിന്നാവും. എക്‌സ്‌പോ വാണിജ്യേതരമായ സംഭവമാണ്. അറിവ് സമ്പാദിക്കാനും കണ്ടുപിടുത്തങ്ങളെ ജനങ്ങളില്‍ എത്തിക്കാനും ആഗോളതലത്തില്‍ ജനങ്ങള്‍ തമ്മിലുള്ള വിനിമയം കൂടുതല്‍ ഊഷ്മളമാക്കാനും ലക്ഷ്യമിട്ടാണ് വേള്‍ഡ് എക്‌സ്‌പോ സംഘടിപ്പിക്കപ്പെടുന്നത്.
വ്യാപാരസാമ്പത്തികനിക്ഷേപ മേഖലയില്‍ രാജ്യത്തിന് പൊതുവിലും ദുബൈക്ക് പ്രത്യേകിച്ചും ഇതിലൂടെ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു .

Latest