Connect with us

Editorial

അമേരിക്കയുടെ മുട്ടുശാന്തി

Published

|

Last Updated

പതിനാറ് ദിവസം പിന്നിട്ട അമേരിക്കന്‍ “അടച്ചുപൂട്ടലി”ന് താത്കാലിക പരിഹാരമായിരിക്കുന്നു. കടമെടുക്കല്‍ പരിധി ഉയര്‍ത്താനും ഖജനാവില്‍ നിന്ന് പണമെടുക്കാനും സര്‍ക്കാറിന് അനുവാദം നല്‍കുന്ന ബില്‍ പാസ്സായതോടെയാണ് സാമ്പത്തിക അടിയന്തരാവസ്ഥയുടെ കെടുതിയില്‍ നിന്ന് അമേരിക്കന്‍ ജനത കരകയറുന്നത്. കടമെടുപ്പ് പരിധി ഉയര്‍ത്താനുള്ള അവസാന തീയതി ഒക്‌ടോബര്‍ 17 ആയിരുന്നു. കൃത്യം ആ മണിക്കൂറുകള്‍ പിന്നിടുന്നതിന് തൊട്ടുമുമ്പ് പ്രസിഡന്റ് ബരാക് ഒബാമയും റിപ്പബ്ലിക്കന്‍ അംഗങ്ങളും ധാരണയിലെത്തിയതോടെയാണ് പ്രശ്‌നപരിഹാരത്തിന് വഴി തെളിഞ്ഞത്. കടമെടുപ്പ് ബില്‍ സെനറ്റും ജനപ്രതിനിധി സഭയും പാസ്സാക്കുകയും പ്രസിഡന്റ് ഒപ്പ് വെക്കുകയും ചെയ്തതോടെ ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു തുടങ്ങി. സാമ്പത്തിക അടിയന്തരാവസ്ഥ സമ്പദ്‌വ്യവസ്ഥക്ക് വരുത്തി വെച്ച നഷ്ടം 2400 കോടി ഡോളറാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വളര്‍ച്ചയില്‍ 0.6 ശതമാനം കുറവുണ്ടാകുമെന്ന് എസ് ആന്‍ഡ് പി പോലുള്ള ഏജന്‍സികള്‍ പ്രവചിക്കുന്നുമുണ്ട്. പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായെങ്കിലും അത് ഏല്‍പ്പിച്ച ആഘാതം അപ്പടി തുടരുമെന്നര്‍ഥം.
ഈ അടച്ചുപൂട്ടല്‍ അമേരിക്കയുടെ ആഭ്യന്തര കാര്യമാണെങ്കിലും നിലവിലുള്ള ആഗോള സാമ്പത്തിക വഴക്കങ്ങള്‍ക്കനുസരിച്ച് അത് ലോകരാഷ്ട്രങ്ങളെയാകെ ബാധിക്കുന്നതാണ്. അമേരിക്കയുടെ പ്രശ്‌നം ലോകത്തിന്റെ പ്രശ്‌നമായി നിലനില്‍ക്കണമെന്ന് അവിടുത്തെ ഭരണാധികാരികള്‍ എക്കാലത്തും ആഗ്രഹിച്ചിരുന്നു. യു എസ് ഏറ്റവും വലിയ സാമ്പത്തിക, രാഷ്ട്രീയ ശക്തിയായി നിലനില്‍ക്കുന്നത് മറ്റുള്ളവയുടെ ചെലവിലാണ്. ചുറ്റും ഗ്രഹങ്ങള്‍ കറങ്ങാനുള്ളത് കൊണ്ട് കത്തിജ്വലിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. അത്‌കൊണ്ട് അടച്ചുപൂട്ടലിന്റെ കാരണങ്ങളും ഇപ്പോള്‍ കൈക്കൊണ്ട പരിഹാരക്രിയകളുടെ ആയുസ്സും ഇന്ത്യടക്കമുള്ള രാജ്യങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്.
സാമ്പത്തിക അടിയന്തരാവസ്ഥയുടെ കാരണം തേടുമ്പോള്‍ ആദ്യം കണ്ണില്‍ പെടുക രാഷ്ട്രീയം തന്നെയാണ്. സെനറ്റില്‍ മാത്രമാണ് ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിക് ഭൂരിപക്ഷമുള്ളത്. ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് മേല്‍ക്കൈ. ഇരു സഭകളും പാസ്സാക്കിയാല്‍ മാത്രമേ ബജറ്റ് നിലവില്‍ വരികയുള്ളൂ. ഒബാമയുടെ അഭിമാനപദ്ധതിയായ ആരോഗ്യരക്ഷാ പദ്ധതി നിര്‍ത്തിവെക്കാതെ ബജറ്റ് പാസ്സാക്കാന്‍ സഹകരിക്കില്ലെന്ന് റിപ്പബ്ലിക്കന്‍മാര്‍ ശഠിച്ചു. ഒബാമ കെയര്‍ എന്ന് അവര്‍ അപഹസിക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കള്‍ താഴേ തട്ടിലുള്ളവരും ഇടത്തരക്കാരുമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വോട്ട് ബേങ്കായ അതിസമ്പന്നര്‍ക്ക് ഈ പദ്ധതിയില്‍ നിന്ന് ഗുണം ലഭിക്കില്ലെന്ന് മാത്രമല്ല, അവരില്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഒബാമ കെയര്‍ വന്‍ ധൂര്‍ത്താണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തീവ്രവാദികളായ ടീ പാര്‍ട്ടിക്കാര്‍ വാദിച്ചു. എന്നാല്‍ പദ്ധതി നിര്‍ത്തി വെക്കാനോ വൈകിപ്പിക്കാനോ തയ്യാറാല്ലെന്ന് ഡെമോക്രാറ്റുകളും ഒബാമയും ശഠിച്ചു. അതോടെ എല്ലാ അനുരഞ്ജന ശ്രമങ്ങളും അസ്തമിച്ചാണ് ഒക്‌ടോബര്‍ ഒന്നിന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കോര്‍പ്പറേറ്റുകള്‍ ഭരണവ്യവസ്ഥയെ ബന്ദിയാക്കുന്നതാണ് അടച്ചുപൂട്ടപ്പെട്ട അമേരിക്കയില്‍ കണ്ടത്. അവര്‍ക്ക് കൊട്ടക്കണക്കിന് നികുതി ഇളവ് നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമായിരുന്നു. പ്രസിഡന്റ് ഒബാമ അവര്‍ക്ക് വഴങ്ങിയില്ലെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും ആഗോളതലത്തില്‍ നിരവധി കരാറുകള്‍ തരപ്പെടുത്തിക്കൊടുത്ത് അദ്ദേഹം കോര്‍പ്പറേറ്റുകളെ ആവോളം പ്രീണിപ്പിക്കുന്നുണ്ട്. എന്നിട്ടും അദ്ദേഹത്തിന് ആഭ്യന്തരമായ പിന്തുണ നല്‍കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നത് അമേരിക്കന്‍ രാഷ്ട്രീയ വ്യവസ്ഥയുടെ ആന്തരിക ദൗര്‍ബല്യത്തെയാണ് കാണിക്കുന്നത്.
പ്രശ്‌നത്തിന്റെ സാമ്പത്തിക വശവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അമേരിക്ക കാലങ്ങളായി നടത്തിവരുന്ന ബാഹ്യ ഇടപെടലുകളുടെ ആത്യന്തിക ഫലം തന്നെയാണ് ഈ പ്രതിസന്ധി. ഇറാഖ്, അഫ്ഗാന്‍ പോലുള്ള ആക്രമണ തുറകള്‍ അമേരിക്കയില്‍ ഏല്‍പ്പിക്കുന്ന സാമ്പത്തിക ആഘാതം ഭീകരമാണ്. കൂടുതല്‍ കടമെടുത്തും കൂടുതല്‍ ചെലവിട്ടുമാണ് രാജ്യം ഇത് മറികടക്കുന്നത്. നേരിയ വ്യതിയാനങ്ങള്‍ പോലും സമ്പദ്‌വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ പാകത്തില്‍ ഭീമാകാരം പ്രാപിക്കുന്നത് അത്‌കൊണ്ടാണ്.
ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണ തികച്ചും താത്കാലികമാണ്. ബജറ്റ് പാസ്സാക്കാതെ വരുമ്പോഴുള്ള താത്കാലിക സംവിധാനമായാണ് കടമെടുപ്പ് ബില്ലിനെ കാണുന്നത്. ഫെബ്രുവരി ഏഴ് വരെ മാത്രമേ ഇതിന് പരമാവധി ആയുസ്സുള്ളൂ. ബജറ്റ് പാസ്സാക്കുക തന്നെയാണ് ദീര്‍ഘകാല പരിഹാരം. അവിടേക്ക് എത്തുമ്പോള്‍ പിന്നെയും പ്രതിസന്ധി തുടങ്ങും. പിന്നെയും ആഗോള കമ്പോളം ഇടിയും. ഇന്ത്യയിലടക്കം തുടര്‍ചലനമുണ്ടാകും. ഇത് മറികടക്കാന്‍ നാം ശക്തി കൈവരിച്ചേ മതിയാകൂ. പല തലങ്ങളില്‍ കടുത്ത ദൗര്‍ബല്യം പേറുന്ന സമ്പദ്‌വ്യവസ്ഥയാണ് അമേരിക്കയെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. യു എസിനെയും ഡോളറിനെയും മുന്‍ നിര്‍ത്തിയുള്ള നയ രൂപവത്കരണം അവസാനിപ്പിക്കണം. നമ്മുടെ പൊതു മേഖലാ ബേങ്കുകളും സ്ഥാപനങ്ങളും ശക്തമായിരിക്കുകയും മിശ്ര സാമ്പത്തിക ക്രമം ശക്തമായി പിന്തുടരുകയും ചെയ്ത ഘട്ടങ്ങളില്‍ ഒരു മാന്ദ്യവും ഇന്ത്യയെ പിടികൂടിയിട്ടില്ല. സാമ്പത്തിക പര്ഷ്‌കരണങ്ങള്‍ സ്വന്തം ആവശ്യവും സാധ്യതയും പരിഗണിച്ചാകണം. ലോക രാജ്യങ്ങള്‍ ഇത്തരമൊരു സ്വയംനിര്‍ണയത്തിലേക്ക് ഉണര്‍ന്നാല്‍ ഈ ഏകധ്രുവ ലോകം അവസാനിക്കും. ബദലുകളുടെ സൗന്ദര്യം പിറക്കും.