Connect with us

International

വിദ്യാര്‍ഥികളെ തിരിച്ചയക്കുന്നു: പാരീസില്‍ കൂറ്റന്‍ റാലി

Published

|

Last Updated

പാരീസ്: മതിയായ രേഖകളില്ലെന്നാരോപിച്ച് കുടിയേറ്റ വിദ്യാര്‍ഥികളെ തിരിച്ചയക്കുന്ന ഫ്രഞ്ച് സര്‍ക്കാറിന്റെ നടപടികളില്‍ പ്രതിഷേധിച്ച് സഹപാഠികളായ ഫ്രഞ്ച് വിദ്യാര്‍ഥികള്‍ പാരീസില്‍ കൂറ്റന്‍ പ്രകടനം നടത്തി. ഇതേത്തുടര്‍ന്ന് നിരവധി സ്‌കൂളുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. പ്രതിഷേധത്തിന്റെ രണ്ടാം ദിനത്തില്‍ തലസ്ഥാനത്തെ നിരവധി സ്‌കൂളുകള്‍ക്ക് മുന്നില്‍ മാലിന്യപ്പെട്ടികളും ബാരിക്കേഡുകളും നിരത്തിവെച്ചാണ് സമരക്കാര്‍ പ്രതിഷേധിച്ചത്. ഇതേത്തുടര്‍ന്ന് പലയിടത്തും അധ്യാപകര്‍ക്കും മറ്റ് വിദ്യാര്‍ഥികള്‍ക്കും സ്‌കൂളിനകത്തേക്ക് പ്രവേശിക്കാനായില്ല. കുടിയേറ്റ വിദ്യാര്‍ഥികളോട് അനുഭാവം പ്രകടിപ്പിക്കുന്ന ബാനറുകളുയര്‍ത്തിപ്പിടിച്ചാണ് പ്രകടനം നടന്നത്.
സമരം ഇരുപതോളം സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഒക്‌ടോബര്‍ ഒമ്പതിന് സ്‌കൂള്‍ പഠനയാത്രക്കിടെ 15കാരിയായ റോമ എന്ന വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്ത് തിരിച്ചയച്ചതിനെത്തുടര്‍ന്നാണ് പ്രതിഷേധം ആളിപ്പടര്‍ന്നത്. പടിഞ്ഞാറന്‍ ഫ്രാന്‍സിലെ കോംറ്റി മേഖലയിലെ സ്‌കൂളില്‍ നാല് വര്‍ഷത്തോളമായി പഠനം നടത്തിവരികയായിരുന്ന ലിയോനോര്‍ഡ ദിബ്രാനി എന്ന വിദ്യാര്‍ഥിയേയും നാല് സഹോദരങ്ങളും മാതാവുമടങ്ങുന്ന കുടുംബത്തേയും അഭയാര്‍ഥി അപേക്ഷ നിരസിച്ച് കൊസാവോയിലേക്ക് തിരിച്ചയച്ചിരുന്നു.
കയറ്റിയയച്ചവരെ തിരികെക്കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആയരിക്കണക്കിന് വിദ്യാര്‍ഥികള്‍ ആഭ്യന്തര മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ദിബ്രാനിയെയും കുടുംബത്തേയും തിരിച്ചയച്ച നടപടി അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest