Connect with us

Gulf

പകുതി തീര്‍ഥാടകര്‍ മിനായില്‍ നിന്ന് മടങ്ങി

Published

|

Last Updated

മക്ക: മൂന്ന് ജംറകളിലും വ്യാഴാഴ്ചത്തെ കല്ലേറ് പൂര്‍ത്തിയാക്കി പകുതിയോളം തീര്‍ഥാടകര്‍ മിനായിലെ തമ്പുകളില്‍ നിന്ന് മക്കയിലേക്ക് മടങ്ങി. ഏകദേശം പത്ത് ലക്ഷം തീര്‍ഥാടകരാണ് ഇന്നലെ വൈകുന്നേരത്തോടെ മിനാ താഴ്‌വരയോട് വിട പറഞ്ഞത്. ഉച്ചയോടെ ജംറകളില്‍ തടിച്ചുകൂടിയ തീര്‍ഥാടകര്‍, സൂര്യന്‍ മധ്യത്തില്‍ നിന്ന് തെറ്റിയതോടെ കല്ലേറ് തുടങ്ങുകയായിരുന്നു. ജംറാ സമുച്ചയത്തിന്റെ നാല് നിലകളിലും നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ദ്രുതകര്‍മ സേനയും സിവില്‍ ഡിഫന്‍സും ചേര്‍ന്നാണ് തിരക്ക് നിയന്ത്രിച്ചത്. വൈകുന്നേരത്തോടെയാണ് തിരക്കിന് ശമനമായത്. അസീസിയ്യ ഭാഗത്തു നിന്ന് വന്ന ഹാജിമാര്‍ ജംറാ സമുച്ചയത്തിന്റെ രണ്ടും നാലും നിലകളിലും മിനാ ഭാഗത്തു നിന്നു വന്ന ഹാജിമാര്‍ ഒന്നും മൂന്നും നിലകളിലുമായിരുന്നു കല്ലേറ് നിര്‍വഹിച്ചത്.

മിനാ വിടാനുദ്ദേശിച്ച ഹാജിമാര്‍ അസ്തമയത്തിനു മുമ്പ് മിനായുടെ അതിര്‍ത്തി കടന്നു. അവശേഷിക്കുന്ന ഹാജിമാര്‍ മിനായില്‍ തങ്ങി ഇന്നത്തെ ഏറുകൂടി പൂര്‍ത്തിയാക്കിയാകും മക്കയിലേക്കു മടങ്ങുക. ഇനി മക്കയോടു വിട പറയുമ്പോള്‍ ചെയ്യേണ്ട “ത്വവാഫുല്‍ വിദാഅ്” ആണ് ശേഷിക്കുന്നത്. മക്കയിലെ താമസ സ്ഥലങ്ങളിലെത്തിയ തീര്‍ഥാടകര്‍ സ്വദേശങ്ങളിലേക്കുള്ള മടക്കയാത്രക്കുള്ള തയ്യാറെടുപ്പിലാണ്.