Malappuram
കൃതികള്‍ സൗജന്യമായി പങ്കുവെച്ച് എഴുത്തുകാര്‍

വണ്ടൂര്‍(മലപ്പുറം): തങ്ങളുടെ കൃതികള്‍ വായനക്കാരിലേക്ക് സൗജന്യമായി എത്താന്‍ സൗകര്യത്തില്‍ സ്വതന്ത്ര ലൈസന്‍സിലേക്ക് നല്‍കി മലയാളത്തിലെ എഴുത്തുകാരും മാതൃകയാകുന്നു. ഇടത് ചിന്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപകനുമായ എം പി പരമേശ്വരന്‍, കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായ കെ വേണു, ജെ ദേവിക തുടങ്ങിയവരാണ് തങ്ങളുടെ കൃതികള്‍ സൗജന്യമായി വായനക്കാരിലെത്തിക്കുന്ന പദ്ധതിയുമായി സഹകരിച്ച് മുന്നോട്ടുവന്ന പ്രമുഖര്‍.
സൗജന്യ മലയാള ഓണ്‍ലൈന്‍ വിവര വിജ്ഞാന കോശമായ മലയാളം വിക്കിപീഡിയയുടെ ഭാഗമായ വിക്കി ഗ്രന്ഥശാലയിലൂടെയാണ് ഇവര്‍ തങ്ങളുടെ കൃതികള്‍ പങ്കുവെക്കുന്നത്. പകര്‍പ്പവകാശം കഴിയാത്ത കൃതികള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എം പി പരമേശ്വരന്‍ന്റെ “വൈരുദ്ധ്യാത്മക ഭൗതികവാദം”, കെ വേണുവിന്റെ “പ്രപഞ്ചവും മനുഷ്യനും” എന്നീ കൃതികള്‍ ഇതിനകം വിക്കി ഗ്രന്ഥശാലയില്‍ ചേര്‍ത്തിട്ടുണ്ട്. ജെ ദേവികയുടെ അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച “കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ” എന്ന പുസ്തകവും വിക്കി ഗ്രന്ഥശാലയില്‍ ലഭ്യമാണ്.
തന്റെ മുഴുവന്‍ കൃതികളും ഡിജിറ്റല്‍ ചെയ്തുവരികയാണെന്നും ഇവ സ്വതന്ത്ര ലൈസന്‍സില്‍ ലഭ്യമാക്കുമെന്നും എം പി പരമേശ്വരന്‍ പറഞ്ഞു.
പാഠഭേദം മാസികയും സ്വതന്ത്ര ലൈസന്‍സിലേക്ക് ലഭ്യമാക്കുമെന്നും കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഇവയുടെ അച്ചടിനിര്‍ത്താനാണ് ആലോചിക്കുന്നതെന്നും സാമൂഹിക പ്രവര്‍ത്തകനും മാസികയുടെ പത്രാധിപനുമായ സിവിക് ചന്ദ്രന്‍ പറഞ്ഞു. കോപ്പിറൈറ്റിന് പകരം കോപ്പി ലെഫ്റ്റ് സമീപനമാണ് മാസിക സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.