Connect with us

Wayanad

വെറ്ററിനറി സര്‍വകലാശാല വയനാട്ടില്‍ നിലനിര്‍ത്തണം: എന്‍ സി പി

Published

|

Last Updated

കല്‍പറ്റ: വെറ്ററിനറി സര്‍വകലാശാല വയനാട്ടില്‍ നിലനിര്‍ത്തണമെന്ന് എന്‍സിപി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലയിലെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിലും വയനാടിന് അനുവദിച്ച ഫണ്ട് നിഷ്‌ക്രിയമാക്കിയതിലും പ്രതിഷേധിച്ച് 21ന് വെറ്ററിനറി സര്‍വകലാശാലയ്ക്കുമുന്നില്‍ എന്‍സിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തും.
2004ല്‍ പൂക്കോട് വെറ്ററിനറി കോളജ് ആരംഭിച്ചപ്പോഴോ ജവഹര്‍ നവോദയ വിദ്യാലയ, റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങിയവ ആരംഭിച്ചപ്പോഴോ കോടികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴോ തടസവാദമുന്നയിക്കാത്തവര്‍ ഇപ്പോള്‍ രംഗത്തെത്തിയത് സര്‍വകലാശാല വയനാട്ടില്‍ നിന്ന് മാറ്റുക എന്ന ഉദ്ദേശത്തോടെയാണെന്ന് ഇവര്‍ ആരോപിച്ചു.
പരിസ്ഥിതിയുടെ പേരില്‍ സര്‍വകലാശാല പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യമുന്നയിച്ച വയനാട്ടില്‍ തന്നെയാണ് 350 ഏക്കര്‍ ഇരിപ്പൂ നെല്‍കൃഷി ചെയ്യുന്ന വയല്‍ നികത്തി വിമാനത്താവളം നിര്‍മിക്കാന്‍ ശ്രമിക്കുന്നത്. പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയെന്ന് വനംവകുപ്പും പരിസ്ഥിതിവാദികളെന്ന് അവകാശപ്പെടുന്നവരും പറയുന്ന പൂക്കോട്ടും സമീപപ്രദേശങ്ങളിലും യാതൊരു മാനദണ്ഡവുമില്ലാതെ ബഹുനിലക്കെട്ടിടങ്ങളും റിസോര്‍ട്ടുകളും നിര്‍മിക്കുന്നത് ഇവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പണസമ്പാദനത്തിനുവേണ്ടി കള്ളപ്രചരണം നടത്തുന്ന കപടപരിസ്ഥിതിവാദികളാണ് സര്‍വകലാശാലയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് എന്‍സിപി നേതാക്കള്‍ പറഞ്ഞു.
കാര്‍ഷികരംഗത്തെ പ്രതിസന്ധികളെ തുടര്‍ന്ന് മൃഗപരിപാലനത്തിലൂടെയാണ് വയനാടന്‍ കര്‍ഷകര്‍ ഉപജീവനം കണ്ടെത്തുന്നത്. ഈ സാഹചര്യത്തില്‍ വെറ്ററിനറി സര്‍വകലാശാല വയനാട്ടില്‍ നിലനിര്‍ത്താന്‍ അധികൃതര്‍ നടപടിയെടുക്കണം.
സര്‍വകലാശാലയ്ക്ക് അനുവദിച്ച 100 ഏക്കര്‍ സ്ഥലത്ത് കേന്ദ്രസര്‍ക്കാരിന്റെ 100 കോടിയും നബാര്‍ഡിന്റെ 44 കോടിയും ഉപയോഗിച്ച് കെട്ടിടങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഏര്‍പ്പെടുത്താനുള്ള നിര്‍മാണം തുടങ്ങിയപ്പോഴാണ് ഒരു വ്യക്തിയുടെ ഫോണ്‍ വിളിയുടെ അടിസ്ഥാനത്തില്‍ ഡിഎഫ്ഒ സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്ന് എന്‍സിപി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സി.എം. ശിവരാമന്‍, തെക്കേടത്ത് മുഹമ്മദ്, കെ.പി. വത്സന്‍, ജില്ലാ സെക്രട്ടറി കെ.കെ. രാജന്‍, ഒ. രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest