Connect with us

Kerala

സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഓഫീസര്‍മാര്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവനെയും കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാറിനെയും സി ബി ഐ അറസ്റ്റ് ചെയ്തു. മാധവന്റെ വീട്ടില്‍ നിന്ന് ഫയാസ് നല്‍കിയ 42 ഇഞ്ചിന്റെ എല്‍ ഇ ഡി ടെലിവിഷനും സുനില്‍കുമാറിന്റെ വീട്ടില്‍ നിന്ന് ഫയാസ് നല്‍കിയ അര ലക്ഷം രൂപ വിലയുള്ള ആപ്പിള്‍ ഐ ഫോണും സി ബി ഐ പിടിച്ചെടുത്തു.
ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിന് ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് സി ബി ഐ കോടതിയില്‍ അപേക്ഷ നല്‍കും.
ഇന്നലെ സി ബി ഐ ഓഫീസില്‍ വിളിച്ചുവരുത്തിയ മാധവനെയും സുനില്‍കുമാറിനെയും ഫയാസുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയത് മാധവന്റെയും അനില്‍കുമാറിന്റെയും അറിവോടെയാണെന്ന് ഫയാസ് നേരത്തെ സി ബി ഐയുടെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു. പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ ഇതിനുള്ള എല്ലാ സഹായവും നല്‍കിയതായും ഫയാസ് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി മാധവനെയും സുനില്‍കുമാറിനെയും കതൃക്കടവിലെ സി ബി ഐ ഓഫീസില്‍ വിളിച്ചുവരുത്തിയത്.
ഒറ്റക്ക് നടത്തിയ ചോദ്യം ചെയ്യലില്‍ ഫയാസുമായുള്ള ബന്ധം നിഷേധിച്ചെങ്കിലും ഫയാസിനെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോള്‍, മാധവന് കള്ളക്കടത്തുമായുള്ള ബന്ധം വ്യക്തമായതായി സി ബി ഐ വൃത്തങ്ങള്‍ പറഞ്ഞു. മാധവന് എല്‍ ഇ ഡി ടെലിവിഷന്‍ സമ്മാനമായി നല്‍കിയിരുന്നതായി ഫയാസ് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പുല്ലേപ്പടിയിലെ മാധവന്റെ വീട്ടില്‍ നിന്ന് ടെലിവിഷന്‍ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഫയാസ് മാധവന് ടെലിവിഷന്‍ സമ്മാനിച്ചത്. ഇത് നിഷേധിക്കാന്‍ മാധവന് കഴിഞ്ഞില്ല.
ഫയാസ് തനിക്ക് ടെലിവിഷന്‍ നല്‍കിയിരുന്നെങ്കിലും അത് പാരിതോഷികമായിരുന്നില്ലെന്നായിരുന്നു മാധവന്റെ വാദം. ടെലിവിഷന്റെ വില ഫയാസിന് നല്‍കാമെന്ന് പറഞ്ഞിരുന്നതാണെന്ന് അവകാശപ്പെട്ട മാധവന്‍ എന്നാല്‍ ഇതുവരെ പണം നല്‍കിയിട്ടില്ലെന്ന് സി ബി ഐ യോട് സമ്മതിച്ചു.
ഐ ഫോണ്‍ പയ്യന്നൂര്‍ സ്വദേശി സുനില്‍കുമാര്‍ സുഹൃത്തിന് നല്‍കിയിരിക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഐ ഫോണ്‍ സി ബി ഐ പിടിച്ചെടുത്തത്. ഫയാസ് ഐഫോണ്‍ തന്നതായും ഇത് സുഹൃത്തിന് നല്‍കിയെന്നും സുനില്‍കുമാര്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് സുഹൃത്തിന്റെ വസതിയില്‍ പരിശോധന നടന്നത്.
അതേസമയം, തന്നെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ കസ്റ്റംസിലെ ചില പ്രമുഖരുള്‍പ്പെട്ട ഗൂഢാലോചനയാണെന്ന് മാധവന്‍ പ്രതികരിച്ചു. കേസ് നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ഫയാസിന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് തന്നെ സി ബി ഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നും മാധവന്‍ അറിയിച്ചു.
ഫയാസ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അനില്‍കുമാറിനെയും സി ബി ഐ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. ഇന്നോ നാളെയോ ചോദ്യം ചെയ്യല്‍ ഉണ്ടാകും. അദ്ദേഹം കേസില്‍ പ്രതിയാകുമെന്നാണ് സി ബി ഐ വൃത്തങ്ങള്‍ പറയുന്നത്.

Latest