Connect with us

Articles

മൂന്നാം ബദല്‍ പ്രസക്തം; പക്ഷേ, വൈതരണികളേറെ

Published

|

Last Updated

രാജ്യം വീണ്ടുമൊരു മൂന്നാം ബദല്‍ പരീക്ഷണത്തിനൊരുങ്ങുകകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഇടതുപക്ഷ പ്രസ്ഥാനത്തെ നയിക്കുന്ന സി പി എമ്മാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. ഞായറാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി പോളിറ്റ് ബ്യുറോ മൂന്നാം ബദല്‍ രൂപവത്കരണത്തിനായി ഈ മാസം മുപ്പതിന് ഡല്‍ഹിയില്‍ മതേതര കക്ഷികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മുന്നണി രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രകാശ് കാരാട്ട് കഴിഞ്ഞ വാരം മുലായം സിംഗുമായി ചര്‍ച്ച നടത്തുകയുമുണ്ടായി. ഡല്‍ഹി യോഗത്തില്‍ മുലായമും ബിജു ജനതാ ദള്‍ നേതാവ് നവീന്‍ പട്‌നായിക്കും പങ്കെടുക്കാന്‍ സമ്മതിച്ചുവെന്നാണ് സി പി എം നേതാക്കള്‍ വ്യക്തമാക്കിയത്. ആന്ധ്രയിലെ വൈ എസ് ആര്‍ നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയെ പങ്കെടുപ്പിക്കാനുള്ള ശ്രമവും ഊര്‍ജിതമാണ്.
കഴിഞ്ഞ സെപ്തംബറില്‍ കല്‍ക്കരി ഇടപാട് പ്രശ്‌നം പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കുകയും ബി ജെ പിയേതര പ്രതിപക്ഷ പാര്‍ട്ടികള്‍ ഏകോപിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുകയും ചെയ്ത ഘട്ടത്തില്‍ മുലായമിന്റെ നേതൃത്വത്തില്‍ മൂന്നാം ബദലിന് നീക്കം നടന്നിരുന്നു. അന്ന് കൊല്‍ക്കത്തയില്‍ നടന്ന സമാജ്‌വാദി പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് മുലായം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അതിന് മുമ്പ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഫെഡറല്‍ മുന്നണി എന്ന ആശയം മുന്നോട്ട് വെക്കുകയും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും അതിന് ആശംസകള്‍ നേരുകയും ചെയ്തിരുന്നു. ആ നീക്കങ്ങളൊന്നും വിജയം കാണാതെ പോയതിന് കാരണം സി പി എമ്മിന്റെ നിസ്സഹകരണമാണ്. ഇന്നിപ്പോള്‍ സി പി എം തന്നെയാണ് മൂന്നാം ബദല്‍ നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്.

മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ രാജ്യത്തിന്റെ പരമാധികാരം സാമ്രാജ്യത്വത്തിനടിയറ വെക്കുന്ന നയപരിപാടികളാണ് നടപ്പാക്കി വരുന്നത്. രാജ്യത്തിന്റെ വിദേശ/സാമ്പത്തിക നയങ്ങള്‍ പോലും അമേരിക്കന്‍ താത്പര്യത്തിനുസൃതമായ രീതിയില്‍ മാറ്റിമറിക്കുകയാണ്. ഭരണതലത്തിലെ ഉന്നതങ്ങളില്‍ അഴിമതി മുമ്പെങ്ങുമില്ലാത്തവിധം അപകടകരമായ നിലയിലെത്തിയിരിക്കുന്നു. രാഷ്ട്രീയക്കാരും വന്‍കിട വ്യവസായികളും ഉദ്യോഗസ്ഥവൃന്ദവുമടങ്ങിയ അവിശുദ്ധ കൂട്ടുകെട്ട് പൊതു ഖജാനാവ് കട്ടുമുടിക്കുകയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ഇവരെ അധികാരത്തില്‍ നിന്ന് പുറംതള്ളിയാല്‍ പകരം വരാനുള്ളത് നരാധമന്‍ നരേന്ദ്ര മോഡി നയിക്കുന്ന വര്‍ഗീയ ഫാസിസമാണ്. മതേതരത്വത്തിന് ചരമക്കുറിപ്പെഴുതി വംശീയ കലാപങ്ങളിലൂടെ രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാന്‍ ഒരുങ്ങിപ്പുറപ്പെട്ട ഇവര്‍ കോണ്‍ഗ്രസിനേക്കാള്‍ വലിയ അപകടകാരികളാണ്. ഒരു മതേതര ബദലിന് മുമ്പെന്നെത്തേക്കാളും പ്രസക്തിയേകുന്നതാണ് ഈ രാഷ്ട്രീയ പശ്ചാത്തലം.
എന്നാല്‍ ശക്തമായ ഒരു ബദല്‍ കെട്ടിപ്പടുക്കുക അത്ര എളുപ്പമല്ല. വൈതരണികള്‍ ഏറെയുണ്ട് ഇത്തരമൊരു ശ്രമത്തിന് മുന്നില്‍. സി പി എമ്മന്റെ ബലഹീനത തന്നെ ഒന്നാമത്തെ പ്രശ്‌നം. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായകമായ ശക്തിയായിരുന്നു നേരത്തെ സി പി എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷം. പാര്‍ലിമെന്റില്‍ പ്രധാന പ്രതിപക്ഷമായും സര്‍ക്കാറിന്റെ നിലനില്‍പ്പ് നിര്‍ണയിക്കുന്ന ശക്തിയായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കരുത്ത് തെളിയിച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടണ്ട്. പശ്ചിമ ബംഗാളിലും ത്രിപുരയിലും പതിറ്റാണ്ടുകള്‍ അധികാരത്തിലിരുന്ന് അപ്രതിരോധ്യമെന്ന ധാരണ പോലും സൃഷ്ടിക്കാന്‍ അവര്‍ക്കായി. കേരളത്തിലും അവര്‍ പ്രബല ശക്തിയാണ്. ഇന്നിപ്പോള്‍ ചിത്രം മാറിയിട്ടുണ്ട്. ലോക്‌സഭയില്‍ വെറും 24 മാത്രമാണ് ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ. സര്‍ക്കാറിനെ വീഴ്ത്താനോ തിരുത്താനോ ഉള്ള ശക്തി ഇന്നവര്‍ക്കില്ല. പശ്ചിമ ബംഗാളില്‍ മൂന്നര പതിറ്റാണ്ട് നീണ്ട അവരുടെ ഭരണക്കുത്തക നഷ്ടപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നതാണ് ഗുണകരമാകുക എന്ന തിരിച്ചറിവായിരക്കണം മൂന്നാം ബദല്‍ രൂപവത്കരണ നീക്കത്തിലേക്ക് അവരെ നയിച്ചത്.

സി പി എമ്മിനെയും ഇടതു കക്ഷികളെയും മാറ്റിനിര്‍ നിര്‍ത്തിയാല്‍ സമാജ്‌വാദി പാര്‍ട്ടി, ബി എസ് പി, തൃണമൂല്‍ കോണ്‍ഗ്രസ്, ജെ ഡി (യു), ഡി എം കെ, എ ഐ എ ഡി എം കെ, ടി ഡി പി, വൈ എസ് ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാ ദള്‍ തുടങ്ങി മറ്റു “മതേതര”കക്ഷികളത്രയും അവസരവാദികളാണ്. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും രാഷ്ട്രീയ ആദര്‍ശങ്ങളോടുള്ള എതിര്‍പ്പോ വിയോജിപ്പോ അല്ല അവരെയൊന്നും മൂന്നാം ബദല്‍ ആശയത്തിലേക്ക് ആകര്‍ഷിക്കുന്നത്; അധികാര രാഷ്ട്രീയത്തിലെ പുത്തന്‍ സ്വപ്‌നങ്ങളാണ്. കൂടുതല്‍ വാഗ്ദാനങ്ങളുണ്ടായാല്‍ ഏത് ചേരിയിലും ഏതവസരത്തിലും മാറാനുള്ള തൊലിക്കട്ടിയാണ് അവരുടെ സവിശേഷത. ഇവയില്‍ പലതും നേരത്തെ അവസരത്തിനൊത്ത് കോണ്‍ഗ്രസുമായും ബി ജെ പിയുമായും അധികാരം പങ്കിടുകയും ചെയ്തിട്ടുണ്ട്. തെലുഗുദേശം നേതാവ് ചന്ദ്രബാബു നായിഡു ഈയിടെ നരേന്ദ്ര മോഡിയുമായി വേദി പങ്കിട്ടു എന്‍ ഡി എയിലേക്ക് നീങ്ങുന്നതിനുള്ള സാധ്യത സൂചിപ്പിക്കുകയും ചെയ്തു. യു പി എയുടെയും എന്‍ ഡി എയുടെയും ആഗോളീകരണ, ഉദാരീകരണ സാമ്പത്തിക നയങ്ങള്‍ക്കും അമേരിക്ക, ഇസ്‌റാഈല്‍ കൂട്ടുകെട്ടിനോട് പക്ഷം ചേര്‍ന്നുള്ള മന്‍മോഹന്‍ സിംഗിന്റെ വിദേശനയത്തിനും ന്യൂനപക്ഷവിരുദ്ധമായ ആഭ്യന്തര നിലപാടുകള്‍ക്കും പല ഘട്ടങ്ങളിലായി പിന്തുണ നല്‍കിവന്നവരുമാണ് ഈ കക്ഷികള്‍. അമേരിക്കയുമായി ആണവ കരാറില്‍ ഒപ്പിട്ടപ്പോള്‍ ഒന്നാം യു പി എ സര്‍ക്കാറിന് നല്‍കിവന്ന പിന്തുണ ഇടതുപക്ഷം പിന്‍വലിച്ച ഘട്ടത്തില്‍ സര്‍ക്കാറിന്റെ രക്ഷക്കെത്തിയത് മുലായംസിംഗിന്റെ സമാജ് വാദി പാര്‍ട്ടിയായിരുന്നുവെന്നത് മറക്കാറായിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ട് ബേങ്ക് ലക്ഷ്യമിട്ടു മതേതരത്വത്തെയും ന്യുനപക്ഷ പ്രശ്‌നങ്ങളെയും കുറിച്ചു വാചാലമാകുമെന്നല്ലാതെ ഇതിലൊന്നും അശേഷം ആത്മാര്‍ഥത ഇവര്‍ക്കില്ല.

ഇടതുമുന്നണി നേതൃത്വം നല്‍കുകയോ നേതൃത്വപരമായ പങ്ക് വഹിക്കുകയോ ചെയ്യുന്ന മുന്നണിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ചേരുന്ന കാര്യവും സംശയമാണ്. ബംഗാളിലെ പ്രത്യേക സാഹചര്യം കാരണം മമതാ ബാനര്‍ജിക്ക് കോണ്‍ഗ്രസിനോടുള്ളതിനേക്കാള്‍ ശത്രുത സി പി എമ്മിനോടാണ്. നേരത്തെ മമത ഫെഡറല്‍ മുന്നണിതന്ത്രവുമായി ഇറങ്ങിപ്പുറപ്പെട്ടതുതന്നെ ഇടതുപാര്‍ട്ടികളെ ഒറ്റപ്പെടുത്തല്‍ ലക്ഷ്യമാക്കിയായിരുന്നു.
വിശാലമായ ദേശീയ കാഴ്ചപ്പാടില്ലെന്നതാണ് ഇത്തരം പ്രാദേശിക പാര്‍ട്ടികളുടെ മറ്റൊരു ബലഹീനത. പ്രാദേശിക താത്പര്യങ്ങളും സങ്കുചിത ചിന്തകളും മാത്രമാണ് അവരെ നയിക്കുന്നത്. യു പി എ സര്‍ക്കാറില്‍ മമത റെയില്‍വേ വകപ്പ് കൈകാര്യം ചെയ്തപ്പോള്‍ ബംഗാളിന്റെ റെയില്‍വേ വികസനമെന്ന ഏക അജന്‍ഡയേ അവരുടെ മുമ്പിലുണ്ടായിരുന്നുള്ളു. ഡി എം കെക്ക് റെയില്‍വേ വകുപ്പ് ലഭിച്ചപ്പോള്‍ തമിഴ്‌നാടിന്റെ റെയില്‍ വികസനവും ത്വരിതപ്പെട്ടു. ഇതിലപ്പുറം കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങളോ ഫാസിസ്റ്റ് ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളോ അവരെ അലട്ടാറില്ല. കേവലം പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് മാത്രം ഊന്നല്‍ നല്‍കുന്ന കക്ഷികളുടെ കൂട്ടായ്മ കോണ്‍ഗ്രസിനെയും ബി ജെ പിയെയും അധികാരത്തില്‍ നിന്നകറ്റാന്‍ സഹായിച്ചാല്‍ തന്നെ രാജ്യത്തിന്റെ പൊതുവായ വളര്‍ച്ചക്കും വികസനത്തിനും എത്രമാത്രം ഗുണം ചെയ്യുമെന്ന് ചന്തിക്കേണ്ടതുണ്ട്. ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ മാത്രമേ മൂന്നാം ബദല്‍ രൂപപ്പെടുയുള്ളൂ. പ്രാദേശിക പാര്‍ട്ടികളുടെ നിലപാടുകള്‍ വെച്ച് വിലയിരുത്തുമ്പോള്‍ ഇതത്ര എളുപ്പമല്ല. അഥവാ തട്ടിക്കൂട്ടി മുന്നണി രൂപവത്കരിച്ചാല്‍ തന്നെ അതിന് ഏറെ ആയുസ്സുണ്ടാകുമോയെന്നും കണ്ടറിയണം.

Latest