Connect with us

Kannur

പാറാട് ബോംബ് സ്‌ഫോടനം: മൂന്ന്‌പേര്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

കണ്ണൂര്‍: പാറാട്ട് ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി നാല്‌പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ മൂന്ന് സജീവ ലീഗ്, എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. മണ്ടോടിന്റകത്ത് മന്‍സൂര്‍ (21), കുറ്റിയില്‍ മുസ്തഫ (21), കുളിരൂര്‍ അഷ്‌റഫ് (22) എന്നിവരാണ് അറസ്റ്റിലായത്. പൊയിലൂര്‍ പൊട്ടന്റകത്ത് ശഫീഖ് (22) ഇന്നലെ അറസ്റ്റിലായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി.

സുന്നി പ്രവര്‍ത്തകര്‍ക്കെതിരെ പ്രയോഗിക്കാന്‍ വിഘടിതര്‍ ക്വട്ടേഷന്‍ നല്‍കിയതനുസരിച്ചാണ് ബോംബുകള്‍ നിര്‍മിച്ചതെന്ന് ശഫീഖ് ഇന്നലെ പോലീസിന് മൊഴി നല്‍കിയിരുന്നു. 12 ബോംബുകള്‍ നിര്‍മിക്കാനാണ് ക്വട്ടേഷന്‍ നല്‍കിയിരുന്നത്. ഒരു ബോംബിന് 800 രൂപ പ്രകാരമാണ് കരാര്‍ ഉറപ്പിച്ചിരുന്നതെന്നും ശഫീഖ് മൊഴി നല്‍കിയിരുന്നു.

ഒക്‌ടോബര്‍ മൂന്നിന് രാത്രിയാണ് പാറാട് മുസ് ലിം ലീഗ് ഓഫീസിന് സമീപം ബോംബ് നിര്‍മിച്ചുകൊണ്ടിരിക്കെ സ്‌ഫോടനമുണ്ടായത്. സംഭവസ്ഥലത്ത് നിന്നും 10 സ്റ്റീല്‍ ബോംബുകള്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. പൊയിലൂരില്‍ മുമ്പും സുന്നികള്‍ക്ക് നേരെ വിഘടിതര്‍ ബോംബ് ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു.

 

ഗൂഢാലോചന പുറത്തുകൊണ്ടുവരണം:
എസ് വൈ എസ്

കണ്ണൂര്‍: പാറാട് ബോംബ് സ്‌ഫോടന സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയവരെ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഗൂഢാലോചന നടത്തിയവരെയും പുറത്തുകൊണ്ടുവരണമെന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ജില്ലാ പ്രസിഡന്റ് എന്‍ അബ്ദുല്ലത്വീഫ് സഅദി എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിഘടിതരുടെ ഭീകരമുഖമാണ് പാറാട് സംഭവത്തില്‍ വെളിവായത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ വ്യാപക അക്രമ സംഭവങ്ങളാണ് ജില്ലയില്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായത്. അക്രമങ്ങളെല്ലാം ആസൂത്രിതമാണ്.
പൊയിലൂര്‍ പ്രദേശത്ത് സംഘര്‍ഷം വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ പാനൂര്‍ മേഖലയിലെ ചേളാരി സുന്നി നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ട്. ഒരു കാലത്ത് രാഷ്ട്രീയ കലാപങ്ങളുടെ വിളനിലമായിരുന്ന പാനൂര്‍ മേഖല പതിയെ സമാധാനാന്തരീക്ഷത്തിലേക്ക് തിരിച്ചുവരുന്നതിനിടയിലാണ് സമാധാനം കെടുത്തിക്കൊണ്ടുള്ള സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നത്. വീണ്ടും പാനൂരിനെ കുരുതിക്കളമാക്കാനുള്ള ആ വിഭാഗത്തിന്റെ പ്രവര്‍ത്തനം പൊതുജനം കരുതിയിരിക്കേണ്ടതാണ്. സ്‌ഫോടന പരമ്പര വെള്ളിക്കീലില്‍ ആരംഭിച്ചതാണ്. വിഘടിത വിഭാഗത്തിന്റെ ഭീകരമുഖം നേരത്തെ തന്നെ വാക്കിലൂടെയും പ്രവര്‍ത്തനത്തിലൂടെയും അനുഭവിച്ചറിഞ്ഞതാണ്. വെള്ളിക്കീലില്‍ നടന്ന ബോംബ് സ്‌ഫോടനവും മന്ത്രി ആര്യാടന് നേരെ നടന്ന കൈവെട്ട് ഭീഷണിയും ഇതിന് വ്യക്തമായ തെളിവുകളാണ്. ഇത്തരം സാഹചര്യത്തില്‍ പാറാട് നടന്ന ബോംബ് നിര്‍മാണം തികച്ചും ആസൂത്രിതമാണ്. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകണം. ഓണപ്പറമ്പില്‍ അക്രമം നടത്തി അറസ്റ്റിലായവര്‍ക്ക് ജാമ്യം കിട്ടിയപ്പോള്‍ രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണത്തിന്റെ ഭാഗമായി സുന്നി പ്രവര്‍ത്തകരുടെ വീടിന് നേരെ നടന്ന അക്രമം, ഇനിയും അക്രമത്തില്‍ നിന്ന് പിന്മാറാന്‍ ഇവര്‍ തയ്യാറല്ലെന്നാണ് വ്യക്തമാക്കുന്നത്. ഇതിന്റെ പിന്നിലുള്ള യഥാര്‍ഥ വസ്തുത വെളിച്ചത്ത് വരണമെങ്കില്‍ കണ്ണൂരിലെ ചേളാരി സംഘടനാ നേതാക്കളെ ചോദ്യം ചെയ്യണം. ഓണപ്പറമ്പില്‍ ജാമ്യം ലഭിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ നേതാക്കളായ പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, അശ്‌റഫ് സഖാഫി കടവത്തൂര്‍, കെ ഇബ്‌റാഹിം മാസ്റ്റര്‍, കെ എം അബ്ദുല്ലക്കുട്ടി ബാഖവി, ടി സി എ റസാഖ്, നിസാര്‍ അതിരകം പങ്കെടുത്തു.

---- facebook comment plugin here -----

Latest