Connect with us

Malappuram

താനാളൂരില്‍ അവിശ്വാസപ്രമേയ ചര്‍ച്ചക്കിടെ അക്രമം; മാധ്യമപ്രവര്‍ത്തകനും ഉദ്യോഗസ്ഥര്‍ക്കും പരുക്ക്

Published

|

Last Updated

താനൂര്‍: താനാളൂര്‍ പഞ്ചായത്തിലെ യു ഡി എഫ് ഭരണസമിതിക്കെതിരെ സി പി എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്നതിനിടെ പഞ്ചായത്ത് ഓഫീസിന് പുറത്ത് സംഘടിച്ച മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമാസക്തരായി.
നടപടിക്രമങ്ങള്‍ക്കായി എത്തിയ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരെ സംഘം വഴിയില്‍ തടഞ്ഞു. പോലീസ് സാന്നിധ്യത്തില്‍ ഇവര്‍ സഞ്ചരിച്ച സ്വകാര്യ വാഹനവും അക്രമിച്ചു. താനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഹെഡ്ക്ലാര്‍ക്ക് പത്മലോചനന്‍, ക്ലാര്‍ക്ക് അജുമാന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ താനൂര്‍ സി എച്ച് സിയില്‍ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥര്‍ നടപടി ക്രമങ്ങള്‍ക്കായി കൊണ്ടു വന്ന രേഖകള്‍ പിടിച്ചുവാങ്ങിയ അക്രമിസംഘം ഇവ കീറിയെറിഞ്ഞു. തുടര്‍ന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കേരള കൗമുദി ലേഖകന്‍ പി ടി അക്ബറിനെ സംഘം വളഞ്ഞിട്ടു മര്‍ദിച്ചു. ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ക്യാമറയും ലാപ്‌ടോപ്പും തകര്‍ത്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്ബറിനെ ഓട്ടോയില്‍ പിന്തുടര്‍ന്ന് എത്തിയും മര്‍ദിച്ചു. ഇദ്ദേഹത്തെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന് നേരെയും പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടു. പോലീസ് വാഹനങ്ങളുടെ ചില്ലുകളടക്കം ആക്രമണത്തില്‍ തകര്‍ന്നു. ഉച്ചക്ക് ശേഷം വീണ്ടും ഉദ്യോഗസ്ഥരുടെ നടപടിക്രമങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ ബ്ലോക്ക് ഓഫീസിന് പരിസരത്ത് തമ്പടിച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. ഗേറ്റിന്റെ പരിസരത്തടക്കം പ്രവര്‍ത്തകര്‍ സംഘടിച്ചതോടെ ഉദ്യോഗസ്ഥര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെ വന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പരപ്പനങ്ങാടി റോഡ് ഉപരോധിച്ചു.
ഇവരെ പോലീസെത്തിയാണ് നീക്കിയത്. അതേ സമയം ജനാധിപത്യത്തെ വിലക്കു വാങ്ങാനുള്ള ശ്രമമാണ് താനാളൂര്‍ പഞ്ചായത്തില്‍ അരങ്ങേറിയതെന്നും ലക്ഷങ്ങള്‍ കോഴ വാങ്ങിയാണ് ഭരണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായും യു ഡി എഫ് നേതാക്കളും ജനാധിപത്യത്തെ കശാപ്പ് ചെയ്ത് നടത്തിയ നാടകത്തില്‍ പോലീസും ബി ഡി ഒയും യു ഡി എഫിനൊപ്പം നില്‍ക്കുകയായിരുന്നുവെന്ന് സി പി എം നേതാക്കളും ആരോപിച്ചു.

---- facebook comment plugin here -----

Latest