Connect with us

Malappuram

വണ്ടൂരില്‍ 1,586 വിദ്യാര്‍ഥികളില്‍ വൈകല്യങ്ങളുള്ളതായി കണ്ടെത്തി

Published

|

Last Updated

വണ്ടൂര്‍: മേഖലയിലെ ഏഴ് പഞ്ചായത്തുകളിലായി 1,586 വിദ്യാര്‍ഥികളില്‍ ശാരീരിക മാനസിക വൈകല്യങ്ങളുള്ളതായി പഠനം. സര്‍വശിക്ഷ അഭിയാന്(എസ് എസ് എ)വേണ്ടി വണ്ടൂര്‍ ബി ആര്‍ സിയിലെ ജീവനക്കാര്‍ നടത്തിയ സര്‍വെയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്.
വണ്ടൂര്‍, പോരൂര്‍, തിരുവാലി, കാളികാവ്, കരുവാരക്കുണ്ട്, തുവ്വൂര്‍, ചോക്കാട് പഞ്ചായത്തുകളിലെ കുട്ടികളിലാണ് സര്‍വെ നടത്തിയത്. മേഖലയിലെ സ്‌കൂളുകള്‍, അങ്കണ്‍വാടികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് സര്‍വെ നടത്തിയത്. കേള്‍വിക്കുറവ്, കാഴ്ച്ചക്കുറവ്, അസ്ഥിവൈകല്യം, പഠന വൈകല്യം, ബുദ്ധിവളര്‍ച്ചാകുറവ്, ഓട്ടിസം, സെറിബ്രല്‍ പാഴ്‌സി തുടങ്ങിയ വൈകല്യങ്ങളാണ് ഏറെയും. കാഴ്ച വൈകല്യമുള്ള കുട്ടികളാണ് ഇതില്‍ കൂടുതലുള്ളത്. 700 പേര്‍ വിവിധ കാഴ്ച തകരാറുള്ളവരാണ്. ബുദ്ധിമാന്ദ്യമുള്ള 216 കുട്ടികളെയും കണ്ടെത്താനായി. 145 കുട്ടികള്‍ ബഹുമുഖ വൈകല്യങ്ങള്‍ നേരിടുന്നവരാണ്.
മറ്റു വൈകല്യങ്ങള്‍ നേടിരുന്നവരുടെ വിരങ്ങള്‍ ഇങ്ങനെ. കേള്‍വി തകരാര്‍-130, പഠന വൈകല്യം-142, സംസാര വൈകല്യം-106, ശാരീരിക വൈകല്യം-98, ഓട്ടിസം-11 എന്നിങ്ങനെയാണ് കണക്കുകള്‍. അമിതമായ രാസവസ്തുക്കളടങ്ങിയ ഭക്ഷണം, ഗര്‍ഭകാലത്തെ അമിത മരുന്നുകള്‍, ഗര്‍ഭഛിദ്രം, രക്ഷിതാക്കളുടെ അറിവില്ലായ്മകള്‍, ഗര്‍ഭകാലത്തെ മാനസിക പ്രശ്‌നങ്ങള്‍, ഗര്‍ഭകാലത്ത് മോട്ടോര്‍ ബൈക്കിലെ സഞ്ചാരം തുടങ്ങിയവ കുട്ടികളുടെ ആരോഗ്യത്തിനും ബുദ്ധിക്കും ക്ഷതമേല്‍പ്പിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. വൈകല്യം കണ്ടെത്തിയ കുട്ടികളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കും. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങള്‍ ചെലവേറിയ ചികിത്സകള്‍ നിര്‍വഹിക്കുന്നതില്‍ പിറകിലാണ്.
എസ് എസ് എ പദ്ധതി വഴി വൈകല്യവിദ്യാര്‍ഥികള്‍ക്ക് സഹായവുമൊരുക്കുന്നുണ്ട്. വൈകല്യമുള്ള വിദ്യാര്‍ഥികള്‍ പഠനത്തില്‍ പിറകിലാകുന്നതിനാല്‍ ഇവര്‍ക്ക് ഭൗതികമായ സഹായങ്ങള്‍ ഒരുക്കിയാല്‍ കുറെ നിലവാരത്തിലേക്കുയര്‍ത്താമെന്ന് സര്‍വെ നടത്തിയ സംഘത്തിലെ അധ്യാപികയായ ജംഷീല പറഞ്ഞു. ഇവര്‍ക്കായി ഒരു വര്‍ഷത്തില്‍ നാല് ക്യാമ്പുകളും സംഘടിപ്പിക്കും. കണ്ണട, വീല്‍ ചെയര്‍, സൈക്കിള്‍, ഹിയറിംഗ് എയ്ഡ് തുടങ്ങിയവയും ഇവര്‍ക്ക് വിതരണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

Latest