Connect with us

Wayanad

ചീക്കല്ലൂര്‍ വിമാനത്താവളത്തിനെതിരെ പ്രക്ഷോഭവുമായി കൃഷിഭൂമി സംരക്ഷണ സമിതി

Published

|

Last Updated

കല്‍പറ്റ : വന്‍തോതില്‍ കൃഷി പരിസ്ഥിതി നാശമുണ്ടാക്കുന്ന ചീക്കല്ലൂര്‍ വിമാനത്താവളത്തിനെതിരെ ചീക്കല്ലൂര്‍-എരനെല്ലൂര്‍-മേച്ചേരി കൃഷിഭൂമി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സമരം ശക്തമാക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രസ്തുത പദ്ധതി ചീക്കല്ലൂരിന് മാത്രല്ല വയനാടിന് തന്നെ ദുരന്തമാകും. അടിസ്ഥാന സൗകര്യങ്ങളായ റോഡുകളോ ചികിത്സാ സൗകര്യങ്ങലോ പേരിനുപോലും ലഭിക്കാത്ത ജില്ലയില്‍ വിമാനത്താവളം വിരോധാഭാസമാണ്. കണിയാമ്പറ്റ, പനമരം വില്ലേജുകളില്‍ ഉള്‍പെടുന്ന ചീക്കല്ലൂര്‍-എരനെല്ലൂര്‍-മേച്ചേരി പ്രദേശങ്ങളാണ് നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന് അനുയോജ്യമെന്ന് കണ്ടെത്തിയത്.
പദ്ധതി നടപ്പായാല്‍ ജില്ലയിലെ ഏറ്റവും വലിയ നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നികത്തപ്പെടും. കോടികണക്കിന് രൂപ ജില്ലക്ക് നേടിത്തരുന്ന നാണ്യവിളകള്‍ ഉത്പ്പാദിപ്പിക്കുന്ന ഫലഭൂയിഷ്ടമായ കുന്നുകല്‍ ഇടിച്ച് നിരപ്പാക്കപ്പെടും.
കുടിവെള്ള ലഭ്യത പാടെ ഇല്ലാതാകും. 500 ഏക്കറോളം ഭൂമി മരുഭൂമിക്ക് സമമാകുമ്പോള്‍ വയനാടിന്റെ പരിസ്ഥിതി തന്നെ തകരും. ഈ വസ്തുതകളെ അവഗണിച്ചും. പദ്ധതി നടത്തിപ്പിനായി അധികൃതര്‍ തീവ്രനീക്കം നടത്തുകയാണ്. ഈ മാസം 11ന് കലക്‌ട്രേറ്റില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ത്തിരിക്കുകയാണ്. വയനാട്ടിലെ സാധാരണക്കാരെയും കര്‍ഷകരെയും ആദിവാസികളെയും തകര്‍ക്കുന്ന ഈ പദ്ധതി എന്തുവിലകൊടുത്തും തടയുമെന്ന് കൃഷിഭൂമി സംരക്,ണ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശത്തിന്മേലുളള കടന്നുകയറ്റം അംഗീകരിക്കാനാകില്ല. മനുഷ്യാവാകാശലംഘനവും ഗോത്ര സംസ്‌കൃതിയുടെ നാശവുമാണ് ഇതിലൂടെ ഉണ്ടാവുക. ആദിവാസികളെ കുടിയിറക്കപ്പെടുന്നതോടെ അവരുടെ സംസ്‌ക്കാരംതന്നെ നശിപ്പിക്കപ്പെടും. നെല്‍വയല്‍ മണ്ണിട്ട് മൂടുന്നതോടെ ചീക്കല്ലൂര്‍ ചെറുപുഴയിലെ വെള്ളം മഴക്കാലത്ത് പനമരം പട്ടണത്തെ വിഴുങ്ങും.
നൂറ് കിലോമീറ്ററിനുള്ളില്‍ ഇപ്പോള്‍തന്നെ മൂന്ന് വിമാനത്താവളങ്ങള്‍ ഉണ്ടെന്നിരിക്കെ കോടികള്‍ മുടക്കി ഖജനാവ് കാലിയാക്കി വയനാട്ടില്‍ ഒരു വിമാനത്താവളത്തിന്റെ ആവശ്യമെയില്ല. വിമാനത്താവള വിരുദ്ധ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി 11 ന് കൃഷിഭൂമി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും ഭാരവാഹികല്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ സംരക്ഷണ സമിതി പ്രസിഡന്റ് അഡ്വ. ഇ എന്‍ ഗോപാലകൃഷ്ണന്‍, സെക്രട്ടറി വമ്മേരി രാഘവന്‍, വൈസ് പ്രസിഡന്റ് പി കെ ബാബുരാജ്, കെ ശ്രീനിവാസന്‍ പികെ മുരളീധരന്‍, ടി എം ഉമ്മര്‍, ഉണ്ണികൃഷ്ണന്‍ ചീക്കല്ലൂര്‍, എന്‍സുധാകരന്‍, തോമസ് അമ്പലവയല്‍ ,ടി ഖാലിദ് ,സി എസ് ധര്‍മ്മരാജ്, ഷാന്‍രോലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest