Connect with us

Wayanad

കേരളം ഭരിക്കുന്നത് ആദിവാസികള്‍ക്ക് ആഹാരം പോലും നിഷേധിക്കുന്ന സര്‍ക്കാര്‍: വി എസ്

Published

|

Last Updated

കല്‍പറ്റ: ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പട്ടികവര്‍ഗ ക്ഷേമ മന്ത്രിക്കും കത്തെഴുതുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി വിതരണം ചെയ്യുക, ഭവന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുക, പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആദിവാസി ക്ഷേമ സമിതി(എ കെ എസ്) വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 24 മണിക്കൂര്‍ കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂമിയും പാര്‍പ്പിടവും തൊഴിലും ആഹാരവും ഉള്‍പ്പെടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആദിവാസികളുടെ സമരം. ഇത് ഒരു ദിവസംകൊണ്ട് അവസാനിക്കാന്‍ പോകുന്നില്ല. പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം സംസ്ഥാന വ്യാപകമാക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ആദിവാസികള്‍ക്ക് ആഹാരം പോലും നിഷേധിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ആഹാരക്കുറവ് മൂലം നിരവധി ആദിവാസികളാണ് മരിച്ചത്. ഇത് കേരളത്തിനു അപമാനമാണ്. സംസ്ഥാനത്തെ മൂന്നര കോടി ജനങ്ങളില്‍ ഏറ്റവും പാവപ്പെട്ടവരാണ് ആദിവാസികള്‍. ഇവരെ സഹായിക്കാന്‍ തയാറാകാത്ത സര്‍ക്കാര്‍ നിലപാട് നീചവും കഷ്ടവുമാണ്. സമരം ചെയ്യാന്‍ ആദിവാസികള്‍ എത്തുമ്പോള്‍ കലക്ടറേറ്റിന്റെ കവാടങ്ങള്‍ അടക്കുകയല്ല, നേതാക്കളെ വിളിച്ച് പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹരിക്കാനുമാണ് ജില്ലാ കലക്ടര്‍ ശ്രമിക്കേണ്ടത്. അതിനു പകരം കലക്ടറേറ്റിന്റെ വാതിലുകള്‍ അടച്ചും പോലീസ് വലയം സൃഷ്ടിച്ചും പ്രക്ഷോഭകരെയും നേതാക്കളെയും അപമാനിക്കുകയാണ് കലക്ടര്‍ ചെയ്തത്. തെറ്റു തിരുത്താനും ആദിവാസികളുടെ ആവശ്യങ്ങള്‍ മനസിലാക്കി പരിഹരിക്കാനും കലക്ടര്‍ തയാറാകണം. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധം നടന്നുവരുന്ന ഈ അവസരത്തില്‍ മന്ത്രിമാര്‍ക്കിടയില്‍ പോലും യോജിപ്പില്ല. കരിങ്കൊടി പ്രകടനം ഭയന്ന് പൊതുപരിപാടികള്‍ നടത്താനാകാതെ മടങ്ങുകയാണ് മുഖ്യമന്ത്രി. ഇത് എത്രകാലം തുടരാനാകുമെന്ന് മുഖ്യമന്ത്രിയും മറ്റും പരിശോധിക്കണം. കേരളത്തില്‍ രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങള്‍ ഉള്ളിടത്തോളം ജനവിരുദ്ധന്മാരെ കരിങ്കൊടി കാട്ടുകതന്നെ ചെയ്യും. വി എസ് പറഞ്ഞു.

Latest