Connect with us

International

അതിര്‍ത്തിയിലെ സമാധാനം വികസനത്തിന് അനിവാര്യം: പ്രണബ് മുഖര്‍ജി

Published

|

Last Updated

ഇസ്തംബൂള്‍: അതിര്‍ത്തിയില്‍ സമാധാനമില്ലെങ്കില്‍ ഒരു രാജ്യത്ത് വികസനവും സഹവര്‍ത്തിത്വവും അസാധ്യമാണെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ഇസ്തംബൂള്‍ സര്‍വകലാശാലയുടെ ഓണററി ബിരുദം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിക്കപ്പുറത്തെ സംഘര്‍ഷം രാജ്യത്തേക്ക് കടന്നുവരുന്നതിന്റെ ഇരകാളണ് ഇന്ത്യയും തുര്‍ക്കിയും. രാജ്യത്തിന്റെ സുരക്ഷക്കും പുരോഗതിക്കും അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ എത്രമാത്രം തടസ്സമാണെന്ന് ഇന്ത്യ തിരിച്ചറിയുന്നുണ്ട്.

എന്നാല്‍ സമാധാനപരമായ പരിഹാരത്തിനായിരിക്കും ഇന്ത്യ മുന്‍ഗണന നല്‍കുക. ബഹുസ്വരവും സഹിഷ്ണുത നിറഞ്ഞതുമായ സമൂഹത്തിനാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ തീവ്രവാദ ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് തങ്ങളുടെ ഭരണസംവിധാനവുമായി യാതൊരു ബന്ധവും ഇല്ലെന്ന പാക്കിസ്ഥാന്റെ വാദം പ്രണാബ് തള്ളിക്കളഞ്ഞു. ഇത്തരം ഗ്രൂപ്പുകള്‍ വരുന്നത് സ്വര്‍ഗത്തില്‍ നിന്നല്ല, പാക് മണ്ണില്‍ നിന്നാണെന്ന് അവര്‍ അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലും തുര്‍ക്കിയിലും ജനാധിപത്യ സ്ഥാപനങ്ങള്‍ വിജയകരമായി നിലനില്‍ക്കുന്നുവെന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വര്‍ധിപ്പിക്കുന്ന ഘടകമാണെന്നും രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങവേ പ്രണാബ് പറഞ്ഞു.

 

Latest