Connect with us

Malappuram

കെ എസ് ആര്‍ ടി സിയില്‍ സാമൂഹിക സേവനം മറന്നുള്ള പരിഷ്‌കരണം വേണ്ട: ആര്യാടന്‍

Published

|

Last Updated

മലപ്പുറം: സാമൂഹ്യ സേവനം മറന്നുളള ഒരു പരിഷ്‌കരണവും കെ എസ് ആര്‍ ടി സി യില്‍ ഉണ്ടാകില്ലെന്ന് വൈദ്യുതി- ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം ഏര്‍പ്പെടുത്തിയ പ്രഥമ പത്രപ്രവര്‍ത്തക അവാഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖല സ്ഥാപനമെന്ന നിലയില്‍ ജനങ്ങളോട് പ്രതിബദ്ധത പുലര്‍ത്തേണ്ടതുണ്ട്. കേരളത്തിലെ പൊതുഗതാഗത സംവിധാനമായ കെ എസ് ആര്‍ ടി സിയെ വിമര്‍ശിക്കുമ്പോള്‍ ഗുണവശങ്ങള്‍ കൂടി കാണാന്‍ മാധ്യമങ്ങള്‍ തയ്യാറാവണം. ദിവസവും രണ്ട് ലക്ഷത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്യുന്ന വാഹനമാണത്.
ക്യാന്‍സര്‍ – ഹൃദ് രോഗികളും വികലാംഗരും അന്ധരും സ്വാതന്ത്ര്യ സമര സേനാനികളും സൗജന്യമായി യാത്ര ചെയ്യുന്നത് കെ എസ് ആര്‍ ടി സിയിലാണ്. പൊതുമേഖല സംവിധാനമായ കെ എസ് ആര്‍ ടി.സിയെ ലാഭകരമാക്കലല്ല നഷ്ടം കൂടാതെ കൊണ്ടുപോകലാണ് പ്രധാനം. വസ്തുതകളെ മനസിലാക്കിയുളള പഴയ പത്രപ്രവര്‍ത്തന ശൈലി പുതുതലമുറയും ഉള്‍ക്കൊളളണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് പാലോളി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു.
മാതൃഭൂമി എടപ്പാള്‍ ലേഖകന്‍ ഉണ്ണി ശുകപുരം അവാര്‍ഡ് ഏറ്റുവാങ്ങി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സ്ഥാപക നേതാവ് മലപ്പുറം പി മൂസ അനുസ്മരണ സമ്മേളനം പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്തു. സത്യസന്ധനായ ട്രേഡ് യൂണിയന്‍ നേതാവായിരുന്നു മലപ്പുറം പി മൂസയെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തലമുറ അദ്ദേഹത്തെ മാതൃകയാക്കണം. പത്രപ്രവര്‍ത്തകന്റെ അന്തസ് പൊതു സമൂഹത്തില്‍ ഉയര്‍ത്തിയത് അദ്ദേഹത്തിന്റെ ശക്തമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും ഉബൈദുല്ല പറഞ്ഞു.
കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സി ആര്‍ രാമചന്ദ്രന്‍ മൂസ അനുസ്മരണ പ്രഭാഷണം നടത്തി. കെ കെ മുഹമ്മദ്, കെ.പി. കുഞ്ഞിമൂസ, ജേര്‍ണലിസ്റ്റ്‌സ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി എ മാധവന്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് നഹ, മാത്യൂ കദളിക്കാട്, നഗരസസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം ഗിരിജ, എന്നിവര്‍ സംസാരിച്ചു. വീക്ഷണം മുഹമ്മദ് സ്വാഗതവും വി കെ ഉമ്മര്‍ നന്ദിയും പറഞ്ഞു

Latest