Connect with us

Malappuram

ഭാര്യയെ കൊന്ന കേസ്: വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി

Published

|

Last Updated

മഞ്ചേരി: ചാരിത്ര്യ ശുദ്ധിയില്‍ സംശയം തോന്നി ഭാര്യയെ ഉളികൊണ്ട് കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് വണ്ടൂര്‍ കാരാട് കേലേമ്പാടം വെള്ളില രാമചന്ദ്രന് (40) ജില്ലാ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു.
2010 ഒക്‌ടോബര്‍ ഏഴിന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി എസ് നസീര്‍ അഹമ്മദ് മരണം വരെ തൂക്കി കൊല്ലാന്‍ വിധിച്ച കേസിലാണ് ജസ്റ്റിസുമാരായ കെ ടി ശങ്കരന്‍, എം എല്‍ ജോസഫ് ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന ഹൈക്കോടതി ബഞ്ച് ശിക്ഷ ഇളവു ചെയ്തത്. 2009 സപ്തംബര്‍ അഞ്ചിന് രാത്രി ഒമ്പതര മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍തൃ വീട്ടിലെ കിടപ്പുമുറിയില്‍ വെച്ച് മരപ്പണിക്കാരനായ പ്രതി രാമചന്ദ്രന്‍ ഭാര്യ സുചിത്രയെ പണിയായുധമായ വീതുളികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
തലമുതല്‍ പാദംവരെ ശരീരത്തിന്റെ എല്ലാ ഭാഗത്തുമായി 47 കുത്തുകള്‍ ഏല്‍പിച്ച പ്രതി പൈശാചികവും അതി നിഷ്ഠൂരവും മനുഷ്യത്വ രഹിതവുമായ കൊലപാതകമാണ് ചെയ്തതെന്ന് ജില്ലാ കോടതി നിരീക്ഷിച്ചിരുന്നു. പയ്യനാട് കുട്ടിപ്പാറ പ്ലാമ്പില്‍ അച്യുതന്റെ മകള്‍ സുചിത്ര (36) യാണ് കിടപ്പുമുറിയില്‍ വച്ച് ഭര്‍ത്താവിന്റെ ക്രൂരതക്കിരയായത്. ചാരിത്ര്യത്തിലുള്ള സംശയം കാരണം 12 വര്‍ഷമായി സുചിത്ര വേര്‍പിരിഞ്ഞായിരുന്നു താമസം. ഇരുവര്‍ക്കും രണ്ട് പെണ്‍കുട്ടികളും ഒരു മകനുമുണ്ട്. ഇളയ രണ്ട് മക്കള്‍ സുചിത്രയോടൊപ്പം വീട്ടിലും മൂത്തമകള്‍ വിജിഷ രാമചന്ദ്രന്റെ കൂടെയുമായിരുന്നു താമസം.
ബന്ധുക്കളും നാട്ടുകാരും മദ്ധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന് രാമചന്ദ്രന്‍ ഭാര്യയെ വട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. ഇതിന്റെ എട്ടാം ദിവസമാണ് കൊല നടന്നത്. കൃത്യം നിര്‍വ്വഹിച്ചയുടന്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സഹോദരന്‍ സുകുമാരനും സംഭവം പോലീസിലറിയിച്ച അജീഷും ചേര്‍ന്ന് മുറിയിലിട്ടടക്കുകയും വണ്ടൂര്‍ പോലീസെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Latest