Connect with us

Kozhikode

മെഡി. കോളജ് പ്രിന്‍സിപ്പലിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

Published

|

Last Updated

കോഴിക്കോട്: കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യനെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി രവീന്ദ്രനെ ഉപരോധിച്ചു. ഇന്നലെ രാവിലെ പത്തിന് കെ പി സി സി സെക്രട്ടറി അഡ്വ. പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തിലെത്തിയ നൂറോളം പ്രവര്‍ത്തകരാണ് ഘൊരാവോ ചെയ്തത്. സുബ്രഹ്മണ്യനെതിരെ പരാതി നല്‍കിയതിന് പുറമെ പ്രിന്‍സിപ്പല്‍ നിരന്തരം കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുന്നതായും ഇവര്‍ ആരോപിച്ചു.
ആശുപത്രിക്കുളളില്‍ ഉപരോധം നടക്കുമ്പോള്‍ പ്രിന്‍സിപ്പലിന് പിന്തുണയുമായി വിദ്യാര്‍ഥികളും ഡോക്ടര്‍മാരും കോളജിന് പുറത്ത് പ്രകടനം നടത്തി. കോളജിന്റെ പുറത്ത് ഇരുനൂറിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകരും വന്‍ പോലീസ് സംഘവും നിലയുറപ്പിച്ചു. ഒടുവില്‍ നേതാക്കളുമായി സി ഐയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രിന്‍സിപ്പല്‍ ഖേദം പ്രകടിപ്പിച്ചു. തുടര്‍ന്നാണ് മൂന്ന് മണിക്കൂറോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച ഉപരോധം അവസാനിച്ചത്. എന്നാല്‍ താന്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് പ്രിന്‍സിപ്പല്‍ രവീന്ദ്രന്‍ പറഞ്ഞു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ കാല്‍ വെട്ടുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. സുബ്രഹ്മണ്യന്റെ നേതൃത്വത്തിലെത്തിയ പതിനെട്ടംഗ സംഘം ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പ്രിന്‍സിപ്പല്‍ ജില്ലാ കലക്ടര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും വ്യാഴാഴ്ച രാത്രിയാണ് പരാതി നല്‍കിയത്.
താത്കാലിക ജീവനക്കാരുടെ നിയമനത്തില്‍ അഴിമതി നടത്തിയെന്ന ചാനല്‍ വാര്‍ത്തയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജിലെത്തിയത്.
ചാനല്‍ വാര്‍ത്തയെ തുടര്‍ന്ന് പുറത്താക്കപ്പെട്ട രഘുനാഥിനെതിരെ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനാല്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദിനേശ്‌പെരുമണ്ണ പ്രിന്‍സിപ്പലിനെ കഴിഞ്ഞ മാസം കണ്ടിരുന്നു.
ഇദ്ദേഹത്തെയും പ്രിന്‍സിപ്പല്‍ അപമാനിച്ച് വിട്ടത് ചോദിക്കാനാണ് മൂന്ന് ദിവസം മുമ്പ് സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാര്‍ കോളജിലെത്തിയത്. എന്നാല്‍ പ്രിന്‍സിപ്പല്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ വൈസ് പ്രിന്‍സിപ്പല്‍ എസ് രമാദേവിയെ കണ്ടാണ് ഇവര്‍ ഭീഷണി മുഴക്കിയത്.
വൈസ് പ്രിന്‍സിപ്പലിന്റെ പരാതി പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ക്കും കലക്ടര്‍ക്കും കൈമാറുകയായിരുന്നു.
താന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം അവാസ്തവമാണെന്ന് എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. പ്രിന്‍സിപ്പലിനെ നേരിട്ട് കാണാനോ ടെലിഫോണിലൂടെ ബന്ധപ്പെടാനോ താന്‍ ശ്രമിച്ചിട്ടില്ല. ചില രാഷ്ട്രീയ അജന്‍ഡകളാണ് ഇത്തരം ആരോപണങ്ങള്‍ കെട്ടിച്ചമക്കുന്നതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

 

Latest