Connect with us

Kerala

സലീം രാജിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട കളമശ്ശേരി ഭൂമി തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച്‌ അന്വേഷിക്കാന്‍ ഡി ജി പിയുടെ ഉത്തരവ്. എറണാകുളം ക്രൈംബ്രാഞ്ച് എസ് പിക്കാണ് അന്വേഷണ ചുമതല. എ ഡി ജി പി. എ ഹേമചന്ദ്രന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. എസ് പി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണം ഏല്‍പ്പിക്കണമെന്ന് ഹേമചന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. പരാതിയില്‍ പേരുണ്ടായിട്ടും സലീംരാജിനെ ഒഴിവാക്കി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത കളമശ്ശേരി പോലിസിന്റെ നടപടി നേരത്തേ വിവാദമായിരുന്നു. ഡി സി പി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ടായി. ഇതിന്റെ പേരില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. ഇടപ്പള്ളി പത്തടിപ്പാലം സ്വദേശി എ കെ നാസറിന്റെയും ബന്ധുക്കളുടെയും പേരിലുള്ള 1.16 ഏക്കര്‍ ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചതായാണ് പരാതി. അബ്ദുല്‍ മജീദ് എന്നയാളുമായുണ്ടായ വഴക്കിന്റെ പ്രതികാരമായാണ് തന്റെ കുടുംബ സ്വത്ത് റവന്യൂ ഭൂമിയാക്കാന്‍ ശ്രമിക്കുന്നതെന്നും സലീംരാജ് ഇതിനായി ഭീഷണിപ്പെടുത്തിയെന്നുമാണ് നാസറിന്റെയും ഉമ്മയുടെയും പരാതി. കളമശ്ശേരി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വില്ലേജ് ഓഫീസറും സലീം രാജിന്റെ ബന്ധുക്കളുമടക്കം അഞ്ച് പേരാണ് പ്രതികള്‍.

Latest