Connect with us

Editorial

ഡാറ്റാ സെന്റര്‍ കേസിലെ പാളിച്ചകള്‍

Published

|

Last Updated

അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതിയുടെ നിലപാടിനെ തള്ളി ഡാറ്റാ സെന്റര്‍ കൈമാറ്റ ക്കേസില്‍ സി ബി ഐ അന്വേഷണം നടത്താനുള്ള മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ സുപ്രീ ം കോടതിയെ അറിയിച്ചതോടെ ഇതുസംബന്ധിച്ചു യു ഡി എഫിലും കോണ്‍ഗ്രസിനുള്ളിലും ഉയര്‍ന്നിരുന്ന വിവാദങ്ങള്‍ അവസാനിച്ചുവെന്നു പ്രതീക്ഷിക്കാം. കേസില്‍ അറ്റോര്‍ണി ജനറലും അഡ്വക്കറ്റ് ജനറലും കോടതിയില്‍ പരസ്പരവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കാനിടയായതും കോടതിയുടെ രൂക്ഷ വിമര്‍ശം കേള്‍ക്കേണ്ടിവന്നതും ബന്ധപ്പെട്ട വകുപ്പുകളും ഉദ്യോഗസ്ഥരുമായുള്ള ആശയ വിനമയത്തിലെ തകരാറ് കൊണ്ടാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
കേസ് കൈകാര്യം ചെയ്തതില്‍ ചില പാളിച്ചകള്‍ സംഭവിച്ചുവെന്നത് വ്യക്തം. അത് അബദ്ധവശാലോ മനഃപൂര്‍വമോ എന്ന സംശയം പൊതു സമൂഹത്തില്‍ ഇപ്പോഴും അവശേഷിക്കുകയാണ്. കേസ് സി ബി ഐക്ക് വിടുകയാണെന്ന് ഫെബ്രുവരി 23ന് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി കേരളാ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സി ബി ഐക്ക് വിടാന്‍ 2012 മാര്‍ച്ച് ആറിനാണ് മുഖ്യമന്ത്രി തീരുമാനമെടുക്കുന്നതും ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ജയകുമാര്‍ വിജ്ഞാപനം ഇറക്കുന്നതും. മുഖ്യമന്ത്രിയും മന്ത്രിസഭയും തീരുമാനിക്കുന്നതിന് മുമ്പ് എ ജി നിലപാട് കോടതിയില്‍ അറിയിച്ചത് കോടതിയുടെ വിമര്‍ശത്തിനിടയാക്കി. അതിന് പിന്നാലെ കേസ് സി ബി ഐക്ക് വിടാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചതായി അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് പ്രശ്‌നത്തിലെ സര്‍ക്കാര്‍ നിലപാടിനെക്കുറിച്ചു സന്ദേഹങ്ങള്‍ക്ക് ഇടവരുത്തുകയുമുണ്ടായി.
ഇ- ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ 2005-ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച ഡാറ്റാ സെന്റര്‍ കൈമാറ്റം കഴിഞ്ഞ എല്‍ ഡി എഫ് ഭരണ കാലത്തായിരുന്നു. നേരത്തെ സിഡാക്കിന് നല്‍കാന്‍ തീരുമാനിച്ച സെന്റര്‍ അവരെ ഒഴിവാക്കിയാണ് പുതിയ ടെന്‍ഡറിലൂടെ റിലയന്‍സിന് നല്‍കുന്നത്. ഇടപാടില്‍ ക്രമക്കേടുണ്ടെന്നും ദല്ലാള്‍ നന്ദകുമാറിന്റെയും വി എസിന്റെയും നീക്കങ്ങള്‍ അന്വേഷണ വിധേയമാക്കേണ്ട തുണ്ടെന്നും അഭിപ്രായമുയര്‍ന്നു. യു ഡി എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ കേസ് സി ബി ഐക്ക് വിടാന്‍ തീരുമാനിച്ചെങ്കിലും യഥാസമയം ഇതു സംബന്ധിച്ച വിജ്ഞാപനമുണ്ടായില്ല. ഇത് ഘടക കക്ഷികളുടെ വിമര്‍ശത്തിനും കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഗ്രൂപ്പ് തിരിഞ്ഞുള്ള വാഗ്വാദത്തിനും ഇടയാക്കി. ഇതേത്തുടര്‍ന്നാണ് മന്ത്രിസഭ സി ബി ഐ അന്വേഷണത്തിന് തീരുമാനമെടുക്കുന്നതും സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മുലം സമര്‍പ്പിക്കുന്നതും.

ഡാറ്റാ സെന്റര്‍ കൈമാറ്റത്തില്‍ ദുരൂഹതകളേറെയുണ്ട്. വിവാദനായകന്‍ നന്ദകുമാര്‍ ഇടനിലക്കാരനായതാണ് ഇതിന് പ്രധാന കാരണം. വി എസും നന്ദകുമാറും നല്ല ബന്ധത്തിലായിരുന്നുവെന്നും സുപ്രീം കോടതി കേന്ദ്രീകരിച്ചു ദല്ലാള്‍ വ്യവഹാരം നടത്തുന്ന നന്ദകുമാറാണ് വിവിധ കേസുകള്‍ക്ക് അച്യുതാനന്ദന് ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ സംഘടിപ്പിച്ചു കൊടുത്തിരുന്നതെന്നും ആരോപണമുണ്ട്. ഇതു വഴി നന്ദകുമാര്‍ നല്ല സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും കരുതുന്നു.
ഡാറ്റാ സെന്റര്‍ നടത്തുന്നതിനുള്ള ടെന്‍ഡറില്‍ റിലയന്‍സിന് അനുകൂലമായി വ്യവസ്ഥകള്‍ മാറ്റിയതിന് പിന്നാലെ നന്ദകുമാറിന്റെ അക്കൗണ്ടില്‍ നാലര കോടിയോളം രൂപ വന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഐ സി ഐ സി ഐ ദല്‍ഹി ബ്രാഞ്ചിലെ നന്ദകുമാറിന്റെ അക്കൗണ്ടില്‍ മൂന്ന് വര്‍ഷം കൊണ്ട് 20 കോടി രൂപ വന്നുപോയെന്നും ഇന്റലിജന്‍സ് കണ്ടെത്തി. വി എസ് അച്യുതാനന്ദനുമായി നന്ദകുമാര്‍ പല തവണ കൂടിക്കാഴ്ച നടത്തിയതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും കേസ് സി ബി ഐക്ക് കൈമാറുന്നതില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അവധാനത സംഭവിച്ചതെന്തു കൊണ്ടാണ്? പി സി ജോര്‍ജ് ആരോപിച്ചതു പോലെ സക്കാറിലെ ചിലരും നന്ദകുമാറും തമ്മിലുള്ള അടുപ്പമാണോ വില്ലനായത്? ചില മന്ത്രിമാരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് നന്ദകുമാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികളുടെ താവളമായി മാറിയെന്ന സംസ്ഥാന പൊലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യത്തിന്റെ പ്രസ്താവനയും ഇതോട് ചേര്‍ത്തുവായിക്കാകുന്നതാണ്.

---- facebook comment plugin here -----

Latest