Connect with us

Ongoing News

കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്: മൂന്ന്‌ പ്രതികള്‍ക്ക്‌ ഇരട്ട ജീവപര്യന്തം

Published

|

Last Updated

കൊച്ചി: കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസിലെ എല്ലാപ്രതികള്‍ക്കും ജീവപര്യന്തം. തടിയന്റവിട നസീറടക്കം മൂന്ന്‌ പേര്‍ക്ക് ഇരട്ട ജീവപര്യന്തം വിധിച്ചു. എല്ലാവര്‍ക്കും 50000 രൂപ പിഴയും വിധിച്ചു. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. രാജ്യത്തോട് യുദ്ധം ചെയ്ത പ്രതികളോട് കരുണ വേണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ബാംഗ്ലൂര്‍ ജയിലില്‍ തടവ് അനുവദിക്കണമെന്ന് തടിയന്റവിട നസീര്‍ ആവശ്യപ്പെട്ടു. പരമാവധി ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു അബ്ദുല്‍ ജബ്ബാറിന്റെ ആവശ്യം. തങ്ങള്‍ കുഞ്ഞാലിമരക്കാരുടെ നാട്ടില്‍ നിന്നാണ് വരുന്നതെന്നും ദേശ സ്‌നേഹം പഠിപ്പിക്കേണ്ടെന്നും സര്‍ഫാസ് കോടതിക്ക് പുറത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. തടിയന്റവിട നസീര്‍ ഉള്‍പ്പടെ 13 പേര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരിന്നു.

പാക്ക് പൗരനായ ലഷ്‌കര്‍ഇ ത്വയ്ബ കമാന്‍ഡര്‍ വാലി എന്ന അബ്ദുല്‍ഖാദിര്‍ രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്യുകയായിരുന്നു. ഇതിനായി പള്ളിക്കര സ്വദേശി സര്‍ഫാസ് നവാസ്, തടിയന്റവിട നസീര്‍ എന്നിവര്‍ക്ക് ബംഗ്ലാദേശിലെ ഹവാല ഏജന്റ് വഴി കേരളത്തില്‍ പണമെത്തിച്ചു.
കണ്ണൂര്‍ തയ്യില്‍ തൈക്കണ്ടി ഫയാസ്, താഴത്തെരു മുഴത്തടം അറഫയില്‍ ഹാരിസ്, പരപ്പനങ്ങാടി ആലുങ്കല്‍ ബീച്ച് കോയസന്‍, കൊലി വെണ്ണല കൊടുങ്ങേലി വളപ്പില്‍ വര്‍ഗീസ് ജോസഫ് എന്ന മുഹമ്മദ് യാസീന്‍, കാവഞ്ചേരി അബ്ദുല്‍ ജബ്ബാര്‍ എന്നിവരെ ആയുധ പരിശീലനത്തിനായി റിക്രൂട്ട് ചെയ്തു.
ഇവര്‍ക്ക് ജമ്മുകാശ്മീരിലെ കുപ്പ് വാരയില്‍ ആയുധപരിശീലനം നല്‍കി. കാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അബ്ദുല്‍ ജബ്ബാര്‍ ഒഴികെയുള്ളവര്‍ കൊല്ലപ്പെട്ടു.
ഇവിടെ നിന്നും രക്ഷപ്പെട്ട അബ്ദുല്‍ ജബ്ബാറിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പാക്ക് പൗരന്‍ സാലി, അബ്ദുല്‍ ജബ്ബാര്‍ എന്നിവരെയും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് പേരെയും ഒഴിവാക്കിയാണ് എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹം, രാജ്യത്തോട് യുദ്ധം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
കേസ് വിചാരണയുടെ ഭാഗമായി 186 ഓളം സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിക്കുകയും 100 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

Latest