Connect with us

Articles

'അമ്മ'യുടെ വയസ്സറിയിക്കല്‍ സമ്മേളനവും പി വത്സലയുടെ സ്തുതിയെഴുത്തും

Published

|

Last Updated

സുധാമണി എന്ന നൊന്തുപ്രസവിക്കാതെ അമ്മയായ അമൃതാനന്ദമയിയുടെ 60-ാം വയസ്സറിയിപ്പ് സമ്മേളനം “അമൃതവര്‍ഷം 60” എന്ന പേരില്‍ കെങ്കേമമായി കൊണ്ടാടപ്പെട്ടു. പണമുള്ളവര്‍ക്ക് ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ തിരുവോണം വരണമെന്നില്ല. തന്റെയോ ബന്ധുക്കളുടെയോ പിറന്നാളോ തിരണ്ടുകല്യാണമോ പതിനാറടിയന്തരമോ ഒക്കെ അവര്‍ക്ക് ആഘോഷമാക്കാനാകും. കൂലിയെഴുത്തിന് “പെയ്ഡ് ന്യൂസ്” എന്നൊരു ഓമനപ്പേര് ചാര്‍ത്തിക്കിട്ടിയ ഇക്കാലത്ത് പണമുണ്ടാക്കാന്‍ കഴിവുള്ളവര്‍ക്ക് അവരുടെ എന്ത് ആഘോഷവും ഒന്നാം പേജിലെ മുഖ്യ വാര്‍ത്തയാക്കാനും കഴിയും. എല്ലാവര്‍ക്കും അറിയാവുന്നതു പോലെ അമൃതാനന്ദമയിക്ക് ധാരാളം പണമുണ്ട്. അതിനാലവര്‍ പിറന്നാളാഘോഷിച്ചു. പണം വാങ്ങി മാധ്യമങ്ങള്‍ അതേപ്പറ്റി കെങ്കേമമായി എഴുതുകയും പറയുകയും ചെയ്തു. എന്നിരുന്നാലും “അമൃതവര്‍ഷം 60” പരിപാടിക്ക് ശ്രദ്ധേയമായൊരു കുറവുണ്ടായിരുന്നു. “60-ാം പിറന്നാളാഘോഷിക്കുന്ന അമ്മയെ വണങ്ങാന്‍ അമൃതപുരിയില്‍ ഞാനും ഉണ്ടാകും, നിങ്ങളോടൊപ്പം” എന്നൊരു ഡയലോഗോടെ കാവിയും രുദ്രാക്ഷവും നെറ്റത്ത് ചന്ദനം കൊണ്ടൊരു വട്ടപ്പൊട്ടും അതിന്മേലൊരു ചുവന്ന പൊട്ടും കുത്തി മോഹന്‍ലാല്‍ അഭിനയിക്കുന്ന ഒരു പരസ്യ ചിത്രം കൂടി വേണ്ടിയിരുന്നു. അത് മഠം ചെയ്യാതെ പോയതില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍കാര്‍ക്ക് കുണ്ഠിതമുണ്ട്. “കാരുണ്യവതിയായ” അമ്മ അടുത്ത പിറന്നാളിന് ഫാന്‍സുകാരുടെ കുണ്ഠിതം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പിണറായി വിജയന്‍ വീടൊന്ന് പുതുക്കിപ്പണിതപ്പോള്‍ ഇതിനുള്ള പണം എവിടെ നിന്നെന്നറിയാതെ ഉറക്കം വരാത്ത പത്രപ്രവര്‍ത്തകര്‍ നിറഞ്ഞാടുന്ന നാടാണ് കേരളം. പക്ഷേ, അവര്‍ക്കൊന്നും, കോടികള്‍ തൂളാക്കി 60-ാം പിറന്നാള്‍ ആഘോഷിക്കാവുന്ന അവസ്ഥയിലേക്ക് സുധാമണി എന്ന നിര്‍ധന കുടുംബാംഗം എങ്ങനെ എത്തിപ്പെട്ടു എന്നറിയാന്‍ യാതൊരു താത്പര്യവും ഇല്ല. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് യു എസില്‍ നിന്നും മറ്റും ഏറ്റവും കൂടുതല്‍ പണം വരുന്നത് ക്രൈസ്തവ മിഷനറിമാര്‍ക്കല്ല, മറിച്ച് അമൃതാനന്ദമയിക്കാണെന്ന് ലോകം അറിഞ്ഞുകഴിഞ്ഞു. ആരും ആര്‍ക്കും വെറുതെ പണം കൊടുക്കില്ല. പ്രത്യേകിച്ചും അമേരിക്ക. അതിനാല്‍ ചില ചോദ്യങ്ങള്‍ വരുന്നു. എന്തിനു വേണ്ടിയായിരിക്കണം അമേരിക്ക അമൃതാനന്ദമയിക്ക് ഇത്രയേറെ പണം കൊടുത്തുകൊണ്ടിരിക്കുന്നത്? “ആശ്ലേഷത്തിലൂടെ ആളുകളുടെ മാനസികവും ശാരീരികവുമായി രോഗങ്ങളത്രയും സുഖപ്പെടുത്തുന്ന”തിനുള്ള പ്രതിഫലമായാണോ? അതോ മോഡി പ്രസ്തവിച്ച പോലെ, അമൃതാനന്ദമയിയെ പോലുള്ളവരുടെ അധ്യാത്മിക നേതൃത്വത്തിലൂടെ ഇന്ത്യയെ ലോകത്തിന്റെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്താന്‍ വേണ്ടിയാണോ? അതോ കേരളീയരെ യുക്തിബോധത്തോടെ ചിന്തിക്കാന്‍ പ്രാപ്തരാക്കിയ നാരായണ ഗുരു നേതൃത്വം നല്‍കിയ നവോത്ഥാന ആധ്യാത്മികതയെയും അതിന്റെ ചുവട് പിടിച്ച് വളര്‍ന്നുവന്ന ഇടതുപക്ഷ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെയും ദുര്‍ബലപ്പെടുത്തുന്നതിന് വേണ്ടിയാണോ? ഇമ്മാതിരി ചോദ്യങ്ങള്‍ക്കൊന്നും ഒരു മാധ്യമ പ്രവര്‍ത്തകനും ഉത്തരം തേടുന്നില്ല. ആരില്‍ നിന്നും ഉത്തരം ലഭിക്കുന്നുമില്ല. അത്തരം ചോദ്യം ചോദിക്കുന്നവരോട് “ദൈവം ചോദിക്കും” എന്നല്ലാതെ മറ്റൊന്നും ഭക്തര്‍ക്കും മറുപടിയായി പറയാനില്ല. ചോദ്യങ്ങള്‍ക്ക് സമാധാനം ശാപോക്തികളല്ലല്ലോ.
എന്റെ അഭിപ്രായത്തില്‍ അമൃതാനന്ദമയിക്കെതിരെ ചോദ്യം ചോദിക്കുന്നവരോട് മാത്രമല്ല, ദൈവംചോദിക്കുക; അമൃതാനന്ദമയിയോടും ചോദിക്കും. ഏറ്റവും കുറഞ്ഞത് രണ്ട് ചോദ്യമെങ്കിലും ചോദിക്കും. “നിന്റെ ആശുപത്രിയില്‍ മതിയായ വേതനം കിട്ടാതെ കണ്ണീരും കൈയുമായി അടിമകളെപ്പോലെ നഴ്‌സുമാര്‍ നരകിക്കുന്നത് എന്തുകൊണ്ട്?” “സത്‌നാം സിംഗ് എന്ന ചെറുപ്പക്കാരന്റെ ദാരുണമായ മരണത്തിന് ഉത്തരവാദികള്‍ ആരാണ്?” ഇവയായിരിക്കും ചോദിച്ചേക്കാവുന്ന രണ്ട് ചോദ്യങ്ങള്‍. അമൃതാനന്ദമയിയെ ചോദ്യം ചെയ്യുന്നവരോട് “ദൈവം ചോദിച്ചോളും” എന്ന വാദക്കാര്‍ ഈ രണ്ട് ചോദ്യങ്ങളെങ്കിലും അമൃതാനന്ദമയിയോടും “ദൈവം ചോദിക്കും” എന്നു കൂടി സമ്മതിച്ചാലേ അവരുടെ ദൈവവിശ്വാസം പൂര്‍ണമാകൂ. എന്തുകൊണ്ടെന്നാല്‍, അമൃതാനന്ദമയിയും അവരുടെ ആളുകളും എന്ത് കാണിച്ചാലും അതൊന്നും ചോദിക്കാത്ത ദൈവം അമൃതാനന്ദമയിക്കെതിരെ ഉരിയാടുന്നവരെ മാത്രം പ്രത്യേകം തിരഞ്ഞുപിടിച്ച് ചോദ്യം ചെയ്യുമെന്ന് വിശ്വസിക്കുന്നത്, ദൈവത്തെ അമൃതാനന്ദമയിയുടെ കിങ്കരനാക്കി അഥവാ, അമൃതാനന്ദമയിക്ക് പാദസേവ ചെയ്യുന്ന ഒ രാജഗോപാലിന്റെ നിലവാരമുള്ള ഒരാളാക്കി ചെറുതാക്കലാണ്. അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡങ്ങളെയും സംവിധാനിച്ചു സംരക്ഷിച്ചു വരുന്ന വിശ്വമഹാശക്തിയായ ദൈവത്തെ മേല്‍പ്പറഞ്ഞ വിധം ചെറുതാക്കി കാണാന്‍, ആള്‍ദൈവങ്ങളെ ആരാധിക്കലാണ് ആധ്യാത്മികത എന്നു തെറ്റിദ്ധരിച്ചവര്‍ക്കേ കഴിയൂ.
ആള്‍ദൈവങ്ങളെ ആരാധിക്കലാണ് ആധ്യാത്മികത എന്ന് ഈ ലേഖകന്‍ കരുതുന്നില്ല. അതിനാല്‍ തന്നെ അമൃതാനന്ദമയിയെ പോലുള്ളവരെ ചോദ്യം ചെയ്താല്‍ ദൈവത്താല്‍ ചോദ്യം ചെയ്യപ്പെടും എന്ന ഭയവും ലവലേശം ഇല്ല. മറിച്ച്, ലോകത്തെ ബഹുഭൂരിപക്ഷത്തെയും ചൂഷണം ചെയ്ത് തടിച്ചുവീര്‍ത്ത ആഗോള മൂലധനത്തിന്റെ അടിമകളും കങ്കാണികളുമായ ആള്‍ദൈവങ്ങളെ ചോദ്യം ചെയ്യാതിരുന്നാലാണ് ദൈവത്താല്‍ ചോദ്യം ചെയ്യപ്പെടുക.
“ഉണരുവിന്‍, അഖിലേശ്വരനെ സ്മരിപ്പിന്‍, അനീതിയോടെതിര്‍പ്പിന്‍” എന്ന് ഉദ്‌ഘോഷിച്ച വാഗ്ഭടാനന്ദ ഗുരുവിന്റെയും മറ്റും ആധ്യാത്മികതയില്‍ നിന്ന് വഴിയും വെളിച്ചവും കണ്ടെത്തുന്ന ആര്‍ക്കും ആള്‍ദൈവങ്ങളുടെ മൂലധന പേക്കൂത്തുകളെ ചോദ്യം ചെയ്യാതിരിക്കാനാകില്ല. അതിനാലാണ് അമൃതാനന്ദമയിയെ നിരന്തരം ചോദ്യം ചെയ്തുകൊണ്ട് എഴുതേണ്ടിവരുന്നത്. ആധ്യാത്മികതയുടെ അഭാവം കൊണ്ടല്ല, ആള്‍ദൈവങ്ങളെ സ്തുതിക്കലാണ് ആധ്യാത്മികത എന്ന തെറ്റിദ്ധാരണക്ക് അടിമപ്പെടാത്തതുകൊണ്ടാണ് ഇത് ചെയ്യുന്നതെന്ന് ചുരുക്കം.
എന്നാല്‍, നെല്ല്, ആഗ്നേയം തുടങ്ങിയ നോവലുകളും ഷെല്‍ട്ടര്‍ പോലുള്ള ഭാവസൗന്ദര്യമുള്ള കഥകളും എഴുതിയ പി വത്സലയെ പോലുള്ളവര്‍ക്ക് ആധ്യാത്മികത ഉണ്ടോ എന്നറിയില്ല. പല വേദികളിലും സാഹിത്യ അക്കാദമിയുടെ ഓഫീസില്‍ വെച്ചും പി വത്സലയെ കാണുകയും അവരോട് സംസാരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവരുടെ ആധ്യാത്മികതയെപ്പറ്റി അന്വേഷിച്ചിട്ടില്ല. എന്നാല്‍ പി വത്സലക്ക് രാഷ്ട്രീയം ഉണ്ടെന്ന് തോന്നിയിരുന്നു. ഇടതുപക്ഷം ഭരണത്തിലിരിക്കെ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് ആകുക വഴി വത്സലക്കുള്ളത് ഇടതുപക്ഷ രാഷ്ട്രീയം ആയിരിക്കണമെന്നും ന്യായമായും കരുതിയിരുന്നു. എന്നാല്‍ ആ ധാരണ തെല്ലുമേ ശരിയായിരുന്നില്ലെന്നാണ് അമൃതാനന്ദമയിയുടെ 60-ാം വയസ്സറിയിപ്പ് ദിനത്തില്‍ പി വത്സല മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനം വായിച്ചപ്പോള്‍ ബോധ്യമായത്.
“തൊട്ടുണര്‍ത്താന്‍ ചെറു വിരല്‍” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം ഏതോ അമൃതാനന്ദമയിഭക്തന്‍ പറഞ്ഞുകൊടുത്തതനുസരിച്ച് പി വത്സല തന്റേതായ മലയാള ഭാഷയിലേക്ക് പകര്‍ത്തി എഴുതിയതാണെന്ന് മാത്രമേ അനുഭവപ്പെടുന്നുള്ളൂ. അത്രമേല്‍, “ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്ന”തിന്റെ കൃത്രിമത്വം ആ ലേഖനത്തിലുടനീളം ഉണ്ട്. ഈ ലേഖനം എഴുതുക വഴി മറ്റൊരു വാര്‍ത്ത സമീപവര്‍ഷങ്ങളില്‍ ഏതെങ്കിലും ഒരു ദിവസം നാം വായിക്കാനിടയുണ്ട്; “പി വത്സലക്ക് അമൃത കീര്‍ത്തി പുരസ്‌കാരം”. അത്തരമൊരു വാര്‍ത്ത ഉണ്ടാകാനിടയുള്ള ദിവസത്തെ കാംക്ഷിച്ചല്ല മറിച്ച് ആത്മാര്‍ഥമായ അന്വേഷണങ്ങള്‍ക്ക് ശേഷം ഉണ്ടായ ഉത്തമ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ്, ഇടതുപക്ഷ സഹയാത്രിക എന്ന വ്യാജേന ഇടതു ഭരണകാലത്ത് സാഹിത്യ അക്കാദമി പ്രസിഡന്റായ പി വത്സല, അമൃതാനന്ദമയിയുടെ പിറന്നാള്‍ ദിനത്തില്‍ സ്തുതി ലേഖനം എഴുതിയതെന്നു കരുതാവുന്ന യാതൊന്നും ലേഖനത്തില്‍ ഇല്ല. ഇത്തരം സന്ദര്‍ഭങ്ങളിലാണ്, വാഗ്ഭടാനന്ദ ശിക്ഷ്യനായിരുന്ന ഡോ. സുകുമാര്‍ അഴീക്കോടിനെ നാം അറിയാതെ ഓര്‍ത്തുപോകുന്നത്. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളില്‍ മിക്കപ്പോഴും, “അവസരവാദി” എന്നു കുറ്റപ്പെടുത്താവുന്ന മൊഴിവഴക്കങ്ങള്‍ അഴീക്കോടിന് പതിവായിരുന്നെങ്കിലും, അദ്ദേഹം ഒരിക്കലും അമൃതാനന്ദമയിയെ വാക്കുകൊണ്ട് വെള്ള പൂശി എന്തെങ്കിലും നേടാം എന്ന് വ്യാമോഹിച്ച് സ്വന്തം ആത്മാവിനെ കരി പൂശിയിട്ടില്ല. അതിന് അഴീക്കോടിന് ആത്മബലം നല്‍കിയത് ഉപനിഷത്തുകളും ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും ഗാന്ധിജിയുമൊക്കെയായിരുന്നു. അത്തരമൊരു സാംസ്‌കാരിക പശ്ചാത്തലമോ പ്രതിഭാ പ്രകര്‍ഷമോ പി വത്സലക്ക് ഇല്ലാത്തതിനാലായിരിക്കണം, അവര്‍ അമൃതാനന്ദമയിയെ സ്തുതിച്ചാല്‍ തനിക്കെന്തു കിട്ടുമെന്നു പരീക്ഷിക്കാന്‍ പേന ഉപയോഗിച്ച് വഴി തേടിയത്.
ഇടതുപക്ഷത്ത് നില്‍ക്കുന്ന എഴുത്തുകാരി പോലും “അമ്മയുടെ ആശ്ലേഷ മാഹാത്മ്യം മനസ്സിലാക്കിയില്ലേ” എന്ന് വീമ്പ് പറയാന്‍ അമൃതാനന്ദമയിയുടെ ഭക്തര്‍ക്ക് അവസരം ഉണ്ടാക്കിയ പി വത്സലയുടെ ലേഖനത്തില്‍ ഇടതുപക്ഷവും ഇല്ല; ആത്മീയതയും ഇല്ല എന്നതാണ് വാസ്തവം. അമേരിക്കന്‍ ഭരണകൂടം വിസ നിഷേധിച്ചിരിക്കുന്ന നരേന്ദ്ര മോഡിയെ സ്വന്തം പിറന്നാള്‍ ആഘോഷത്തിന് മുഖ്യാതിഥിയാക്കുക വഴി അമൃതാനന്ദമയി അമേരിക്കയെ “ശാന്തിപ്രദമായ” ശൈലിയില്‍ വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും മറ്റും എഴുതാനുള്ള തൊടുന്യായങ്ങള്‍ പി വത്സല ഉന്നയിച്ചിട്ടില്ല. അതിനവര്‍ക്ക് കഴിയാതെ പോയത്, ആര്‍ എസ് എസ് സഹയാത്രികനായ അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ കാല്‍കഴികിച്ചൂട്ടുന്നതിനുള്ള യുക്തികള്‍ കണ്ടെത്താനുള്ള പാലക്കീഴ് നാരായണനെപ്പോലുള്ള പു ക സ നേതാക്കളായ നമ്പൂതിരിമാര്‍ക്ക് പി വത്സല ഇടതുപക്ഷത്ത് നില്‍ക്കേ, ശിഷ്യപ്പെടാതെ പോയതുകൊണ്ട് മാത്രമായിരിക്കണം. ഇനിയും അത്തരമൊരു ശിഷ്യപ്പെടലിന് സമയം വൈകിയിട്ടില്ല. എത്രയും പെട്ടെന്ന് അത് ചെയ്ത് വല്ല വിധേനയും പു ക സയുടെ സംസ്ഥാന അധ്യക്ഷയായി പി വത്സലക്ക് പാലക്കീഴ് കളരിയുടെ മാര്‍ഗദര്‍ശനത്തില്‍ അമൃതാനന്ദമയിയുടെ അമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധതയെക്കുറിച്ച് ഒരുശിരന്‍ പ്രബന്ധം എഴുതാവുന്നതേയുള്ളൂ. പി വത്സലയെപ്പോലുള്ളവരുടെ നിലവാരം വെച്ച് അത്തരമൊരു ലേഖനമാണ് ഇനി അവരില്‍ നിന്ന് മലയാളികള്‍ക്ക് പ്രതീക്ഷിക്കാവുന്ന ഒരേയൊരു മാസ്റ്റര്‍പീസ്. പാലക്കീഴിനെ പോലുള്ള തിരുമനസ്സുമാര്‍ കനിഞ്ഞാല്‍ അത് എത്രയും പെട്ടെന്ന് സംഭവിക്കാവുന്നതേയുള്ളൂ.

Latest