Connect with us

Kozhikode

രാജവെമ്പാല ഭീതിയില്‍ കട്ടിപ്പാറ പ്രദേശം

Published

|

Last Updated

താമരശ്ശേരി: രാജവെമ്പാലയുടെ സ്ഥിരസാന്നിധ്യം കട്ടിപ്പാറയിലും പരിസരങ്ങളിലും ഭീതി പരത്തുന്നു. മലയോര പ്രദേശമായ കട്ടിപ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ഇതിനകം നിരവധി രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയില്‍ കല്ലുള്ളതോട് ചാമക്കാലക്കുന്ന് പത്മനാഭന്റെ വീട്ടില്‍ നിന്ന് പിടികൂടിയതാണ് അവസാന സംഭവം.
വീട്ടിനുള്ളില്‍ കയറിക്കൂടിയ രാജവെമ്പാലയെ പ്രദേശവാസിയായ കെ കെ രാജനാണ് സാഹസികമായി പിടികൂടിയത്. ഒന്‍പത് അടി നീളമുള്ള രാജവെമ്പാലയെയാണ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. ഇതിനെ പിന്നീട് വനപാലകര്‍ക്ക് കൈമാറി.
മൂന്ന് വര്‍ഷത്തിനിടെ കല്ലുള്ളതോട്, വയലുംതല, പെരുന്തോടി, മാവുള്ളപൊയില്‍ എന്നിവിടങ്ങളില്‍നിന്നായി എട്ട് രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്. ഇതില്‍ മൂന്നും പിടികൂടിയത് കെ കെ രാജന്റെ നേതൃത്വത്തിലായിരുന്നു. ചമല്‍ ഭാഗത്തുനിന്ന് കഴിഞ്ഞ മാസം രാജവെമ്പാലയെ പിടികൂടിയിരുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ തണുത്ത പ്രദേശമായതാണ് രാജവെമ്പാലയെ കട്ടിപ്പാറയിലേക്ക് ആകര്‍ഷിപ്പിക്കുന്നതെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍. അങ്ങോട്ട് അക്രമി ക്കാതെ രാജവെമ്പാല ഉപദ്രവിക്കില്ലെന്നാണ് പറയപ്പെടുന്നതെങ്കിലും ഉഗ്രവിഷമുള്ള ഇനമായതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്.