Connect with us

Kozhikode

എസ് വൈ എസ് ആദര്‍ശ ക്യാമ്പയിന്‍: കോഴിക്കോട് നാളെ സമ്മേളനം

Published

|

Last Updated

കോഴിക്കോട്: തെറ്റായ നിലപാടുകളിലൂടെ ഇസ്‌ലാമിനെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ചില മുസ്‌ലിം സംഘടനകളെ തുറന്നുകാണിക്കുക എന്ന ലക്ഷ്യവുമായി എസ് വൈ എസ് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ആദര്‍ശ ക്യാമ്പയിനിന് നാളെ തുടക്കം. ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് മുതലക്കുളം മൈതാനിയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, പൊന്മള അബദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി തുടങ്ങി നിരവധി പണ്ഡിതന്‍മാര്‍ പങ്കെടുക്കും. ക്യാമ്പയിനിന്റെ ഭാഗമായി ആദര്‍ശ സമ്മേളനങ്ങള്‍, കവല യോഗങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനം, പുസ്തക പ്രസാധനം, ടേബിള്‍ ടോക്ക്, കോളാഷ് പ്രദര്‍ശനം എന്നിവ നടക്കും.

ആഗോളതലത്തില്‍ സലഫി, ജമാഅത്തെ ഇസ്‌ലാമി എന്നിവയില്‍ നിന്ന് ആശയവും ആദര്‍ശവും ഉള്‍ക്കൊണ്ട് രൂപവത്കരിച്ച സംഘടനകളുടെ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ദശകങ്ങളായി മുസ്‌ലിംകളെ മറ്റുള്ളവര്‍ക്കിടയില്‍ സംശയത്തിലാക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം പൊതുജന മധ്യത്തില്‍ മുസ്‌ലിംകള്‍ പ്രതിരോധത്തിലാകുകയാണ്. താത്കാലിക ലാഭത്തിനായി ഇവര്‍ ഇസ്‌ലാമിനെ ദുരുപയോഗം ചെയ്യുന്നു. ഇസ്‌ലാമിക പ്രമാണങ്ങളെ ഇത്തരക്കാര്‍ വളച്ചൊടിക്കുന്നത് മൂലം തീവ്രവാദം പോലുള്ള തെറ്റായ ആശയങ്ങളിലേക്ക് ചുരുക്കം ചില മുസ്‌ലിംകളെങ്കിലും ആകൃഷ്ടരാകുന്നു. ജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് പശ്ചിമേഷ്യയില്‍ പ്രത്യേകിച്ചും മുസ്‌ലിം ലോകത്ത് രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.
ഇത്തരം വിഭാഗങ്ങളുടെ കൂട്ടായ്മയില്‍ നിന്നാണ് മുസ്‌ലിം സ്ത്രീയുടെ വിവാഹപ്രായം സംബന്ധിച്ച അനാവശ്യ വിവാദങ്ങള്‍ക്ക് സംസ്ഥാനത്ത് തുടക്കമിട്ടത്. രഹസ്യ അജന്‍ഡകളുടെയും മറ്റും ഭാഗമായി പൊതു പ്രശ്‌നങ്ങളില്‍ പുരോഗമനമെന്ന് തോന്നിപ്പിക്കുന്ന നിലപാടുകള്‍ എടുക്കുന്ന ഇവര്‍ മുസ്‌ലിം വിഷയത്തില്‍ വിശ്വാസികളെ പ്രതിരോധത്തിലാക്കുകയാണ്. ഇവരുടെ ആശയ പാപ്പരത്വമാണ് ഇത് തുറന്നു കാണിക്കുന്നത്.
സാമൂഹികമായി മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കാനോ പദ്ധതികള്‍ രൂപവത്കരിക്കാനോ സമയം കണ്ടെത്താത്ത ഇവര്‍ പൊതുപ്രശ്‌നങ്ങളില്‍ മാത്രം ഇടപെടാന്‍ കാണിക്കുന്ന താത്പര്യം സംശയാസ്പദമാണ്. സംഘടനാ, ആശയ പ്രവര്‍ത്തനങ്ങളെ വിപുലപ്പെടുത്താനുള്ള മാര്‍ഗമായി മാത്രമാണ് ഇവര്‍ പൊതുപ്രശ്‌നങ്ങളെ കാണുന്നത്. സാഹചര്യവും സന്ദര്‍ഭവും അനുസരിച്ച് പൊതുപ്രശ്‌നങ്ങളെ മുസ്‌ലിം പ്രശ്‌നമാക്കി അവതരിപ്പിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ വൈകാരികത സൃഷ്ടിക്കാന്‍ ഇവര്‍ കാണിക്കുന്ന തിടുക്കം സമൂഹത്തില്‍ ചേരിതിരിവും സ്പര്‍ധയും വളര്‍ത്താനേ ഉപകരിക്കൂവെന്നും എസ് വൈ എസ് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണ് കേരളീയ സമൂഹത്തിന്റെ രൂപവത്കരണത്തില്‍ ക്രിയാത്മക പങ്ക് വഹിച്ച പാരമ്പര്യ ഇസ്‌ലാമിന്റെ നിലപാടുകളും ജീവിത രീതികളും എന്തെന്ന് ബോധവത്കരിക്കുന്നതിനായി എസ് വൈ എസ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബദുല്‍ ഹമീദ്, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്, എന്‍ അലി അബ്ദുല്ല (എസ് വൈ എസ് സംസ്ഥാന കമ്മിറ്റി), റഹ്മത്തുല്ല സഖാഫി എളമരം (എസ് വൈ എസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി), നാസര്‍ ചെറുവാടി, സലീം അണ്ടോണ (എസ് വൈ എസ് ജില്ലാ സെക്രട്ടറിമാര്‍) പങ്കെടുത്തു.

Latest