Connect with us

Palakkad

നിയമ സഹായം ലഭിക്കാതെ നിരവധി ആദിവാസികള്‍ ജയിലുകളില്‍ കഴിയുന്നു

Published

|

Last Updated

പാലക്കാട്: ജാമ്യമെടുക്കാന്‍ ആളില്ലാതെയും നിയമസഹായം ലഭിക്കാതെയും സംസ്ഥാനത്തെ ജയിലുകളില്‍ 600 ലധികം ആദിവാസികള്‍. വര്‍ഷങ്ങളായി വിചാരണാ തടവ് അനുഭവിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

അട്ടപ്പാടിയിലെ 70 ആദിവാസികള്‍ തമിഴ്‌നാട്ടിലെ വിവിധ ജയിലുകളിലും ഇതേ രീതിയില്‍ വിചാരണാ തടവുകരായി കഴിയുന്നുണ്ട്. സംസ്ഥാനത്തെ ജയിലുകളില്‍ വിചാരണാ തടവുകാരായ കഴിയുന്ന ആദിവാസികള്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനം നേരിടുന്നുവെന്നാണ് അഡ്വക്കേറ്റ്‌സ് ഹ്യൂമന്‍ റൈറ്റസ് കൗണ്‍സിലും ഡി വൈ എഫ് ഐയും സംയുക്തമായി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കാവുന്ന പെറ്റി കേസുകളില്‍ പ്രതികളായവരും റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ജാമ്യമെടുക്കാന്‍ ആരും എത്താത്തവരുമാണ് കൂടുതലും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സബ് ജയിലുകളിലാണ് ആദിവാസികളില്‍ ഏറിയ പങ്കും കഴിയുന്നത്. മൂന്ന് വര്‍ഷം വരെ വിചാരണാ തടവ് അനുഭവിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ നിന്ന് മാത്രം 150 ആദിവാസികളാണ് വിചാരണാ തടവുകാരായി കഴിയുന്നത്. ആറ് മാസം മുതല്‍ ഒന്നര വര്‍ഷം വരെ ഇവര്‍ തടവ് അനുഭവിച്ച് കഴിഞ്ഞു. ഇവരില്‍ 15 പേര്‍ സ്ത്രീകളാണ്.
സംസ്ഥാന അതിര്‍ത്തി കടന്ന് ജോലിയെടുക്കുന്ന ആദിവാസികളില്‍ 70 പേര്‍ സേലം, ഈറോഡ്, കോയമ്പത്തൂര്‍ സബ് ജയിലുകളിലാണ്. ആദിവാസികള്‍ പുറം ജോലികള്‍ക്കായി പോയ സ്ഥലങ്ങളില്‍ വെച്ചുണ്ടായ ചെറിയ കുറ്റങ്ങളില്‍പ്പെട്ട് തിരുവനന്തപുരം ജില്ലയിലെ ജയിലുകളിലും പലരും വര്‍ഷങ്ങളായി വിചാരണാ തടവുകാരായി കഴിയുന്നുണ്ട്.
സംസ്ഥാനത്തെ വിവിധ ആദിവാസി ഭൂസമരങ്ങളില്‍ പങ്കെടുത്തവരും ഇത്തരത്തില്‍ വിചാരണ നടക്കാതെ വയനാട്ടിലെ ജയിലുകളില്‍ കഴിയുന്നുണ്ട്.
ചന്ദനക്കടത്ത്, ആനക്കൊമ്പ് വേട്ട, നായാട്ട്, കഞ്ചാവ് കൃഷി, വ്യാജ ചാരായ നിര്‍മാണം, മദ്യപിച്ചുള്ള ഗാര്‍ഹിക പീഡനം, മോഷണം തുടങ്ങിയ കേസുകളില്‍ അറസ്റ്റിലായി ജാമ്യമെടുക്കാന്‍ ആളില്ലാത്തവരുമുണ്ട്.
വിവിധ കേസുകളില്‍ ജയിലില്‍ കഴിയുന്ന അറുനൂറിലേറെ ആദിവാസികള്‍ക്ക് നിയമ സഹായം ലഭ്യമാക്കാനാണ് ഹ്യൂമന്‍ റൈറ്റസ് കൗണ്‍സിലിന്റെയും ഡി വൈ എഫ് ഐയുടെയും തീരുമാനം.

 

---- facebook comment plugin here -----

Latest