Connect with us

Malappuram

പേരിനുമില്ല തൊഴിലധിഷ്ഠിത സ്ഥാപനങ്ങള്‍

Published

|

Last Updated

 വണ്ടൂരിന്റെ തൊട്ടടുത്തുള്ള നിയോജക മണ്ഡലങ്ങളാണ് ഏറനാട്, നിലമ്പൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയവ. ഇവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി താരതമ്യം നടത്തിയാല്‍ വ്യക്തമാകും വണ്ടൂര്‍ നിയോജക മണ്ഡലം തൊഴിലധിഷ്ഠിത-സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ എത്ര പിറകിലാണെന്ന്.
തൊട്ടടുത്തുള്ള നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഐ ടി ഐ ഉണ്ട്. ഏറനാട് അരീക്കോട്ടും ഐ ടി ഐ പ്രവ്രര്‍ത്തിക്കുന്നുണ്ട്. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലാണ് പോളിടെക്‌നിക്ക് കോളജ് ഉള്ളത്. വണ്ടൂരില്‍ ഇത്തരത്തില്‍ പറയാന്‍ ഒരു ഐ ടി ഐയോ പോളിടെക്‌നിക് കോളജോ ഇല്ലെന്നു മാത്രമല്ല അതിനുള്ള പ്രഖ്യാപനംപോലും നടന്നിട്ടില്ല. എന്നാല്‍ സാങ്കേതിക വിദ്യാഭ്യാസത്തിന് സഹായിക്കുന്ന ഒരു കമ്മ്യൂണിറ്റി കോളജ് വണ്ടൂര്‍ ആസ്ഥാനമായി സ്ഥാപിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ മന്ത്രി കെ എം മാണി പ്രഖ്യാപിച്ചിരുന്നു.
നെട്ടൂര്‍ സാങ്കേതിക പരിശീലന ഫൗണ്ടേഷന്റെ (എന്‍ ടി ടി എഫ്)കീഴിലാണ് ഈ സ്ഥാപനം നടത്തുകയെന്നാണ് മണ്ഡലത്തിലെ എം എല്‍ എയും വിനോദ സഞ്ചാര വകുപ്പു മന്ത്രിയുമായ എപി മന്ത്രി അനില്‍കുമാര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഫയലുകളൊക്കെ ഇപ്പോള്‍ ചുവപ്പുനാടയില്‍ മയങ്ങുകയാണ്. അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രശസ്തി നേടിയ സ്ഥാപനങ്ങളാണ് നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍. അന്താരാഷ്്ട്ര കമ്പനികളിലേക്ക് ആവശ്യമായ തൊഴിലാളികളെ പരിശീലനം നല്‍കി യുവാക്കള്‍ക്ക് തൊഴില്‍ തേടുകയെന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ഇതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള കോഴ്‌സുകളും പരിശീലനങ്ങളുമാണ് സ്ഥാപനത്തില്‍ നടത്തുകയെന്നൊക്കെയുള്ള പ്രതീക്ഷകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്.
പിജി ഡിപ്ലോമ ഇന്‍ ഈവന്റ് മാനേജ്‌മെന്റ്, പി ജി ഡിപ്ലോമ ഇന്‍ ടൂറിസം ആന്റ് പബ്ലിക് റിലേഷന്‍സ് മാനേജ്‌മെന്റ്, ടൂറിസം ആന്റ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയവ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കോഴ്‌സുകളില്‍ ചിലതാണ്.
തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലെ കോളജുകളിലാണ് ഈ കോഴ്‌സുകള്‍ പഠിപ്പിക്കപ്പെടുന്നത്. എന്നാല്‍ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട കോളജുകളിലൊന്നുപോലും വകുപ്പു മന്ത്രിയുടെ മണ്ഡലത്തിലില്ല. പ്ലസ് ടു പഠനത്തിന് ശേഷം നിരവധിപേര്‍ തിരഞ്ഞെടുക്കുന്ന പ്രധാന പ്രഫഷണല്‍ കോഴ്‌സ് ആണ് ടി ടി സി.
പ്രൈമറി സ്‌കൂളിലെ അധ്യാപകരാകുന്നതിന് ടി ടി സിയാണ് അടിസ്ഥാന യോഗ്യത. ടി ടി സി കോഴ്‌സ് നടത്തുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനം മഷിയിട്ടുനോക്കിയാല്‍പോലും നിയോജക മണ്ഡലത്തില്‍ കാണില്ല. സ്വാശ്രയ മേഖലയിലും എയിഡഡ് മേഖലയിലും സ്വകാര്യമേഖലയില്‍പോലും ഇത്തരം സ്ഥാപനങ്ങള്‍ വണ്ടൂര്‍ നിയോജക മണ്ഡലത്തിലില്ല. ഹൈസ്‌കൂള്‍ അധ്യാപകരാകുന്നതിനുള്ള ബി എഡ് കോഴ്‌സിന്റെയും സ്ഥിതി വ്യത്യസ്തമല്ല.
നിയോജക മണ്ഡലത്തില്‍ അധ്യാപക പരിശീലന കോഴ്‌സ് നടത്തുന്ന സ്ഥാപനം ഇല്ലാത്തതിനാല്‍ മഞ്ചേരി, പാലേമാട്, മലപ്പുറം എന്നിവിടങ്ങളിലെ സ്വാശ്രയ സ്ഥാപനങ്ങളില്‍പോയി പണം കൊടുത്താണ് ഇവിടത്തെ ബിരുദധാരികള്‍ പഠിക്കുന്നത്. ദീര്‍ഘമായി യാത്ര ചെയ്യേണ്ടിവരുന്നതിനാല്‍ പലര്‍ക്കും ഹോസ്റ്റലിനെ ആശ്ര യിക്കേണ്ടിയും വരുന്നു.

നാളെ: സ്‌പോര്‍ട്‌സ് സ്‌കൂളിന് പിന്നാലെ കേന്ദ്രീയ വിദ്യാലയവും നഷ്ടമായി

---- facebook comment plugin here -----

Latest