Connect with us

Editorial

അമേരിക്കയുടെ ഭരണ പ്രതിസന്ധി

Published

|

Last Updated

അമേരിക്ക ഭരണ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. സര്‍ക്കാര്‍ ചെലവുകള്‍ക്കുള്ള പണം കണ്ടെത്താനാകാതെ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി. പൊതുകടം മറികടക്കാനുള്ള നടപടികളെച്ചൊല്ലി കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായതാണ് പ്രതിസന്ധിക്ക് കാരണം. ഒക്ടോബര്‍ ഒന്നിനാണ് അമേരിക്കയില്‍ സാമ്പത്തിക വര്‍ഷം തുടങ്ങുന്നത്. സെപ്തംബര്‍ 30 വരെയുള്ള രാജ്യത്തിന്റെ പൊതുകടം 16.7 ട്രില്യന്‍ ഡോളര്‍ വരും. ഈ തുകയിലധികം കടമെടുക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചാലേ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാവൂ. എന്നാല്‍ റിപ്പബ്ലിക്കന്‍ കക്ഷികള്‍ക്ക് മുന്‍തൂക്കമുള്ള പ്രതിനിധി സഭ തുക അനുവദിക്കാന്‍ തയാറല്ല.

ഒബാമ ഭരണകൂടം ആവിഷ്‌കരിച്ച ഹെല്‍ത്ത് കെയര്‍ പദ്ധതിയെ ചൊല്ലി ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ കക്ഷികള്‍ തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതകളാണ് പ്രശ്‌നത്തിന്റെ മര്‍മം. 3000 കോടി ഡോളര്‍ (1.9 ലക്ഷം കോടി രൂപ) ചെലവില്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് നടപ്പാക്കാന്‍ ലക്ഷ്യമിട്ട ഒബാമ കെയര്‍ പദ്ധതി 2010ല്‍ സെനറ്റ് പാസാക്കിയതും യു എസ് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതുമാണ്. എന്നാല്‍ പദ്ധതിയെ എതിര്‍ക്കുന്ന റിപ്പബ്ലിക്കന്‍ കക്ഷി, അത് റദ്ദാക്കുകയോ നിയമം നടപ്പാക്കുന്നത് ഒരു വര്‍ഷം വൈകിപ്പിക്കുകയോ ചെയ്യണമെന്നാവശ്യപ്പെടുന്നു. എങ്കിലേ ബജറ്റ് പാസാക്കാന്‍ സഹകരിക്കുകയുള്ളുവെന്നതാണ് അവരുടെ നിലപാട്.
സാമ്പത്തിക അടിയന്തരാവസ്ഥയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെ ചെലവുകള്‍ വെട്ടിക്കുറച്ച് പൊതുകടം നികത്താനുള്ള നടപടികള്‍ക്ക് അമേരിക്കയില്‍ തുടക്കമായിട്ടുണ്ട്. എട്ട് ലക്ഷത്തോളം ജീവനക്കാര്‍ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു കഴിഞ്ഞു. പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ് സേവനങ്ങളും അവതാളത്തിലാണ്. വിസ, പാസ്‌പോര്‍ട്ട് അപേക്ഷകള്‍ പാസാക്കുന്നതും നിര്‍ത്തി വെച്ചിട്ടുണ്ട്. എന്നാല്‍ പ്രതിരോധ സൈനിക, ചെലവുകള്‍ കുറക്കില്ലെന്ന് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്. യു എസ് കോണ്‍ഗ്രസ് നിലപാടിനെ വീറ്റോ ചെയ്യാന്‍ പ്രസിഡന്റിന് അധികാരമുണ്ടെങ്കിലും അവശ്യ സര്‍വീസ് ഒഴികെയുള്ള മറ്റു സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്താലകുന്നതോടെ രാജ്യം അക്ഷരാര്‍ഥത്തില്‍ അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങും.
പൊതുവെ മോശമായ കാലാവസ്ഥയാണ് പ്രസിഡന്റ്ഒബാമക്കിപ്പോള്‍. സിറിയയില്‍ സൈനിക ഇടപടല്‍ ശ്രമം പരാജയപ്പെട്ടു. സാമ്പത്തിക മാന്ദ്യം തുടരുകയാണ്. മാന്ദ്യത്തില്‍ നിന്ന് കരകയറിയതായി ഒബാമ അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിതിവിവരക്കണക്കുകള്‍ അത് പൊള്ളയാണെന്നാണ് കാണിക്കുന്നത്. ബേങ്കുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ , സംസ്ഥാന പ്രാദേശിക സര്‍ക്കാരുകള്‍, നിക്ഷേപകര്‍, വിദേശരാജ്യങ്ങള്‍ തുടങ്ങിയവരില്‍ നിന്നെല്ലാം ഭീമമായ കടമെടുത്താണ് രാജ്യം പിടിച്ചുനില്‍ക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി നടപ്പാക്കുന്ന ചെലവ് ചുരുക്കല്‍, കുട്ടികളുടെ വിദ്യാഭ്യാസം, പ്രതിരോധം, വികസന പദ്ധതികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വേതനം തുടങ്ങിയവയെയെല്ലാം ബാധിച്ചിട്ടുണ്ട്. ബാങ്കുകള്‍ക്കേറ്റ നഷ്ടം രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കനത്ത ക്ഷീണമേല്‍പിക്കുകയുണ്ടായി. ഗത്യന്തരമില്ലാതെ യു എസ് ബേങ്കുകള്‍ വിദേശ നിക്ഷേപകരുടെ സഹായം തേടിയതിനെ തുടര്‍ന്ന് ചൈനയും, ചില ഗള്‍ഫ് രാജ്യങ്ങളും ബേങ്കുകളില്‍ ഉടമസ്ഥാവകാശം നേടിയെങ്കിലും നിക്ഷേപം ഉദ്ദേശിച്ചത്ര കണ്ടെത്താനായില്ല. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് ജോര്‍ജ് ബുഷ് ആരംഭിച്ച യുദ്ധം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കയുമാണ്. യുദ്ധത്തിനും ഭീകരതയെ തടയുന്നതിനും വന്‍ തുകയാണ് അമേരിക്ക ഒഴുക്കുന്നത്.
പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ (എസ് ആന്‍ഡ് പി) അടുത്തിടെ അമേരിക്കയുടെ വായ്പാക്ഷമത താഴ്ത്തിയിരുന്നു. രജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ചു തീര്‍ത്തും നിരാശാജനകമായ ചിത്രമാണ് എസ് ആന്‍ഡ് പി മുന്നോട്ടു വെക്കുന്നത്. ചെലവുചുരുക്കലിലും മറ്റും വീഴ്ചവരുത്തിയാല്‍ രണ്ട് വര്‍ഷത്തിനകം അമേരിക്കയുടെ റേറ്റിംഗ് വീണ്ടും താഴ്‌ത്തേണ്ടിവരുമെന്നും എസ് ആന്‍ഡ് പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
താത്കാലികമാണ് സാമ്പത്തിക അടിയന്തരാവസ്ഥയെന്നും ഏറെ വൈകാതെ അഭിപ്രായസമന്വയത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ഒബാമ. എന്നാല്‍ ഭീമമായ സൈനിക ചെലവിനും ധൂര്‍ത്തിനും കടിഞ്ഞാണിട്ടില്ലെങ്കില്‍ രാജ്യത്തിന്റെ ഭാവി അത്ര ശോഭനമായിരിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Latest