യുവരാജ് വീണ്ടും ടീമില്‍

Posted on: October 1, 2013 9:04 am | Last updated: October 1, 2013 at 9:04 am

ന്യൂഡല്‍ഹി: ഒരിടവേളക്ക് ശേഷം, കൂടുതല്‍ കരുത്താര്‍ജിച്ച് പഞ്ചാബ് ആള്‍ റൗണ്ടര്‍ യുവരാജ് സിംഗ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തി. ആസ്‌ത്രേലിയക്കെതിരെ ഈ മാസം പത്തിന് ആരംഭിക്കുന്ന ഏകദിന പരമ്പരക്ക് യുവരാജ് സിംഗിനെ ഉള്‍പ്പെടുത്തി ടീം പ്രഖ്യാപിച്ചു. അതേ സമയം, സീനിയര്‍ താരങ്ങളായ വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവര്‍ക്ക് തിരിച്ചുവരവ് സാധ്യമായില്ല. ഒരു ട്വന്റി20യും ഏഴ് ഏകദിന മത്സരങ്ങളും അടങ്ങുന്നതാണ് ആസ്‌ത്രേലിയയുടെ ഇന്ത്യന്‍ പര്യടനം. ഇതില്‍ ടി20ക്കും ആദ്യ മൂന്ന് ഏകദിനത്തിനുമുള്ള ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ മത്സരം രാജ്‌കോട്ടില്‍. 13ന് പൂനെ, 16ന് ജയ്പുര്‍, 19ന് മൊഹാലി എന്നിങ്ങനെയാണ് മറ്റ് മത്സവേദികള്‍.
വെസ്റ്റിന്‍ഡീസ് എ ടീമിനെതിരെ തുടരെ മൂന്ന് തകര്‍പ്പന്‍ ഇന്നിംഗ്‌സുകള്‍ കാഴ്ചവെച്ചാണ് യുവരാജ് സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചത്. അതേ സമയം, സെവാഗിനും ഗംഭീറിനും ഇത്തരമൊരു ശ്രദ്ധയാകര്‍ഷിക്കല്‍ പ്രകടനം സാധ്യമായില്ല. ജനുവരി 27ന് ധര്‍മശാലയില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യക്കായി യുവരാജ് അവസാനമായി കളിച്ചത്. തുടര്‍ന്ന് മോശം ഫോമിലേക്ക് താഴ്ന്ന യുവിക്ക് കായികക്ഷമതയും നഷ്ടമായി. എന്നാല്‍, എട്ട് മാസത്തെ ഇടവേളക്ക് ശേഷം വെസ്റ്റിന്‍ഡീസ് എ ടീമിനെതിരെ യുവരാജ് പ്രതാപകാല ഫോമിലേക്ക് തിരിച്ചെത്തി. ആദ്യ മത്സരത്തില്‍ 123 റണ്‍സടിച്ച യുവിയുടെ അടുത്ത ഇന്നിംഗ്‌സുകള്‍ 40,61 എന്നിങ്ങനെ. ടി20യില്‍ 52 റണ്‍സെടുത്തു. ചാലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ റെഡിനെതിരെ 84 റണ്‍സും ഡല്‍ഹിക്കെതിരെ ഫൈനലില്‍ 29 റണ്‍സും നേടി.
ടീം : എം എസ് ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, വിനയ് കുമാര്‍, അമിത് മിശ്ര, അംബാട്ടി റായുഡു, ഷമി അഹമ്മദ്, ജയദേവ് ഉനാദ്കാത്.