പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന് ഒന്നാം സ്ഥാനം

Posted on: October 1, 2013 1:48 am | Last updated: October 1, 2013 at 1:48 am

പാലക്കാട്: തദ്ദേശ സ്വയം‘ഭരണ പദ്ധതി വിഹിതത്തിന്റെ 89 ശതമാനം ചെലവഴിച്ച് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയേയും ഉദ്യോഗസ്ഥരേയും സി പി മുഹമ്മദ് എം എല്‍ എ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ യോഗത്തില്‍ അനുമോദിച്ചു.
2012-13 സാമ്പത്തികവര്‍ഷം ലഭിച്ച 3,65,44,843 രൂപയില്‍ പട്ടാമ്പി 3,24,54,491 രൂപ ചെലവഴിച്ചു. ജില്ലാപഞ്ചായത്ത് ദാരിദ്ര ലഘൂകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടമൈതാനത്ത് സെപ്റ്റംബര്‍ രണ്ടാം വാരം സംഘടിപ്പിച്ച വിപണനമേളയില്‍ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഇ ഹനീഫ ബ്ലോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരം കൈമാറിയിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വസന്ത അദ്ധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി ഒ കൃഷ്ണന്‍ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോള്‍, വൈസ് പ്രസിഡന്റ് ടി വി ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈമ ഉണ്ണികൃഷ്ണന്‍, ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ പി വിനയകുമാര്‍, വികസനകാര്യ സ്റ്റാന്റിംഗ് ക്മ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി കെ സ്മിത, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി ധന്യ, പി വാസുദേവന്‍, കെ കൃഷ്ണകുമാരി, ജി ഇ ഒ ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.