ഉബൈദ് ചങ്ങലീരി അവാര്‍ഡ് സി പി സൈതലവിക്ക്

Posted on: October 1, 2013 1:45 am | Last updated: October 1, 2013 at 1:45 am

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ശിഹാബ്തങ്ങള്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കി വരുന്ന ഈ വര്‍ഷത്തെ ഉബൈദ് ചങ്ങലീരി സ്മാരക അവാര്‍ഡിന് പ്രമുഖ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും പ്രഭാഷകനുമായ സി പി സൈതലവി അര്‍ഹനായി.
യൗവന കാലത്തുതന്നെ പൊലിഞ്ഞുപോയ പാലക്കാട് ജില്ലയിലെ യുവ സാമൂഹ്യപ്രവര്‍ത്തകനും മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റും കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഉബൈദ് ചങ്ങലീരിയുടെ സ്മരണക്കായാണ് അവാര്‍ഡ് നല്‍കുന്നത്.അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നല്‍കുന്ന 10001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ് .
സാംസ്‌കാരിക നായകനും സാഹിത്യകാരനുമായ കെ പി എസ് പയ്യനെടം അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അവാര്‍ഡ് ദാനം ഈ മാസം 19ന് നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ നിര്‍വഹിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ മണ്ണറോട്ടില്‍ മമ്മദ് ഹാജി, പി.മുഹമ്മദാലി അന്‍സാരി, ജൂറി അധ്യക്ഷന്‍ കെ പി എസ് പയ്യനെടം എന്നിവര്‍ അറിയിച്ചു.