മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവം: ഒരാള്‍ കസ്റ്റഡിയില്‍

Posted on: October 1, 2013 1:37 am | Last updated: October 1, 2013 at 1:37 am

താമരശ്ശേരി: പുതുപ്പാടി സ്വദേശിയായ മാനസിക വൈകല്യമുള്ള യുവതിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. മലപ്പുറം മാളൂര്‍കുന്നിലെ മുഹമ്മദ് സ്വാലിഹ് (41) നെയാണ് താമരശ്ശേരി സി ഐ. പി ബിജുരാജ് കസ്റ്റഡിയിലെടുത്തത്.
മലപ്പുറത്ത് യുവതി പീഡനത്തിനിരയായ ലോഡ്ജിലും ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലും ഇന്നലെ പോലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 13 ന് പുലര്‍ച്ചെ മൂന്നരയോടെയാണ് മാനസിക വൈകല്യമുള്ള യുവതിയെ കാറിലെത്തിയ രണ്ട് പേര്‍ പുതുപ്പാടിയിലെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചത്. മലപ്പുറത്തേക്ക് പോകാനായി വെസ്റ്റ് കൈതപ്പൊയിലില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ താമരശ്ശേരിയില്‍ എത്തിക്കാമെന്നും പറഞ്ഞാണ് കാറില്‍ കയറ്റിയത്. ഈങ്ങാപ്പുഴ ഭാഗത്തെത്തിയ ശേഷം തിരിച്ച് പുതുപ്പാടിയിലെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പുലര്‍ച്ചെ എകരൂലില്‍ ഇറക്കിവിട്ട യുവതി പിന്നീട് കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലെത്തി. കൊയിലാണ്ടിയില്‍ നിന്ന് ഷൊര്‍ണൂരിലേക്ക് ട്രെയിന്‍ കയറി. പാണക്കാട്ടെത്തിയ യുവതിയെ കോഴിക്കോട്ടേക്കുള്ള ബസില്‍ കയറ്റിവിടാമെന്നും പറഞ്ഞാണ് രണ്ട് പേര്‍ ഓട്ടോയില്‍ കയറ്റിയത്.
മലപ്പുറം കോട്ടക്കുന്ന് മൈതാനത്ത് എത്തിച്ച് രാത്രി വരെ കാത്തിരിക്കുകയും എട്ട് മണിയോടെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. 15ന് രാത്രി മലപ്പുറത്ത് മൂന്ന് പേര്‍ ലോഡ്ജിന്റെ ടെറസില്‍ വെച്ച് പീഡിപ്പിച്ചതായും യുവതി പോലീസില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ പോലീസും ജനപ്രതിനിധികളും യുവതിയുമായി മലപ്പുറത്തെത്തിയത്.
പുതുപ്പാടി പഞ്ചായത്ത് ബസാറിലെ ഹോട്ടല്‍ നടത്തിപ്പുകാരനായ മനോജ്, ജീവനക്കാരനായ നിസാര്‍ എന്നിവരാണ് യുവതിയെ കാറില്‍കയറ്റികൊണ്ടുപോയി പീഡിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്.
കേസന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും താമരശ്ശേരി സി ഐ പറഞ്ഞു.