Connect with us

International

വിശുദ്ധ മക്ക തീര്‍ത്ഥാടകത്തിരക്കില്‍

Published

|

Last Updated

മക്ക: മസ്ജിദുല്‍ ഹറാം, മത്വാഫ് വിപുലീകരണ പ്രവൃത്തി തകൃതിയായി നടക്കവേ, ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി തീര്‍ഥാടക ലക്ഷങ്ങളുടെ അണമുറിയാത്ത ഒഴുക്ക് തുടരുന്നു. മക്കാ നഗരത്തിന്റെ മുഴുവന്‍ വീഥികളിലും അല്ലാഹുവിന്റെ അതിഥികളുടെ നിറസാന്നിധ്യമാണ് അനുഭവപ്പെടുന്നത്.

ഉംറയുടെ ഭാഗമായി വിശുദ്ധ കഅബാലയം പ്രദക്ഷിണം ചെയ്യുന്നതിന് പ്രഭാതം മുതല്‍ത്തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിര്‍മാണ പ്രവൃത്തികള്‍ അഞ്ച് ദിവസത്തിനകം നിര്‍ത്തി വെക്കും. മത്വാഫ് വികസനത്തിന്റെ ഒന്നാം ഘട്ടം രണ്ടാം നില വരെ പണി പൂര്‍ത്തിയായി. സഫാ മര്‍വയോട് ചേര്‍ന്നുള്ള ഭാഗവും വടക്ക് ഭാഗവുമാണ് പണി തീര്‍ന്നത്. വടക്കുപടിഞ്ഞാറ് ഭാഗമാണ് രണ്ടാം ഘട്ടത്തില്‍ വിപുലീകരിക്കുക. ഒന്നാം ഘട്ടം പണി പൂര്‍ത്തിയായ ഭാഗങ്ങളില്‍ ഭൂരിഭാഗവും ഈ വര്‍ഷം തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുക്കും. നിര്‍മാണ ഘട്ടത്തില്‍ ത്വവാഫ് ചെയ്യുന്നതിന് വേണ്ടി പണി ത താത്കാലിക മത്വാഫ് അവശരായ തീര്‍ഥാടകര്‍ക്ക് വീല്‍ ചെയര്‍ ഉപയോഗിക്കാനായി തുറന്നുകൊടുത്തിരിക്കുന്നു. അനുമതിപത്രമുള്ള സ്വദേശികള്‍ക്കാണ് താത്കാലിക മത്വാഫ് ഉപയോഗിക്കാന്‍ ഇപ്പോള്‍ അനുമതിയുള്ളത്. എന്നാല്‍, വിദേശ തീര്‍ഥാടകര്‍ക്ക് അനുമതിപത്രം ലഭിക്കാന്‍ കാലതാമസമുള്ളതിനാല്‍ പ്രായം ചെന്ന തീര്‍ഥാടകര്‍ക്ക് ത്വവാഫിനായി ഈ സൗകര്യം ഉപയോഗിക്കാനാകുന്നില്ല. ബന്ധുക്കള്‍ കൂടെയില്ലാത്ത തീര്‍ഥാടകരെ സഹായിക്കാന്‍ മലയാളി സന്നദ്ധ സംഘങ്ങള്‍ തയാറാണെങ്കില്‍ ക്കൂടി, അനുമതിപത്രം ലഭിക്കാത്തതിനാല്‍ അവശരായ ഇന്ത്യന്‍ ഹാജിമാര്‍ക്ക് ത്വവാഫ് നിര്‍വഹിക്കാന്‍ വീല്‍ ചെയര്‍ ഉപയോഗിക്കാനാകാത്ത അവസ്ഥയാണുള്ളത്. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഇക്കാര്യത്തില്‍ അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതായി അറിയുന്നു.

വിവിധ മലയാളി സന്നദ്ധ സംഘങ്ങള്‍ ഹാജിമാര്‍ക്ക് സേവനം ചെയ്യുന്നതിനായി ഈ വര്‍ഷവും സജീവമായി രംഗത്തുണ്ട്. വൃദ്ധരായ തീര്‍ ഥാടകരെ ഉംറ നിര്‍വഹിക്കാന്‍ സഹായിക്കുന്നതിലും അവര്‍ക്ക് ജ്യൂസ്, കഞ്ഞി തുടങ്ങിയവ വിതരണം ചെയ്യുന്നതിലും മത്സരബുദ്ധിയോടെയാണവര്‍ പ്രവര്‍ത്തിക്കുന്നത്. ഹജ്ജ് വെല്‍ഫെയര്‍ ഫോറം, രിസാല സ്റ്റഡി സര്‍ക്കിള്‍, കെ എം സി സി, ഫ്രറ്റേണിറ്റി ഫോറം തുടങ്ങിയ സംഘങ്ങളാണ് രംഗത്തുള്ളത്. ഇന്നലെ വരെ ജിദ്ദ, മദീന എയര്‍പോര്‍ട്ടുകള്‍ വഴിയും ജിദ്ദ ഇസ്‌ലാമിക് തുറമുഖം വഴിയുമായി എട്ട് ലക്ഷത്തില്‍പ്പരം തീര്‍ഥാടകര്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി ഇവിടെ എത്തി. തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ലാ രാജാവിന്റെ അതിഥികളായി 1400 പേര്‍ വിവിധ നാടുകളില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് കര്‍മത്തിനായി എത്തുന്നുണ്ട്.

ഹറം വിപുലീകരണം നടക്കുന്നതിനാല്‍ തീര്‍ഥാടകര്‍ക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഈ വര്‍ഷം വിദേശ തീര്‍ഥാടകരില്‍ നിന്ന് 20 ശതമാനവും ആഭ്യന്തര തീര്‍ഥാടകരില്‍ നിന്ന് 50 ശതമാനവും ക്വാട്ട കുറച്ചിട്ടുണ്ട്. അതിനാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അല്‍പ്പം തിരക്ക് കുറയാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

 

Latest