കാലിക്കറ്റ് സര്‍വകലാശാലയില്‍ ‘വന്യമൃഗങ്ങള്‍ക്ക്’ വിലക്കില്ല

Posted on: October 1, 2013 12:04 am | Last updated: October 1, 2013 at 12:04 am

University Park-7തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പാര്‍ക്ക് 8.38 ലക്ഷം രൂപ ചെലവില്‍ മോടിപിടിപ്പിച്ച് കൂടുതല്‍ ഭംഗിയാക്കി. ആമ, മാന്‍, പക്ഷികള്‍, തവള, മുയല്‍, മണ്‍പുറ്റ് തുടങ്ങിയവയുടെ ജീവസ്സുറ്റ രൂപങ്ങള്‍ പാര്‍ക്കിനെ ഏറെ ആകര്‍ഷകമാക്കുന്നു.

പാര്‍ക്കിലെ ജീവസ്സുറ്റ മൃഗശില്‍പ്പങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര മൃഗശാലാ അതോറിറ്റി അധികൃതര്‍ അവ യഥാര്‍ഥ മൃഗങ്ങളാണെന്ന് തെറ്റിദ്ധരിച്ച്, വന്യമൃഗങ്ങളെ ക്യാമ്പസില്‍ വളര്‍ത്താന്‍ പാടില്ലെന്നും അവയെ തൊട്ടടുത്ത മൃഗശാലയിലേക്ക് മാറ്റണമെന്നും കത്തെഴുതിയിരുന്നു. ശില്‍പ്പനിര്‍മാണത്തിന്റെ മനോഹാരിതക്കുള്ള ഏറ്റവും വലിയ അംഗീകാരമായി വിവിധ മാധ്യമങ്ങള്‍ ഇക്കാര്യം കൗതുകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍വകലാശാലാ പാര്‍ക്കിലെ ജീവനക്കാരായ ഗാര്‍ഡനര്‍മാരാണ് ഈ ശില്‍പ്പങ്ങള്‍ നിര്‍മിച്ചത്.
ചെടികള്‍ വെട്ടിനിര്‍മിച്ച രൂപങ്ങളും ഏറെ ആകര്‍ഷകമാണ്. പാര്‍ക്കിന് പുതിയ മതിലും ഗേറ്റും പണിതിട്ടുണ്ട്. ഗ്രാനൈറ്റ് പാകി നടപ്പാതയും പുതുക്കി. അലങ്കാര വിളക്കുകളും മറ്റും സ്ഥാപിച്ച് പാര്‍ക്ക് കൂടുതല്‍ മികവുറ്റതാക്കാനും പദ്ധതിയുണ്ട്. പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് വൈകുന്നേരം നാല് മുതല്‍ ഏഴ് വരെ സൗജന്യ പ്രവേശം അനുവദിക്കും.
നവീകരിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം മന്ത്രി എ പി അനില്‍കുമാര്‍ ഈ മാസം നാലിന് നിര്‍വഹിക്കും. വൈകുന്നേരം നാലിന് പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാം, പ്രോ-വൈസ് ചാന്‍സലര്‍ പ്രൊഫ. കെ രവീന്ദ്രനാഥ് തുടങ്ങിയവര്‍ സംബന്ധിക്കും.