ബേങ്ക് കെട്ടിടത്തിനു ചുറ്റും ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സെന്‍ട്രല്‍ ബേങ്ക്

Posted on: September 30, 2013 8:34 pm | Last updated: September 30, 2013 at 8:34 pm

അബുദാബി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ബേങ്കുകളുടെ ഓഫീസുകളിലും അവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു ചുറ്റും സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് എമിറേറ്റ്‌സ് സെന്‍ട്രല്‍ ബേങ്ക് ആവശ്യപ്പെട്ടു.

ഉന്നത ഗുണനിലവാരമുള്ള ക്യാമറകളാണ് സ്ഥാപിക്കേണ്ടതെന്ന് സെന്‍ട്രല്‍ ബേങ്കിന്റെ അറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്. ക്യാമറകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ അവയെ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ബേങ്കുകള്‍ക്കും അവയുടെ ഉപഭോക്താക്കള്‍ക്കും ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇത്തരം ക്യാമറകള്‍ക്ക് വലിയ പങ്കുണ്ടെന്നും സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും ഇത്തരം ക്യാമറകള്‍ സഹായകമാവുമെന്ന് സെന്‍ട്രല്‍ ബേങ്ക് രാജ്യത്തെ ബേങ്കുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. ബേങ്കുകളില്‍ നിന്ന് പണമെടുത്ത് തിരിച്ചുപോകുന്ന പലരും മോഷണത്തിനും പിടിച്ചുപറിക്കും ഇരയായ സംഭവങ്ങള്‍ ഈയിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഇത്തരം സാഹചര്യങ്ങളില്‍ പെടാതിരിക്കാന്‍ പോലീസ് നിരന്തരം പൊതുജനങ്ങളെ ബോധവത്കരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശവുമായി സെന്‍ട്രല്‍ ബേങ്ക് രംഗത്തുവന്നിരിക്കുന്നത്.